ചൊവ്വയിൽ ഓക്സിജൻ ഉത്പാദനം സാധ്യമോ? ഉത്തരമേകാൻ മോക്സി
Mail This Article
ബഹിരാകാശത്ത് ഒരു ചുവന്ന ബാസ്ക്കറ്റ്ബോൾ പോലെ കറങ്ങി നടക്കുന്ന ഗ്രഹമാണ് ചൊവ്വ. ഭൂമിയുടെ തൊട്ടയൽപക്കം. കാര്യം നമ്മുടെ ഗ്രഹത്തിന്റെ പകുതിയിൽ അൽപം കൂടിയേ വലുപ്പമുള്ളുവെങ്കിലും പലസാഹചര്യങ്ങളിലും ഭൂമിയോട് സാമ്യവുമുണ്ട് ഈ ചുവപ്പന്. ഭൂമിയിലെ ജീവിതം മടുത്തിട്ടോ എന്തോ, ചൊവ്വയിൽ പോയി താമസിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഒട്ടേറെയുണ്ട് നമ്മുടെ ഇടയിൽ. ശതകോടീശ്വരൻ ഇലോൺ മസ്കൊക്കെ ഇതിൽ ഉൾപ്പെടും. ഭാവിയിൽ ചൊവ്വയിൽ ഒരു കോളനി തന്നെ സ്ഥാപിക്കണമെന്നതാണ് മസ്കിന്റെ ലക്ഷ്യം.
ഏതു ഗ്രഹത്തിൽ താമസിക്കണമെങ്കിലും ജീവവായുവായ ഓക്സിജനില്ലാതെ മനുഷ്യർക്ക് പറ്റില്ല. ചൊവ്വയിലും ഇതു വേണം. എങ്ങനെ കിട്ടും. ഭൂമിയിൽ നിന്നു സിലിണ്ടറിലാക്കി കൊണ്ടുപോകുകയെന്നതൊക്കെ ചെലവേറിയ സങ്കീർണമായ ലക്ഷ്യമാണ്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 0.13 ശതമാനം മാത്രമാണ് ഓക്സിജൻ സാന്നിധ്യം.
പിന്നെയൊരു സാധ്യത ചൊവ്വയിൽ നിന്നു തന്നെ ഓക്സിജൻ ഉത്പാദിപ്പിക്കുക എന്നതാണ്. അന്തരീക്ഷ വായുവിൽ ഓക്സിജൻ കുറവാണെങ്കിലും കാർബൺ ഡയോക്സൈഡ് 96 ശതമാനത്തോളമാണ്. ഈ കാർബൺ ഡയോക്സൈഡിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കാൻ കഴിയുമോ? ഇതന്വേഷിക്കുകയാണ് മോക്സിയുടെ ദൗത്യം. മോക്സിയെന്നാൽ മാഴ്സ് ഓക്സിജൻ ഇൻ സിറ്റു റിസോഴ്സ് യൂട്ടലൈസേഷൻ എക്സ്പിരിമെന്റ്.
കഴിഞ്ഞ മാസം ചൊവ്വയിലേക്ക് നാസ വിക്ഷേപിച്ച പെഴ്സിവീയറൻസ് റോവറിന്റെ അനേകം ശാസ്ത്ര അന്വേഷണങ്ങളിൽ ഒന്നാണ് മോക്സി എന്ന ഉപകരണം ഉപയോഗിച്ച് നടപ്പാക്കുന്നത്. റോവറിന്റെ ഹൃദയഭാഗത്തായി ഒരു സ്വർണനിറമുള്ള പെട്ടി രൂപത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.17.1 കിലോയാണു ഭാരം.
ചൊവ്വയിലിറങ്ങിയ ശേഷമുള്ള മധുവിധുക്കാലം കഴിഞ്ഞ് പെഴ്സിവീയറൻസ് അതിന്റെ ജോലികളിലേക്ക് കടക്കാനൊരുങ്ങിയിരിക്കുകയാണ്. ആഴ്ചകൾക്കുള്ളിൽ റോവർ മോക്സിയെ പ്രവർത്തിപ്പിച്ചു തുടങ്ങും. അപ്പോൾ കിട്ടുന്ന ഉത്തരത്തിനു പൊന്നും വിലയാണുള്ളത്.
