ADVERTISEMENT

കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ക്ക് ഇടയാക്കാതെ ഈജിപ്തിലെ 22 മമ്മികളുടെ പുതിയ മ്യൂസിയത്തിലേക്കുള്ള നീക്കം പൂര്‍ത്തിയായി. ഈജിപ്ഷ്യന്‍ ഫറവോകളുടെ മമ്മികള്‍ നീക്കുന്നത് ശാപത്തിന് വഴിവെക്കുമെന്ന പ്രചാരം ശക്തമായിരുന്നു. ഇതിനിടെ രാജ്യത്ത് വലിയ തീപിടുത്തമുണ്ടായതും കെട്ടിടം തകര്‍ന്നതും സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങിയതുമെല്ലാം ഫറവോയുടെ ശാപത്തെ തുടര്‍ന്നാണെന്നു കൂടി പ്രചരിച്ചതോടെയാണ് മമ്മികളുടെ നീക്കം വിവാദമായത്. 

 

ശനിയാഴ്ച്ച വൈകീട്ടാണ് അതീവ സുരക്ഷയില്‍ ആഘോഷപൂര്‍വം 22 മമ്മികള്‍ നിലവിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയുള്ള കെയ്‌റോയിലെ തന്നെ നാഷണല്‍ മ്യൂസിയം ഓഫ് ഈജിപ്ഷ്യന്‍ സിവിലൈസേഷനിലേക്ക് നീക്കിയത്. ഫറവോകളുടെ സ്വര്‍ണ ഘോഷയാത്ര എന്നാണ് ഈ മമ്മികളുടെ നീക്കം വിശേഷിപ്പിക്കപ്പെട്ടത്. ഈജിപ്തിലെ 18 രാജാക്കന്മാരുടേയും നാല് രാജ്ഞികളുടേയും മമ്മികളാണ് പൗരാണിക ഈജിപ്ഷ്യന്‍ ശൈലിയില്‍ അലങ്കരിച്ച വാഹനങ്ങളില്‍ പുതിയ കേന്ദ്രത്തിലേക്ക് നീക്കിയത്.

secrets-of-portrait-mummies-egypt

 

മമ്മികളുടെ സ്വര്‍ണഘോഷയാത്രയുടെ സമയത്ത് പോകുന്ന വഴിയില്‍ വാഹനങ്ങളും കാല്‍നട യാത്രയും നിരോധിച്ചിരുന്നു. ഈജിപ്ഷ്യന്‍ ദേശീയ ടെലിവിഷന്‍ ഈ യാത്ര തല്‍സമയം സംപ്രേക്ഷണം ചെയ്തു. നേരത്തെ പ്രതീക്ഷിച്ചതിലും നേരത്തെയാണ് മമ്മികളുടെ വാഹനവ്യൂഹം യാത്ര പൂര്‍ത്തിയാക്കിയത്. ക്രിസ്തുവിന് 1600 വര്‍ഷങ്ങള്‍ക്ക് മുൻപ് ഈജിപ്ത് ഭരിച്ചിരുന്ന സെക്കനേര്‍ താവോ രണ്ടാമന്റെ മമ്മിയായിരുന്നു ഏറ്റവും മുന്‍പില്‍. ഘോഷയാത്രയില്‍ ഏറ്റവും പിന്നിലായി ഉണ്ടായിരുന്നത് ബിസി 12ാം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന റംസെസ് ഒൻപതാമന്റേതായിരുന്നു. കാലപ്പഴക്കത്തിന് അനുസരിച്ചായിരുന്നു ഈ ക്രമീകരണം. 

king-Egypt-mummy
Photo: Ahmed Mahmoud/Sputnik/AFP

ഈജിപ്തിലെ ഏക്കാലത്തേയും മഹാനായ രാജാവായി വിശേഷിപ്പിക്കപ്പെടുന്ന റംസെസ് രണ്ടാമന്റേയും രാജ്ഞി അഹ്‌മോസ് നെഫര്‍റ്റെരിയുടേയും അടക്കമുള്ള മമ്മികള്‍ നീക്കുന്നതിനെതിരെ ആശങ്കകള്‍ ശക്തമായിരുന്നു. 'രാജാവിന്റെ സമാധാനം കെടുത്തുന്നവരെ മരണത്തിന്റെ ചിറകുകള്‍ അതിവേഗം വന്നുമൂടും' എന്ന ഫറവോ ലിഖിതം ഉദ്ധരിച്ചാണ് മമ്മികളുടെ നീക്കം ഈജിപ്തിന് കൂടുതല്‍ ദുരന്തങ്ങള്‍ സമ്മാനിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നത്. 

