ADVERTISEMENT

എല്ലാ വർഷവും ജൂലൈ രണ്ടാം തീയതി ലോക യു‌എഫ്‌ഒ ദിനം (പറന്നുനടക്കുന്ന അജ്ഞാത വസ്തുക്കള്‍ക്കായുള്ള ദിനം) ആഘോഷിക്കുന്നു. ചിലർ ജൂൺ 24 നാണിത് ആഘോഷിക്കുന്നത്. അജ്ഞാതമായ പറക്കുന്ന അന്യ ജീവികൾക്കായി മനുഷ്യർ ഒത്തുചേരുന്ന  രു അവബോധ ദിനമാണിത്. പ്രപഞ്ചത്തിൽ വേറൊരു ജീവൻ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനുള്ള മനുഷ്യന്റെ അന്വേഷണത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ ഒരു വശമാണ്. അമേരിക്കൻ ഡയറക്റ്ററേറ്റ് ഓഫ് നാഷണൽ ഇന്റലിജൻസ് ജൂൺ 24 ന് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്, ഈ അന്യഗ്രഹ ജീവീകാഴ്ചകളിൽ ബഹുഭൂരിപക്ഷവും കണ്ടത് എന്താണെന്ന് അന്വേഷകർക്ക് ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നാണ്.

 

അന്യഗ്രഹജീവൻ തേടിയുള്ള  അന്വേഷണം നാമിപ്പോൾ രണ്ടു രീതികളിലാണ് നടത്തുന്നത്. ഒന്ന് സൗരയൂഥത്തിലെ വിവിധ ഗ്രഹങ്ങളിൽ പേടകങ്ങൾ അയച്ച് നടത്തുന്ന പഠനങ്ങളിലൂടെ. രണ്ടാമത്തെ വഴിയാണ് റേഡിയോ ടെലിസ്കോപ്പുകളും മറ്റും ഉപയോഗിച്ച് പ്രപഞ്ചത്തെ നിരീക്ഷിക്കുക എന്നത്. വ്യത്യസ്തമായ സിഗ്നലുകളെ വിശകലം ചെയ്യുക. ഇതിലൂടെ അന്യഗ്രഹജീവികളുടെ സാധ്യതയെക്കുറിച്ച് പഠിക്കുക.

UFO Image AFP

 

അന്യഗ്രഹജീവികള്‍ എന്ന പേര്‌ കേള്‍ക്കുമ്പോള്‍തന്നെ നമ്മുടെയെല്ലാം ചിന്തയിലെത്തുക വലിയ തലയും, തലയില്‍ മുടിയില്ലാത്തതുമായ പച്ചനിറത്തിലുള്ള കൗതുക ജന്തുക്കളെയായിരിക്കും. സ്റ്റാര്‍വാര്‍സ്‌ സീരീസിലൂടെ പ്രശസ്‌തമായ ഈ രൂപങ്ങള്‍ തന്നെയാണ്‌ ഇപ്പോഴും കൂടുതല്‍ സയന്‍സ്‌ ഫിക്ഷനുകളില്‍ അവതരിപ്പിക്കുന്നത്‌.

 

DOUNIAMAG-FRANCE-ASTRONOMY-SCIENCE

അന്യഗ്രഹജീവികള്‍ ഏറ്റവും അധികം സഹായം ചെയ്തത് സിനിമാക്കാര്‍ക്കാണ്. അന്യഗ്രഹ ജീവികൾ പ്രമേയമാക്കിയ സിനിമകൾ നിരവധി പുറത്തിറങ്ങിയിട്ടുണ്ട്. പറക്കും തളിക ചിത്രങ്ങളെല്ലാം പണംവാരി ചിത്രങ്ങളുമായി മാറി. 'ഇ ടി ദ എക്സ്ട്ര ടെറസ്ട്രിയല്‍, ഏലിയന്‍, പ്രെഡേറ്റെഴ്സ് സീരീസുകള്‍, ഇന്‍ഡിപെന്‍ഡന്‍സ് ഡേയ്, അവതാര്‍, അവഞ്ചേഴ്‌സ് എൻഡ് ഗെയിം, സൂപ്പര്‍മാന്‍, റിഡ്ലി സ്കോട്ടിന്‍റെ ഏലിയന്‍ ചലച്ചിത്ര പരമ്പരകള്‍. ബോളിവുഡിലും കോയി മിൽഗയ, ക്രിഷ്, പികെ എന്നിവയും തമിഴിലെ കലൈ അരശിയും അന്യഗ്രഹജീവി പ്രമേയ ചിത്രങ്ങളാണ്.

