ADVERTISEMENT

1937ലാണ് ചെറുവിമാനത്തില്‍ ഭൂമിയെ വലംവെക്കാനിറങ്ങിയ അമേലിയ ഇയര്‍ഹാര്‍ട്ട് നടുക്കടലില്‍ വെച്ച് അപ്രത്യക്ഷമാകുന്നത്. അമേലിയയുടെ തിരോധാനം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ അന്ന് മുതലേ പ്രചരിച്ചിരുന്നുവെങ്കിലും ഒന്നും തെളിയിക്കപ്പെട്ടില്ല. ഇപ്പോഴിതാ 1991ല്‍ പസിഫിക് സമുദ്രത്തിലെ ഒരു ചെറുദ്വീപില്‍ നിന്നും ലഭിച്ച ലോഹക്കഷണം അമേലിയയുടെ ലോക്ഹീഡ് മോഡല്‍ 10 ഇ ഇലക്ട്ര വിമാനത്തിന്റേതാണെന്നാണ് പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ സൂചന നല്‍കുന്നത്. 

 

നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാവാത്ത ലോഹപാളിയിലെ എഴുത്തുകളും മറ്റും ശക്തിയേറിയ രശ്മികള്‍ കടത്തിവിട്ടാണ് ഗവേഷകസംഘം തെളിവ് ശേഖരിച്ചത്. ദി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഫോര്‍ ഹിസ്‌റ്റോറിക് എയര്‍ക്രാഫ്റ്റ് റിക്കവറി (TIGHAR) തലവനായ റിച്ചാര്‍ഡ് ഗില്ലെസ്‌പെയുടെ നേതൃത്വത്തിലായിരുന്നു പഠനം. 1988 മുതല്‍ അമേലിയ ഇയര്‍ഹാര്‍ട്ടിന്റെ ദുരൂഹ തിരോധാനത്തെക്കുറിച്ച് പഠനം നടത്തുന്നുണ്ട് റിച്ചാര്‍ഡ് ഗില്ലെസ്‌പെ.

 

ഭൂമി ചുറ്റി വരുന്ന ആദ്യ വൈമാനികയാവുകയെന്ന ലക്ഷ്യത്തില്‍ 1937 ജൂണ്‍ ഒന്നിനാണ് അമേലിയ ഇയര്‍ഹാര്‍ട്ട് യാത്ര ആരംഭിച്ചത്. അമേലിയക്കൊപ്പം നാവിഗേറ്ററായ ഫ്രഡ് നൂനനും ഉണ്ടായിരുന്നു. കാലിഫോര്‍ണിയയിലെ ഓക്‌ലൻഡില്‍ നിന്നായിരുന്നു യാത്ര തുടങ്ങിയത്. ദക്ഷിണ അമേരിക്കയും ആഫ്രിക്കയും കടന്ന് ഇന്ത്യയും ദക്ഷിണേഷ്യയും ചുറ്റിവരാനായിരുന്നു പദ്ധതി. പാപ്പുവ ന്യൂഗിനിയയില്‍ നിന്നും ജൂലൈ രണ്ടിന് യാത്ര തിരിച്ച അവരുടെ അടുത്ത ലക്ഷ്യം ഹൗലാൻഡ് ദ്വീപായിരുന്നു. എന്നാല്‍ ഈ യാത്രക്കിടെ ഇവരുടെ ചെറുവിമാനവുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടു. പിന്നീടൊരിക്കലും അമേലിയ ഇയര്‍ഹാര്‍ട്ടിനേയും വിമാനത്തേയും കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

 

തികച്ചും ദുരൂഹമായ ഈ തിരോധാനത്തെ കുറിച്ച് നിരവധി സാധ്യതകളും കഥകളായി വൈകാതെ പ്രചരിച്ചു. ഇന്ധനം തീരുകയും കാഴ്ച മങ്ങുകയും ചെയ്തതോടെ അമേലിയയുടെ വിമാനം പസിഫിക്കില്‍ തകര്‍ന്നുവീഴുകയായിരുന്നു എന്നതാണ് പ്രചരിച്ച ഒരു സാധ്യത. വിമാനം തകര്‍ന്ന് പസിഫിക്കിലെ നികുമാരാരോ ദ്വീപില്‍ ഇവര്‍ എത്തിപ്പെട്ടു. രാത്രി ഇരതേടാന്‍ ഇറങ്ങിയ കൂറ്റന്‍ കോക്കനട്ട് ഞണ്ടുകള്‍ ഇരയാക്കിയെന്നും പ്രചരിച്ചു. മൂന്ന് അടി വരെ വലുപ്പത്തില്‍ വളരുന്ന കോക്കനട്ട് ഞണ്ടുകള്‍ക്ക് തേങ്ങ പൊതിച്ച് കാമ്പെടുക്കാനുള്ള ശേഷിയുള്ളതിനാലാണ് ആ പേര് ലഭിച്ചതു തന്നെ.