 

മമ്മികള്‍ കാലപ്പഴക്കം മൂലം വേഗത്തില്‍ ക്ഷയിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ മികച്ച പരിചരണം ഉറപ്പാക്കാനായിട്ടാണ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന ശവപ്പെട്ടികളില്‍ നിന്നും അമോണിയ പുറത്തേക്ക് വരാമെന്നും ഇത് കണ്ണിനും മൂക്കിനും എരിവും ന്യൂമോണിയയും വരുത്താറുണ്ടെന്നും ചിലപ്പോള്‍ മരണം വരെ സംഭവിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. ചില ശവകുടീരങ്ങള്‍ക്കുള്ളിലെ വവ്വാല്‍ കാഷ്ടങ്ങളിലെ ഫംഗസുകള്‍ പോലും ഇന്‍ഫ്‌ളുവന്‍സക്ക് സമാനമായ അസുഖങ്ങള്‍ക്കിടയാക്കാറുണ്ട്.

 

∙ പുതിയ സ്ഥലത്തേക്ക് മാറിയ 22 മമ്മികള്‍ ആരൊക്കെയാണെന്നറിയാം

 

1. സെക്കനേര്‍ താവോ II - ക്രിസ്തുവിന് 1600 വര്‍ഷം മുൻപ് ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ രാജാവ്. ഹൈക്‌സോസിനെതിരായ യുദ്ധം നയിച്ചത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. ധീരന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്.

2. അഹ്‌മോസ് നെഫ്രെട്ടരി രാജ്ഞി- ഈജിപ്ഷ്യന്‍ രാജവംശത്തിലെ ഏറ്റവും പ്രബലയായ രാജ്ഞികളില്‍ ഒരാള്‍. സഹോദരനായ അഹ്‌മോസ് ഒന്നാമനെയാണ് നെഫ്രെട്ടരി രാജ്ഞി വിവാഹം കഴിച്ചിരുന്നത്. ഈജിപ്തിലെ 18ാം രാജവംശത്തിലെ ആദ്യ രാജാവായിരുന്നു അദ്ദേഹം. 

3. അമെന്‍ഹോടെപ് I- 18ാം രാജവംശത്തിലെ രണ്ടാമത്തെ രാജാവ്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ രാജാവായി. ആദ്യകാലത്ത് രാജ്ഞിയായിരുന്ന നെഫ്രെട്ടരിയുടെ മേല്‍നോട്ടത്തിലായിരുന്നു ഭരണം നടന്നത്. 

4. അഹ്‌മോസ് മെരിറ്റാമുന്‍- നെഫ്രെട്ടരി രാജ്ഞിയുടെ പുത്രി. അമെന്‍ഹോടെപ് I രാജാവിന്റെ മൂത്ത സഹോദരിയും ഭാര്യയുമായിരുന്നു. 

5. തുത്തെമോസ് I- 18ാം രാജവംശത്തിലെ മൂന്നാം ഫറവോ. അമെന്‍ഹോടെപ് I രാജാവിന്റെ മരണശേഷമാണ് ഇദ്ദേഹം ഈജിപ്ത് ഭരിച്ചത്. 

6. തുത്തെമോസ് II- തുത്തെമോസ് ഒന്നാമന്റെ മകന്‍. അര്‍ധ സഹോദരി ഹാറ്റ്‌ഷെപ്‌സൂത്തിനെ വിവാഹം കഴിച്ചു. 

7. ഹാറ്റ്‌ഷെപ്‌സൂത്ത് രാജ്ഞി- ഈജിപ്ഷ്യന്‍ രാജവംശത്തില്‍ സ്ത്രീകള്‍ ഫറവോമാരാകുന്ന പതിവില്ലായിരുന്നു. ഇത് മാറ്റിക്കൊണ്ട് ഇവര്‍ സ്വയം ഫറവോയായി പ്രഖ്യാപിച്ചു. ഇവരുടെ ഭരണകാലത്താണ് പല വിദേശരാജ്യങ്ങളുമായുള്ള ബന്ധം ദൃഢമായത്. 

8. തുത്തെമോസ് III- ഈജിപ്ഷ്യന്‍ രാജവംശത്തിലെ ഏറ്റവും വലിയ യോദ്ധാവെന്ന് അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന മെഗിഡോയിലെ യുദ്ധം സൈനിക തന്ത്രജ്ഞതയുടെ ഉദാഹരണമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 

9. അമെന്‍ഹോട്ടെപ് II- തുത്തെമോസ് മൂന്നാമന്റെ പുത്രന്‍. മികച്ച അഭ്യാസിയായി കരുതപ്പെടുന്നു. തേര് തെളിക്കുന്നതിലും അമ്പും വില്ലും പ്രയോഗിക്കുന്നതിലും പ്രഗല്‍ഭന്‍. ഇദ്ദേഹത്തിന്റെ കാലത്ത് ഈജിപ്തില്‍ വലിയ തോതില്‍ സമ്പത്ത് കുന്നുകൂടി.

