ADVERTISEMENT

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആണവ നിലയം നിർമിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഫ്രഞ്ച് ഊർജ ഗ്രൂപ്പായ ഇഡിഎഫാണ് ഇന്ത്യയിൽ പുതിയ ആണവ നിലയം നിര്‍മിക്കാൻ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. പ്രാദേശിക എതിർപ്പുകൾ കാരണം വർഷങ്ങളായി മുടങ്ങികിടക്കുന്ന പദ്ധതിയാണ് വീണ്ടും തുടങ്ങാൻ പോകുന്നത്. ജയ്പൂരിൽ ആറോളം മൂന്നാം തലമുറ ഇപിആർ റിയാക്ടറുകളാണ് നിർമിക്കുന്നത്. ഇതിനായി എൻജിനീയറിങ് പഠനങ്ങൾ നടത്താനും ഉപകരണങ്ങൾ നൽകുന്നതിനും ഇന്ത്യയും ഫ്രഞ്ച് കമ്പനിയും ധാരണയിലെത്തി എന്നാണ് റിപ്പോർട്ട്.

 

പദ്ധതി പൂർത്തിയായാൽ നിലയത്തിൽ നിന്ന് 10 ജിഗാവാട്ട് (GW) വൈദ്യുതി ലഭിക്കും. ഏകദേശം 7 കോടി വീടുകൾക്ക് ഇത് മതിയാകുമെന്നാണ് കരുതുന്നത്. നിർമാണം പൂർത്തിയാകാൻ 15 വർഷമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ പദ്ധതി പൂർത്തിയാകുന്നതിനു മുൻപ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞേക്കും.

 

കരാറിന്റെ അന്തിമരൂപം വരും മാസങ്ങളിൽ പ്രതീക്ഷിക്കാമെന്ന് ഇഡിഎഫ് പ്രസ്താവനയിൽ പറയുന്നു. ആണവ നിലയം നിർമിക്കുക മാത്രമല്ല, ഇതിനു വേണ്ട ന്യൂക്ലിയർ റിയാക്ടറുകളും ഇഡിഎഫ് നൽകും. ഇത് സംബന്ധിച്ചെല്ലാം ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ഇഡിഎഫ് പ്രത്യേകം ചർച്ചകൾ നടത്തുന്നുണ്ട്. ജിഇ സ്റ്റീം പവറുമായി സഹകരിച്ചാണ് ന്യൂക്ലിയർ റിയാക്ടറുകൾ നൽകുക. 

 

പ്ലാന്റിന്റെ നിർമാണ ഘട്ടത്തിൽ 25,000 ത്തോളം പേർക്ക് താൽകാലിക ജോലികളും 2,700 പേർക്ക് സ്ഥിരം തൊഴിലവസരങ്ങളും ഈ പദ്ധതി സൃഷ്ടിക്കുമെന്ന് ഇഡിഎഫ് കണക്കാക്കുന്നു. ഭൂകമ്പ സാധ്യതകളും പ്രാദേശിക മത്സ്യബന്ധനത്തെ ബാധിക്കുന്ന പ്രത്യാഘാതങ്ങളും പ്രധാന പ്രശ്നങ്ങളായി ഇപ്പോഴും ചൂണ്ടിക്കാണിക്കുന്നുണ്ട്. 20 വർഷങ്ങൾക്ക് മുൻപാണ് ഈ ആശയം ആദ്യം ചർച്ചയ്ക്ക് വന്നത്. എന്നാൽ, പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് പദ്ധതി മാറ്റിവെച്ചു. 2011ൽ ജപ്പാനിലെ ഫുകുഷിമയിൽ നടന്ന ആണവ ദുരന്തത്തിന് ശേഷം പദ്ധതി നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാരും ഉത്തരവിട്ടു.

 

യുഎസ്, ഫ്രാൻസ്, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി ആണവ സാങ്കേതികവിദ്യകൾ കൈമാറുന്നതിനു ഇന്ത്യക്ക് ഇതിനകം തന്നെ നിരവധി കരാറുകളുണ്ട്. റഷ്യയുമായി ചേർന്ന് ഇന്ത്യയിൽ റിയാക്ടറുകൾ നിർമിക്കുകയും ചെയ്തു. നിലവിൽ ഇന്ത്യയിൽ 22 ആണവ റിയാക്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് രാജ്യത്തിനു വേണ്ട മൂന്ന് ശതമാനം വൈദ്യുതി ലഭിക്കുന്നുണ്ട്.

 

English Summary: India closer to building world's biggest nuclear plant: French firm EDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com