ഒരൊറ്റ ചാര്‍ജില്‍ 28000 വര്‍ഷം പ്രവര്‍ത്തിക്കുന്ന ബാറ്ററി വരുന്നു, നിർമാണം തുടങ്ങി!
Mail This Article
ഒരൊറ്റ ചാര്‍ജില്‍ 28000 വര്‍ഷം പ്രവര്‍ത്തിക്കുന്ന റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററി നിര്‍മിക്കുകയാണ് കലിഫോര്‍ണിയ ആസ്ഥാനമായുള്ള നാനോ ഡയമണ്ട് ബാറ്ററി (എന്‍ഡിബി). ആണവ മാലിന്യവും വജ്രവും ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ ബാറ്ററി നീണ്ടകാലത്തെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായുള്ള സ്പേസ് ഷിപ്പുകള്‍ക്ക് അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. ബഹിരാകാശ ഏജന്‍സികള്‍ക്ക് വേണ്ട ഇത്തരം അദ്ഭുത ബാറ്ററികള്‍ രണ്ട് വര്‍ഷത്തിനകം നിര്‍മിച്ചു നല്‍കാമെന്നാണ് എന്‍ഡിബിയുടെ അവകാശവാദം.
ആണവ മാലിന്യങ്ങളില്‍ നിന്നുള്ള റേഡിയോ ആക്ടീവ് ഐസോടോപുകളും നാനോ വജ്ര പാളികളും ചേര്‍ന്നാണ് ഈ അദ്ഭുത ബാറ്ററിക്ക് വേണ്ട ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. അതിവേഗത്തില്‍ ഊഷ്മാവ് കടത്തിവിടുന്ന നാനോ വജ്ര കണികകള്‍ റേഡിയോ ആക്ടീവ് ഐസോടോപുകളില്‍ നിന്നുള്ള ചൂട് വേഗത്തില്‍ വലിച്ചെടുക്കുന്ന പ്രക്രിയ വഴിയാണ് വൈദ്യുതി നിര്‍മിക്കപ്പെടുന്നത്. ഡയമണ്ട് ന്യൂക്ലിയര്‍ വോള്‍ടയ്ക് എന്ന സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്‍. 2016ല്‍ തന്നെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്.
കുറഞ്ഞ അളവില്‍ ദീര്‍ഘകാലത്തേക്ക് വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങള്‍ക്കാണ് ഈ റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററികള്‍ അനുഗ്രഹമാവുക. തങ്ങളുടെ ബാറ്ററികളുടെ പ്രധാനമായും രണ്ട് ഗുണങ്ങളാണ് എന്‍ഡിബി സിഇഒ നിമ ഗോള്‍ഷരിഫി എടുത്തുപറയുന്നത്. ആണവ മാലിന്യങ്ങളാണ് ഊര്‍ജ്ജമാക്കി മാറ്റുന്നതെന്നതാണ് ഇതില്‍ പ്രധാനം. രണ്ടാമത്തേത് നിലവിലെ ബാറ്ററികളെ അപേക്ഷിച്ച് ദീര്‍ഘകാലം ഇതിനു പ്രവര്‍ത്തിക്കാനാവുമെന്നതും.
റേഡിയേഷന് പുറത്തുപോവുന്നില്ലെന്ന് ഉറപ്പുവരുത്താനായി അത്യന്തം ബലമുള്ള വസ്തുക്കളാണ് ഈ ബാറ്ററികളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീലിനേക്കാള്‍ 12 ഇരട്ടി കടുത്ത വസ്തുക്കളുപയോഗിച്ചാണ് ഈ ബാറ്ററികള്‍ നിര്‍മിക്കുക. പ്രപഞ്ചത്തെ കൂടുതല്‍ അറിയാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന് ഇന്ധനമാകും ഈ റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററികളെന്നും കരുതപ്പെടുന്നു. കൃത്രിമ ഉപഗ്രഹങ്ങള്‍ക്കും ബഹിരാകാശ പേടകങ്ങള്‍ക്കും ആവശ്യമായ ഇന്ധനം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നിരന്തരം നല്കാന് ഇവക്ക് സാധിക്കും.
ഡ്രോണുകള്‍, വൈദ്യുത വിമാനങ്ങള്‍, സ്മാര്‍ട് ഫോണുകള്‍, ലാപ്ടോപുകള് തുടങ്ങി വിവിധങ്ങളായ ഉപകരണങ്ങള്‍ക്ക് വേണ്ട ഊര്‍ജ കേന്ദ്രമായി ദീര്‍ഘകാലം പ്രവര്‍ത്തിക്കാനും ഇവയ്ക്ക് സാധിക്കും. ബാറ്ററികളുടെ ലോകത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് കരുതപ്പെടുന്ന ഇവയുടെ വില സംബന്ധിച്ച വിശദാംശങ്ങള്‍ നിര്‍മാതാക്കള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.
English Summary: Radioactive diamond battery powered by nuclear waste 'will run for 28,000 years'