 

സൗരയൂഥം എന്ന്‌ പേരിട്ടിരിക്കുന്ന സൂര്യന്‍ എന്ന നക്ഷത്രത്തെ ആധാരമാക്കി സഞ്ചരിക്കുന്ന എട്ടു ഗ്രഹങ്ങളില്‍ വലുപ്പത്തില്‍ നാലാം സ്ഥാനത്തുള്ള ഗ്രഹമാണ്‌ ഭൂമി. ഗ്രഹങ്ങളേക്കൂടാതെ അവയുടെ ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും വാല്‍നക്ഷത്രങ്ങളും കുള്ളന്‍ ഗ്രഹങ്ങളുമെല്ലാം ചേര്‍ന്ന ഒരു വലിയ വ്യവസ്ഥയാണ്‌ സൗരയൂഥം. 

 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇനി സൂര്യനേപ്പോലെയോ അതിലും വലുതോ ചെറുതോ ആയ ഇരുപതിനായിരം കോടി നക്ഷത്രങ്ങള്‍ ചേര്‍ന്ന വലിയ കുടുംബമാണ്‌ ക്ഷീരപഥം എന്ന ഗാലക്‌സി. ക്ഷീരപഥം പോലെയുള്ള ലക്ഷം കോടി ഗാലക്‌സികള്‍ ഉണ്ടെന്ന്‌ അനുമാനിക്കുന്നു. നക്ഷത്രങ്ങളേക്കൂടാതെ വാതകപടലവും, നെബുലകളും, ഗ്രഹങ്ങളുമെല്ലാം ചേര്‍ന്ന ദൃശ്യയോഗ്യമായ ദ്രവ്യം ഈ മഹാപ്രപഞ്ചത്തിന്റെ അഞ്ച്‌ ശതമാനത്തില്‍ താഴെ മാത്രമേ ഉണ്ടാകൂ. നിരീക്ഷണയോഗ്യമായ പ്രപഞ്ചത്തിന്റെ വ്യാസം ഏതാണ്ട്‌ 9400 കോടി പ്രകാശവര്‍ഷമുണ്ട്‌. ഈ മഹാപ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിലിരുന്നുകൊണ്ടാണ്‌ നമ്മള്‍ ഭൗമേതര ജീവന്‍ തിരയാനൊരുങ്ങുന്നത്‌.

 

1947ല്‍ കെന്നെത്ത് ആര്‍നൊള്‍ഡ് എന്ന സ്വകാര്യ വൈമാനികന്‍ ആകാശത്ത് പറക്കുന്ന തിളങ്ങുന്ന തളികയാകൃതിയിലുള്ള വസ്തുക്കളെ കണ്ടതോടെയാണ് പറക്കുംതളികയെന്ന അജ്ഞാതവസ്തു ഗവേഷകരെ വട്ടംകറക്കി തുടങ്ങിയത്. നിരവധി സംഘടനകളാണ് പറക്കും തളികകളുടെ അസ്തിത്വം തെളിയിക്കാനായി ഗവേഷണം നടത്തുന്നത്. നിരവധി സംഘടനകൾ തോറ്റുമടങ്ങുകയും ചെയ്തു.

 

ufo-alien

പ്രപഞ്ചത്തിൽ നമ്മൾ യഥാർഥത്തിൽ ഒറ്റയ്ക്കാണോ അല്ലയോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ലോകമെമ്പാടും ധാരാളം പറന്നുനടക്കുന്ന അജ്ഞാതവസ്തു കാഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിർഭാഗ്യവശാൽ, ഈ അജ്ഞാത പറക്കുന്ന വസ്തുക്കൾ കണ്ടതായി നിരവധി പേർ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ അന്യഗ്രഹ ജീവികളുടെ നിലനിൽപ്പ് ഒരു രഹസ്യമായി തുടരുന്നു.

