അന്റാര്‍ട്ടിക്കയില്‍ വീണ് പൊട്ടിത്തെറിച്ചത് അസാധാരണമായ ഉല്‍ക്കയോ?
Mail This Article
ഏതാണ്ട് 4.30 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് അന്റാര്‍ട്ടിക്കയില്‍ ഒരു ഉല്‍ക്ക വീണ് പൊട്ടിത്തെറിച്ചിരുന്നു. അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളിക്കുള്ളില്‍ നിന്നും ഭാഗങ്ങള്‍ കണ്ടെടുത്തതോടെയാണ് ഈ ഉല്‍ക്കാപതനത്തിന്റെ തെളിവുകള്‍ ശാസ്ത്രലോകത്തിനു ലഭിച്ചത്. ഭൂമിയില്‍ ഗര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രം ശേഷിയുള്ളതായിരുന്നില്ലെങ്കിലും തികച്ചും അസാധാരണമായിരുന്നു ഈ ഉല്‍ക്കാ പതനമെന്നാണ് പ്രപഞ്ച ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
വളരെ അപൂര്‍വമായി മാത്രമേ ഭൂമിയിലെത്തുന്ന ഉല്‍ക്കകള്‍ അന്തരീക്ഷം കടന്ന് താഴേക്ക് വീഴാറുള്ളൂ. ഭൂരിഭാഗവും അന്തരീക്ഷത്തില്‍ വെച്ചുതന്നെ കത്തി തീരുകയാണ് പതിവ്. 1988നു ശേഷം ഇന്നുവരെ അന്തരീക്ഷവും കടന്ന് ഭൂമിയിലേക്കുവീണ 861 ഉല്‍ക്കകളെ നാസ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ തന്നെ 2013ലെ ചെല്യാബിന്‍സ്‌ക് ഉല്‍ക്കയും 2018ലെ കംചാത്ക ഉല്‍ക്കയും പോലുള്ളവ നൂറ്റാണ്ടിലെ തന്നെ അപൂര്‍വമായ ഉല്‍ക്കാപതനമായാണ് കരുതപ്പെടുന്നത്.
അതേസമയം, അന്റാര്‍ട്ടിക്കയില്‍ 4.30 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് വീണതുപോലുള്ള ഉല്‍ക്ക ഇപ്പോള്‍ ഭൂമിയിലെത്തിയാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചില്ലറയാകില്ല. പ്രത്യേകിച്ചും മനുഷ്യര്‍ തിങ്ങി പാര്‍ക്കുന്ന മഹാനഗരങ്ങളില്‍ ഏതിലെങ്കിലും ഈ ഉല്‍ക്ക വീണാല്‍. നൂറുകണക്കിന് കിലോമീറ്റര്‍ വിസ്തൃതിയില്‍ നാശനഷ്ടങ്ങളുണ്ടാക്കാന്‍ ഇത്തരം ഉല്‍ക്കാ പതനത്തിനു ശേഷിയുണ്ട്. ലക്ഷങ്ങളെ ഇത് ബാധിക്കുകയും ചെയ്യുമെന്നാണ് കെന്റ് സര്‍വകലാശാലയിലെ കോസ്‌മോകെമിസ്റ്റ് മത്തിയാസ് വാന്‍ ഗിന്നെക്കന്‍ പറയുന്നത്.
പ്രത്യേകിച്ച് ഗര്‍ത്തങ്ങളൊന്നും ഇത്തരം ഉല്‍ക്കാ പതനത്തില്‍ സൃഷ്ടിക്കപ്പെടാറില്ല. അതുകൊണ്ടുതന്നെ ശാസ്ത്രജ്ഞര്‍ക്ക് ഇത്തരം ഉല്‍ക്കയുടെ ഭാഗങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ വാള്‍നുംജെല്ലെറ്റ് മലയുടെ മുകളില്‍ നിന്നാണ് ഈ ഉല്‍ക്കയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ചെറുപൊടിരൂപത്തിലുള്ള ഇവയെ തിരിച്ചറിയുക തന്നെയാണ് ശാസ്ത്രലോകത്തിനു മുന്നിലെ വെല്ലുവിളി. കണ്ടെത്തിയ ലക്ഷക്കണക്കിന് വര്‍ഷം പഴക്കമുള്ള ഉല്‍ക്കയുടെ ഭാഗങ്ങളില്‍ ഏറ്റവും വലുതിന് അര മില്ലിമീറ്റര്‍ മാത്രമാണ് വലുപ്പമുള്ളത്. ഒറ്റനോട്ടത്തില്‍ സാധാരണ മണ്‍തരിയെന്ന് തോന്നിക്കുന്ന ഈ ഉല്‍ക്കാ ഭാഗത്തെ ഇലക്ട്രോണ്‍ മൈക്രോസ്‌കോപി പരിശോധനക്ക് വിധേയമാക്കിയാണ് വാന്‍ ഗിന്നെക്കനും സംഘവും തിരിച്ചറിഞ്ഞത്.
ഇരുമ്പ്, നിക്കല്‍, ഒലിവെയ്ന്‍ എന്നീ ധാതുക്കളാണ് ഈ ഉല്‍ക്കാ ഭാഗത്ത് കണ്ടെത്തിയത്. പല്ലസൈറ്റ് വിഭാഗത്തില്‍ പെട്ട ഉല്‍ക്കകളുടെ അതേ അളവിലായിരുന്നു ഇവയുടെ ധാതുഘടന. ഇതോടെയാണ് ഈ മണ്‍തരികള്‍ ഭൂമിയിലേതല്ലെന്ന നിഗമനത്തിലേക്ക് ശാസ്ത്രലോകം എത്തിച്ചേരുന്നത്. അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ ഭൂമിയുടെ ആകെ വലുപ്പത്തിന്റെ ഒൻപത് ശതമാനം മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ മണ്ണിലും പാറയിലും സമുദ്രത്തിലുമെല്ലാം ഇത്തരം ഉല്‍ക്കകള്‍ വീഴുകയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുക എന്നതിനെക്കുറിച്ച് പഠിക്കാനാണ് ഗവേഷകരുടെ തീരുമാനം. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് അന്റാര്‍ട്ടിക്കയിലെ ഉല്‍ക്കാ പതനത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: Particles of a Meteor Explosion From 430,000 Years Ago Found Hidden in Antarctic Ice