കുഴിച്ചെടുത്തത് കണ്ണഞ്ചിപ്പിക്കുന്ന നിധികൾ, കിരീടം രാജ്ഞിയുടേതോ?
Mail This Article
യൂറോപ്പിലെ വെങ്കലയുഗ സംസ്‌ക്കാരങ്ങളെക്കുറിച്ചുള്ള ധാരണകൾ പാടെ തിരുത്തുന്നതാണ് സ്‌പെയിനിലെ എല്‍ അര്‍ഗാറില്‍ നിന്നും കണ്ടെത്തിയ ഒരു വനിതയുടെ ശവകുടീരം. പുരുഷനൊപ്പം അടക്കം ചെയ്ത നിലയിലായിരുന്നു ശവകുടീരം കണ്ടെത്തിയത്. അക്കാലത്ത് പുരുഷനേക്കാള്‍ സ്ത്രീകള്‍ക്കായിരുന്നു അധികാരമെന്നതിന്റെ തെളിവുകള്‍ കൂടിയാണ് ഗവേഷകര്‍ക്ക് ഇവിടെ നിന്നും ലഭിച്ചിരിക്കുന്നത്.
സ്‌പെയിനിലെ ബാഴ്‌സലോണ സര്‍വകലാശാലയിലെ പുരാവസ്തുഗവേഷകനായ വിസെന്റെ ലുള്ളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിനു പിന്നില്‍. ആദ്യകാല വെങ്കലയുഗ അവശേഷിപ്പുകളിലൊന്നായ എല്‍ അര്‍ഗാറില്‍ വലിയൊരു കളിമണ്‍ നിലവറക്കുള്ളില്‍ അടക്കം ചെയ്ത നിലയിലാണ് ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 38–ാം കല്ലറ എന്ന് പേരിട്ടിരിക്കുന്ന ഈ കല്ലറ 2014ലാണ് കണ്ടെത്തിയത്. കല്ലറയില്‍ നിന്നും കണ്ടെടുത്ത വസ്തുക്കളുടെ കൂടി അടിസ്ഥാനത്തിലാണ് യൂറോപ്പില്‍ വെങ്കലയുഗത്തില്‍ സ്ത്രീകള്‍ക്ക് കരുതിയതിലും കൂടുതല്‍ അധികാരങ്ങളുണ്ടായിരുന്നുവെന്ന വിലയിരുത്തലില്‍ എത്തുന്നത്.
35നും 40നും ഇടക്ക് പ്രായം കണക്കാക്കുന്ന പുരുഷന്റേയും 25നും 30നും ഇടക്ക് പ്രായം കണക്കാക്കുന്ന സ്ത്രീയുടേയും ഭൗതികാവശിഷ്ടങ്ങളാണ് ഈ കല്ലറയില്‍ നിന്നും കണ്ടെത്തിയത്. ഇവരുടെ ജനിതക പരിശോധനയില്‍ നിന്നും ഇരുവരും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. അതേസമയം, ഇരുവരുടേയും മരണം ഏതാണ്ട് ബിസി 1730നോട് അടുപ്പിച്ചാണ് സംഭവിച്ചിട്ടുള്ളതും. പുരുഷന്റെ തലക്ക് ജീവിച്ചിരുന്ന സമയത്ത് വലിയ പരിക്കേല്‍ക്കുകയും പിന്നീട് ഭേദമാവുകയും ചെയ്തിട്ടുണ്ട്. ശരീരത്തിന്റെ അങ്ങോളമിങ്ങോളമുള്ള എല്ലുകളുടേയും മറ്റും പൊട്ടലുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഇയാള്‍ കുതിരയോട്ടത്തില്‍ വിദഗ്ധനായിരുന്നുവെന്നും യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നും സൂചന നല്‍കുന്നുണ്ട്.
സ്ത്രീയുടെ മരണസമയത്ത് അവര്‍ക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായിരുന്നുവെന്നും കണ്ടെത്തി. ഇരുവരേയും സംസ്‌ക്കരിച്ച സ്ഥലത്തു നിന്നും പലതരത്തിലുള്ള 29 വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്. വെള്ളിയില്‍ നിര്‍മിച്ചിട്ടുള്ള ഇവയില്‍ ഭൂരിഭാഗവും സ്ത്രീയുടേതായിരുന്നു. മുത്തുമാലകളും, വളകളും വെള്ളിപ്പിടിയുള്ള ഉളിയും വെള്ളി പൂശിയ പാത്രങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. കയ്യിലിടുന്ന ചെമ്പുകൊണ്ടുള്ള വളയും കുത്തുവാളും കമ്മലുമെല്ലാം പുരുഷന്റേതാണെന്നും കരുതുന്നു.
സ്ത്രീയുടേതായി ലഭിച്ച വെള്ളികൊണ്ടുള്ള കിരീടമാണ് കൂട്ടത്തില്‍ ഗവേഷകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. നെറ്റി മുതല്‍ മൂക്ക് വരെ നീണ്ടു കിടക്കുന്ന ആകൃതിയായിരുന്നു ഇതിനുണ്ടായിരുന്നത്. ഇത് അധികാരം കൈകാര്യം ചെയ്തിരുന്നയാളാണ് ആ സ്ത്രീയെന്നതിന്റെ വ്യക്തമായ സൂചനയാണെന്നാണ് പുരാവസ്തുഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അര്‍ഗാറിക് കാലത്ത് അധികാരം കൈകാര്യം ചെയ്തിരുന്ന സ്ത്രീകളുടെ ശവകുടീരത്തില്‍ കിരീടങ്ങളും പുരുഷന്മാരുടേതില്‍ വാളുകളും കുത്തുവാളുകളും വെക്കുന്നത് സാധാരണമായിരുന്നു.
ഇരുവരുടേയും ശവകുടീരത്തില്‍ നിന്നും 230 ഗ്രാം വെള്ളിയാണ് ലഭിച്ചിട്ടുള്ളത്. അന്നത്തെ നിരക്കില്‍ ഇത് വലിയൊരു തുകയ്ക്കുള്ളതാണ്. ബാബിലോണില്‍ അക്കാലത്തെ തൊഴിലാളികളുടെ ദിവസക്കൂലി 0.23 ഗ്രാം മുതല്‍ 0.26 ഗ്രാം വരെയുള്ള വെള്ളിയായിരുന്നു. അതായത് ഈ ശവകുടീരത്തില്‍ നിന്ന് ലഭിച്ച വെള്ളിയുടെ മൂല്യം 938 ദിവസത്തെ ബാബിലോണിയന്‍ തൊഴിലാളികളുടെ കൂലിക്ക് സമമാണ്. സ്ത്രീയെ അപേക്ഷിച്ച് മൂല്യത്തിലും അളവിലും കുറവ് വസ്തുക്കളാണ് പുരുഷന്റെ ശവകുടീരത്തില്‍ വെച്ചിരിക്കുന്നത്. ഇതു തന്നെ സ്ത്രീകളുടെ ഉയര്‍ന്ന അധികാരത്തിന്റെ തെളിവായി ഗവേഷകര്‍ നിരത്തുന്നു.
English Summary: Dazzling Treasures Unearthed in Bronze Age Grave Likely Belonged to a Queen