10. തുത്തെമോസ് നാലാമന്‍- അമെന്‍ഹോട്ടെപ് രണ്ടാമന്റെ മകന്‍

11. അമെന്‍ഹോട്ടെപ് III- ഏതാണ്ട് 38 വര്‍ഷക്കാലത്തോളം ഈജിപ്ത് ഭരിച്ചു. ഇദ്ദേഹത്തിന്റെ കാലത്താണ് വലിയ സ്മാരകങ്ങളില്‍ പലതും പണികഴിപ്പിക്കപ്പെട്ടത്. കൊളോസി ഓഫ് മെംനോണ്‍ എന്ന രണ്ട് കൂറ്റന്‍ പ്രതിമകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കൂറ്റന്‍ കല്‍പ്രതിമകള്‍ രാജാവിനേയും രാജ്ഞിയേയുമാണ് പ്രതിനിധീകരിച്ചത്. 

12. തിയേ രാജ്ഞി- അമെന്‍ഹോട്ടെപ് മൂന്നാമന്റെ ഭാര്യ

13. സെത്തി I- റംസെസ് ഒന്നാമന്റെ മകന്‍. 21 വര്‍ഷം നീണ്ട ഭരണത്തിനിടെ നിരവധി സൈനിക നീക്കങ്ങള്‍ നടത്തി. സാമ്രാജ്യം വികസിപ്പിച്ചു. ഏറ്റവും മികച്ച രീതിയില്‍ പരിപാലിക്കപ്പെട്ട ശവകുടീരങ്ങളിലൊന്നായി അദ്ദേഹത്തിന്റെ ശവക്കല്ലറ കണക്കാക്കപ്പെടുന്നു. 

14. റംസെസ് II- വിഖ്യാതനായ പോരാളി എന്നറിയപ്പെട്ടിരുന്ന റംസെസ് രണ്ടാമന്‍ 67 വര്‍ഷക്കാലമാണ് ഈജിപ്ത് ഭരിച്ചത്. 

15. മെരെന്‍ഫാഹ്- റംസെസ് രണ്ടാമന്റെ മകന്‍. പതിനൊന്ന് വര്‍ഷക്കാലം ഭരിച്ചു. 

16. സെറ്റി രണ്ടാമന്‍ രാജാവ്- മെരെന്‍ഫാഹ് രാജാവിന്റെ മകന്‍

17. സിപ്റ്റാഹ് രാജാവ്- 19ാം രാജവംശത്തിലെ രാജാവ്. കുട്ടിയായിരിക്കുമ്പോള്‍ അധികാരത്തിലെത്തി. രണ്ടാനമ്മയായിരുന്ന തവോര്‍സെറ്റായിരുന്നു അപ്പോള്‍ രാജകാര്യങ്ങള്‍ നോക്കിയത്. സെറ്റി രണ്ടാമന്റെ രാജ്ഞിയായിരുന്നു അവര്‍. 

18. റംസെസ് III- 20–ാം രാജവംശത്തിലെ രാജാവ്. ഫറവോ രാജാക്കന്മാരിലെ അവസാന പോരാളികളില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്നു. ഭാര്യയും കൂട്ടരും ചേര്‍ന്ന് മകന്‍ പെന്റവാറിനെ രാജാവാക്കാന്‍ ചതിച്ചു കൊന്നുവെന്ന് കരുതപ്പെടുന്നു. കഴുത്തില്‍ പിന്നില്‍ നിന്നേറ്റ കുത്താണ് രാജാവിന്റെ മരണകാരണമെന്ന് സിടി സ്‌കാനില്‍ തെളിഞ്ഞിട്ടുണ്ട്. 

19. റംസെസ് IV- റംസെസ് മൂന്നാമന്റെ മകന്‍. ആകെ ഏഴ് വര്‍ഷം മാത്രം ഭരിച്ചു. 

20. റംസെസ് V- ആകെ നാല് വര്‍ഷം മാത്രം ഭരിച്ചു

21. റംസെസ് VI- റംസെസ് മൂന്നാമന്റെ മറ്റൊരു മകന്‍. എട്ട് വര്‍ഷം ഭരിച്ചു.

22. റംസെസ് IX- 20ാം രാജവംശത്തിലെ എട്ടാം രാജാവ്. 18 വര്‍ഷത്തോളം രാജ്യം ഭരിച്ചു.

 

English Summary: 22 Ancient Pharaohs Have Been Carried Across Cairo in an Epic 'Golden Parade'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com