ഭൂമിയിൽ ഒരു വൃക്ഷം ചെയ്യുന്നതെന്താണോ അതാണു ചൊവ്വയിൽ മോക്സി ചെയ്യാൻ പോകുന്നത്. കാർബൺ ഡയോക്സൈഡിനെ ഉള്ളിലേക്ക് എടുത്ത ശേഷം ഓക്സിജനെ പുറന്തള്ളുക. പെഴ്സിവീയറൻസ് റോവറിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ചൂടുണ്ടാക്കി കാർബൺ ഡയോക്സൈഡിനെ കാർബൺ മോണോക്സൈഡും ഓക്സിജനുമായി മാറ്റിയാണ് മോക്സിയുടെ പ്രവർത്തനം.
മണിക്കൂറിൽ 10 ഗ്രാം ഓക്സിജൻ മോക്സി ഉത്പാദിപ്പിക്കും. എന്നാൽ ഒട്ടേറെ പ്രതിസന്ധികളും ഈ ദൗത്യത്തിൽ മോക്സിക്കു തരണം ചെയ്യേണ്ടി വരും. അതിലൊന്ന് ചൊവ്വയിലെ പൊടുന്നനെ മാറുന്ന കാലാവസ്ഥയാണ്. ചിലപ്പോൾ വളരെയേറെ ചൂടുകൂടിയ നിലയിലാകാം അന്തരീക്ഷം, അപ്പോൾ സാന്ദ്രത കുറയും. ഇനി ഇതിന്റെ നേർവിപരീതമായ കൊടും തണുപ്പുള്ള സമയം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ആലിപ്പഴം പോലെ പൊഴിഞ്ഞു വീഴുകയും ചെയ്യും.ഡ്രൈ ഐസ് എന്ന രൂപത്തിൽ.
ഭാവിയിൽ ഇവിടെ എത്തുന്നവർക്കു ശ്വസിക്കാനുള്ള ഉപാധി എന്ന നിലയിൽ മാത്രമല്ല ഓക്സിജന് ഉപയോഗമുണ്ടാകുകയെന്നു ഗവേഷകർ പറയുന്നു.
ഒന്നോ രണ്ടോ പതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ ചൊവ്വയിലേക്കുള്ള മനുഷ്യയാത്രാ ദൗത്യങ്ങൾ നാസ തുടങ്ങും. അവിടെയെത്തുന്നവർക്ക് ചൊവ്വയിൽ നിന്നു തിരിച്ചു ഭൂമിയിലേക്കുള്ള യാത്രയിൽ ഈ ഓക്സിജൻ ബഹിരാകാശ ഇന്ധന ജ്വലനത്തിനും ഉപയോഗിക്കാം. ചൊവ്വയിൽ നിന്നു ഭൂമിയിലേക്കു വരുന്ന ഒരു ബഹിരാകാശ വാഹനത്തിന് 50 ടൺ വരെ ഓക്സിജൻ വേണ്ടിവരും. ഇത് അവിടെ നിന്ന് ഉത്പാദിപ്പിക്കാൻ ശ്രമിച്ചാൽ അതു വളരെ നിർണായകമായ ഒരു കാര്യമാണ്. ചെലവു കുറയ്ക്കാനും ഇതു വഴി വയ്ക്കും.
നിലവിലുള്ള മോക്സി ഒരു പരീക്ഷണ ഉപകരണം മാത്രമാണ്. ഇത് വിജയിച്ചാൽ ഭാവിയിൽ ഇപ്പോഴത്തെ മോക്സിയുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വമ്പൻ ഉപകരണങ്ങൾ എത്തും. ഇവ ടൺ കണക്കിന് ഓക്സിജൻ ഉത്പാദിപ്പിക്കുകയും ചെയ്യും.
English Summary: This golden box will soon make oxygen on Mars. That's great news for human explorers