 

കോസ്മോപോയിസ്ക് (റഷ്യ), ഗെയ്പാന്‍ (ഫ്രാന്‍സ്), യുഎഫ്ഒ റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐര്‍ലന്‍ഡ്), ബിറ്റ- യുഎഫ്ഒ- ഇന്തോനേഷ്യ, ബ്രിട്ടന്‍ യുഎഫ്ഒ റിസേര്‍ച്ച് അസോസിയേഷന്‍, യുഎഫ്ഒ റിസേര്‍ച്ച് മിഡ്‌ലാന്‍ഡ് തുടങ്ങിയ പതിനൊന്ന് സംഘടനകള്‍ ബ്രിട്ടനില്‍ തന്നെയുണ്ട്. ഏറിയല്‍ഫിനോമിന എന്‍ക്വയറി നെറ്റ്‌വര്‍ക്ക് തുടങ്ങിയ ഇരുപതോളം സംഘടനകള്‍ യുഎസിലും പ്രവര്‍ത്തിക്കുന്നു.

 

റഷ്യന്‍ കോടിപതിയായ യൂറി മില്‍നെറിന്റെ നേതൃത്വത്തില്‍ അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള പദ്ധതിയ്ക്ക് അന്തരിച്ച വിഖ്യാത ആസ്ട്രോഫിസിസ്റ്റ് സ്റ്റീഫന്‍ ഹോക്കിങ്സ് തന്നെ പദ്ധതിയിട്ടു. പറക്കുംതളികയെപ്പറ്റിയുള്ള അമേരിക്കയിലെ സിഐഎയുടെ ഗവേഷണം നടക്കുന്നത് പൊതുജനങ്ങൾക്ക് വിലക്കുള്ള ഏരിയ 51 എന്ന രഹസ്യസങ്കേതത്തിലാണത്രെ. ഈ സങ്കേതത്തെക്കുറിച്ച് ചിത്രങ്ങൾ പോലും ലഭ്യമല്ല. ഏരിയ 51ൽനിന്ന് പുറത്തുവരുന്ന പരീക്ഷണ എയർക്രാഫ്റ്റുകളാകാം പറക്കുംതളികകളെന്ന് പ്രതീതി ജനങ്ങളിലുണ്ടാക്കുന്നതെന്ന് നിരീക്ഷകർ പറയുന്നുണ്ട്. എന്നാൽ 2012ൽ നാഷണൽ ജ്യോഗ്രഫിക് ചാനൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് 80 ദശലക്ഷം അമേരിക്കക്കാർ അന്യഗ്രഹജീവികൾ സത്യമാണെന്ന് വിശ്വാസിക്കുന്നുണ്ടെന്നാണ്. 

 

ഏറ്റവും വിശ്വസനീയമായ നാല് ആധുനിക അജ്ഞാതവസ്തു കാഴ്ചകൾ ആധുനിക ചരിത്രം മുൻപിൽ വയ്ക്കുന്നു. ന്യൂയോർക്കിൽ 2001 ജൂലൈ 14 ന് അർദ്ധരാത്രിക്ക് ശേഷം ഏകദേശം 15 മിനിറ്റോളം, സ്റ്റാറ്റൻ ഐലൻഡിനി ടയിലുള്ള ആർതർ കിൽ ജലപാതയിലൂടെ ‘വി’ രൂപത്തിൽ വിചിത്രമായ ഓറഞ്ച്-മഞ്ഞ ലൈറ്റുകൾ കണ്ട ജനങ്ങൾ അത്ഭുതപ്പെട്ടു.

 

വീണ്ടും 2004 നവംബർ 14 ന്, യു‌എസ്‌എസ് നിമിറ്റ്സ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ യു‌എസ്‌എസ് പ്രിൻസ്റ്റൺ, സാൻ ഡീഗോ തീരത്ത് നിന്ന് 100 മൈൽ അകലെയുള്ള റഡാറിൽ അജ്ഞാതമായ ഒരു വസ്തുവിനെ  രേഖപ്പെടുത്തി. രണ്ടാഴ്ചയായി, 80,000 അടി ഉയരത്തിൽ പ്രത്യക്ഷപ്പെട്ട വസ്തുക്കളെ ക്രൂ നിരീക്ഷിച്ചുകൊണ്ടിരുന്നു, തുടർന്ന് അത് പസിഫിക് സമുദ്രത്തിന് മുകളിലൂടെ മറഞ്ഞു പോയി.

