ഗര്‍ഭിണികളിൽ കണ്ടെത്തിയത് 55 വിചിത്ര രാസവസ്തുക്കള്‍, ആശങ്കയോടെ ഗവേഷകർ
Mail This Article
കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് 109 രാസവസ്തുക്കള്‍. ഇതില്‍ 55 രാസവസ്തുക്കള്‍ ഇതുവരെ മനുഷ്യരില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. അതിനേക്കാള്‍ ഉപരിയായി ഗവേഷകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വിവരം ഇക്കൂട്ടത്തിലെ 42 രാസവസ്തുക്കള്‍ എന്താണെന്നോ? അവ എവിടെ നിന്നുവന്നുവെന്നോ തിരിച്ചറിയാനായില്ല എന്നതാണ്.
ശാസ്ത്രത്തിനു തിരിച്ചറിയാനാവാത്ത രാസവസ്തുക്കളുടെ എണ്ണം ഗര്‍ഭിണികളില്‍ വര്‍ധിക്കുന്നത് ഭാവി തലമുറയുടെ സുരക്ഷയ്ക്ക് വലിയ മുന്നറിയിപ്പാണെന്നാണ് കരുതപ്പെടുന്നത്. ഭക്ഷണത്തില്‍ നിന്നും ഉപഭോക്തൃ- വ്യാവസായിക ഉത്പന്നങ്ങളില്‍ നിന്നുമാണ് ഈ രാസവസ്തുക്കള്‍ പ്രധാനമായും മനുഷ്യശരീരത്തിലേക്ക് എത്തുന്നത്. ഗര്‍ഭിണികളുടെ ശരീരത്തില്‍ ഈ രാസവസ്തുക്കള്‍ കണ്ടെത്തുകയെന്നാല്‍ അത് ഗര്‍ഭസ്ഥ ശിശുക്കളിലേക്കും എത്താനുള്ള സാധ്യത ഏറെയാണ്.
ഇത്തരം രാസവസ്തുക്കള്‍ ഒരുപക്ഷേ മനുഷ്യശരീരത്തില്‍ ഏറെക്കാലമായി ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ഇത് വേര്‍തിരിച്ചറിയുന്നതിനുള്ള സാങ്കേതികവിദ്യ ഇപ്പോഴാണ് നമുക്ക് ലഭ്യമായതെന്ന് സ്ത്രീ രോഗ വിഭാഗം പ്രൊഫസറായ ട്രാന്‍സി ജെ വൂഡ്രോഫ് പറഞ്ഞു. ഗര്‍ഭിണികള്‍ വഴി കുഞ്ഞുങ്ങളിലേക്ക് ഈ രാസവസ്തുക്കള്‍ എത്തുന്നുവെന്നത് വലിയൊരു മുന്നറിയിപ്പാണ്. തലമുറകളായി ഇത്തരം രാസവസ്തുക്കള്‍ മനുഷ്യശരീരത്തില്‍ ഉണ്ടായിരുന്നിരിക്കാമെന്നതിന്റെ തെളിവാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
വ്യാവസായികമായി ഇത്തരം രാസവസ്തുക്കള്‍ നിര്‍മിക്കുന്നവര്‍ തങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളുടെ വിശദ വിവരങ്ങള്‍ പുറത്തുവിടേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ മാത്രമേ താരതമ്യ പഠനത്തിലൂടെ പുതിയ രാസവസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. പല രാസവസ്തു നിര്‍മാതാക്കളും ഇത്തരം വിവരങ്ങള്‍ പുറത്തുവിടാറില്ലെന്നതാണ് മറ്റൊരു ആശങ്ക.
ഗര്‍ഭിണികളുടെ ശരീരത്തില്‍ കണ്ടെത്തിയ 109 രാസവസ്തുക്കള്‍ പല വിധത്തിലുള്ളവയാണ്. ഇതില്‍ 40 എണ്ണം പ്ലാസ്റ്റിക് വസ്തുക്കളുമായി ബന്ധമുള്ളവയാണ്. 28 എണ്ണം സൗന്ദര്യവസ്തുക്കളില്‍ കാണപ്പെടുന്നവയും 25 എണ്ണം കണ്‍സ്യൂമര്‍ വസ്തുക്കളില്‍ ഉള്ളവയും 29 എണ്ണം മരുന്നുകളിലും 23 എണ്ണം കീടനാശിനികളിലും കാണപ്പെടുന്നവയാണ്. കണ്ടെത്തിയ എല്ലാ രാസവസ്തുക്കളും പലപ്പോഴായി മനുഷ്യര്‍ നിത്യ ജീവിതത്തില്‍ ഉപയോഗിച്ചതാവാനുമുള്ള സാധ്യത ഏറെയാണ്.
കണ്ടെത്തിയ 109 രാസവസ്തുക്കളില്‍ 55 എണ്ണത്തെക്കുറിച്ച് നേരത്തെ യാതൊരു വിവരങ്ങളും ലഭ്യമല്ലെന്നതാണ് ഗവേഷകരെ ആശങ്കയിലാക്കുന്നത്. രാസവസ്തു നിര്‍മാതാക്കള്‍ക്ക് തങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളുടെ വിവരങ്ങള്‍ കൈമാറണമെന്ന കര്‍ശന നിര്‍ദേശം നല്‍കുന്നതിലൂടെ മാത്രമേ ഈ അജ്ഞാത രാസവസ്തുക്കളെ തിരിച്ചറിയാനാവൂ എന്നാണ് ഇവര്‍ ആവര്‍ത്തിക്കുന്നത്. എന്വിയോണ്മെന്റല് സയന്‍സ് ആൻഡ് ടെക്നോളജിയില്‍ മാര്‍ച്ച് 16നാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: Scientists Detect 55 Chemicals Never Before Reported in People – 42 “Mystery Chemicals” Whose Sources Are Unknown