 

രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടടുത്ത കാലമായിരുന്നതിനാല്‍ ജപ്പാന്‍ സൈന്യം മാര്‍ഷല്‍ ദ്വീപുകള്‍ക്ക് സമീപം വിമാനം തകര്‍ന്നു വീണ ഇയര്‍ഹാര്‍ട്ടിനേയും നൂനനേയും തടവുകാരാക്കി എന്നതായിരുന്നു വ്യാപകമായി പ്രചരിച്ച മറ്റൊരു കഥ. ഇരുവരേയും സെയ്പാനിലെ ക്യാംപിലേക്ക് ജപ്പാന്‍ സൈന്യം എത്തിച്ചതായും നൂനന്റെ തലയറുത്തതായും ഇയര്‍ഹാര്‍ട്ട് മലേറിയയോ അതിസാരമോ വന്ന് 1939ല്‍ മരിച്ചുവെന്നുമാണ് ഈ സാധ്യതയില്‍ പറയുന്നത്.

 

ദുരൂഹ തിരോധാനത്തിന് പിന്നിലെ സാധ്യതകള്‍ പലതുണ്ടെങ്കിലും ഒന്നുപോലും തെളിയിക്കാന്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും സാധിച്ചിട്ടില്ല. ഇതിനിടെയാണ് നികുമരാരോ ദ്വീപില്‍ നിന്നും ലഭിച്ച ലോഹപാളിയും അമേലിയ ഇയര്‍ഹാര്‍ട്ടിന്റെ തിരോധാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സാധ്യത തെളിയിരുന്നത്. ഇയര്‍ഹാര്‍ട്ടിന്റെ മുന്‍നിശ്ചിത വ്യോമപാതയില്‍ നിന്നും 300 മൈല്‍ അകലെയാണ് നികുമരാരോ ദ്വീപിന്റെ സ്ഥാനമുള്ളത്. ന്യൂട്രോണ്‍ റേഡിയോഗ്രാഫി, ന്യൂട്രോണ്‍ ഏവിയേഷന്‍ എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ലോഹപാളിയിലെ മാഞ്ഞുപോയ കാഴ്ചകളുടെ തെളിവുകള്‍ ഗവേഷകസംഘം ശേഖരിച്ചത്. ബ്രിസലേ ആണവ റിയാക്ടറില്‍ നിന്നുള്ള ന്യൂട്രോണ്‍ ബീമുകള്‍ ഉപയോഗിച്ചാണ് ന്യൂട്രോണ്‍ റേഡിയോഗ്രാഫി നടത്തിയത്. 

 

ഈ ലോഹപാളിയുടെ വശങ്ങളില്‍ മഴുകൊണ്ട് വെട്ടിയത് പോലുള്ള അടയാളങ്ങള്‍ കണ്ടെത്താന്‍ ഈ പരീക്ഷണങ്ങള്‍ക്കായി. 1930കളിലാണ് ഈ മഴു അടയാളങ്ങളുണ്ടായതെന്ന് തെളിഞ്ഞതും ഇത് അമേലിയ ഇയര്‍ഹര്‍ട്ടിന്റെ വിമാനത്തിന്റെ ഭാഗമാണെന്ന ഊഹങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് അമേലിയയുടെ വിമാനഭാഗമാണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനൊരുങ്ങുകയാണ് ഗവേഷണസംഘം. ഈ ലോഹക്കഷണം അമേലിയയുടെ വിമാനഭാഗമാണെന്ന് തെളിഞ്ഞാല്‍ പോലും നടുക്കടലില്‍ വെച്ച് ആ വിമാനത്തിനും വൈമാനികര്‍ക്കും എന്ത് സംഭവിച്ചുവെന്നത് മാത്രം ഇപ്പോഴും ദുരൂഹതയായി നിലനില്‍ക്കുന്നു.

 

English Summry: Amelia Earhart's disappearance may finally be solved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com