 

2006 നവംബർ 7: ചിക്കാഗോയിലെ ഓ'ഹാരെ  ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഫ്ലൈറ്റ്-446 നോർത്ത് കരോലിനയിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ, ടാർമാക്കിലുള്ള യുണൈറ്റഡ് എയർലൈൻസ് ഉദ്യോഗസ്ഥൻ ഗേറ്റ് 'സി 17' ന് മുകളിലൂടെ ഇരുണ്ട ചാരനിറത്തിലുള്ള മെറ്റാലിക് ക്രാഫ്റ്റ് സഞ്ചരിക്കുന്നത് ശ്രദ്ധിച്ചു. മൊത്തം 12 യുണൈറ്റഡ് ജോലിക്കാരും, എയർപോർട്ടിന് പുറത്ത് കുറച്ച് സാക്ഷികളും - വൈകുന്നേരം 4.15 ഓടെ സോസർ ആകൃതിയിലുള്ള ആ വസ്തുവിനെ കണ്ടു.

 

അമേരിക്കയിലെ ടെക്സസിലെ സ്റ്റീഫൻവില്ലെ എന്ന ചെറുപട്ടണത്തിൽ 2008 ജനുവരി 8 വൈകുന്നേരം നിരവധി ആളുകൾ ആകാശത്ത് സവിശേഷമായ ഒരു കാഴ്ച കണ്ടു. ഹൈവേ 67-ന് മുകളിൽ വെളുത്ത ലൈറ്റുകൾ കണ്ടതായി അവർ റിപ്പോർട്ട് ചെയ്തു. ആദ്യം ഒരു തിരശ്ചീന കമാനത്തിലും പിന്നീട് ലംബ സമാന്തര ലൈനുകളിലും ആണ് ലൈറ്റുകൾ പ്രത്യക്ഷപ്പെട്ടത്. 

 

ഭൂമിക്ക് വെളിയിൽ ജീവനുണ്ടെന്ന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അത്തരം കണ്ടെത്തലുകൾക്കായുള്ള ശ്രമങ്ങൾ തുടരുകയാണ്. നാസ സയൻസ് മിഷൻ ഡയറക്ടറേറ്റിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ തോമസ് സർബുക്കെൻ ട്വീറ്ററിലൂടെ അറിയിച്ചു. നാസയുടെ നിരവധി പര്യവേഷണ വാഹനങ്ങള്‍ ചൊവ്വയില്‍ ജീവന്റെ അവശേഷിപ്പുകളെങ്കിലും കണ്ടെത്താനുള്ള പരിശ്രമത്തിലാണ്‌. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ, ശനിയുടെ ഉപഗ്രഹങ്ങളായ എന്‍സിലാഡസ്‌, ടൈറ്റന്‍, കുയ്‌പര്‍ ബെല്‍ട്ടിലെ കുള്ളന്‍ ഗ്രഹങ്ങള്‍, ധൂമകേതുക്കള്‍ തുടങ്ങിയ ഖഗോള പിണ്‌ഡങ്ങളിലാണ്‌ ഇപ്പോള്‍ ജീവന്‍ തിരയുന്നത്‌.

 

അന്യഗ്രഹങ്ങളിലുള്ള ജീവികളുടെ വാഹനമാണ് പറക്കും തളികകള്‍ എന്ന് അറിയപ്പെടുന്നത്. ഭൂമിയില്‍നിന്ന് പലപ്പോഴും അതിനെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയുടെതെന്ന് കരുതുന്ന പല ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടാറുമുണ്ട്. എന്നാല്‍, അതിനൊന്നും കൃത്യമായ തെളിവ് ലഭിച്ചിട്ടില്ല. ശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ഇതുവരെ അതൊന്നും തെളിയിക്കാനും സാധിച്ചിട്ടില്ല എന്നാണ് ഭൂരിഭാഗം ശാസ്ത്രജ്ഞരുടെയും അഭിപ്രായം.

 

English Summary: World UFO Day: Are we alone in the universe?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com