മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല, ബെസോസും ബ്രാൻസനും ‘ബഹിരാകാശയാത്രികർ’ അല്ലെന്ന് യുഎസ്
Mail This Article
ദിവസങ്ങൾക്ക് മുൻപ് സ്വന്തം കമ്പനിയുടെ തന്നെ പേടകത്തിൽ ബഹിരാകാശ യാത്ര നടത്തിയവരാണ് ബ്ലൂ ഒറിജിൻ മേധാവി ജെഫ് ബെസോസും വെർജിൻ ഗലാക്റ്റിക് സ്ഥാപകൻ റിച്ചഡ് ബ്രാൻസനും. എന്നാൽ, ഇവരെ ബഹിരാകാശ യാത്രികർ എന്ന് വിളിക്കാനാവില്ലെന്നാണ് യുഎസ് സർക്കാർ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നത്. ശതകോടീശ്വരന്മാരായ ജെഫ് ബെസോസും റിച്ചഡ് ബ്രാൻസനും ബഹിരാകാശയാത്രികരാകാൻ വേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് യുഎസ് സർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നത്.
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനാണ് (എഫ്എഎ) പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ഇതുപ്രകാരം വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശ യാത്ര നടത്തുന്നവരെ ഔദ്യോഗികമായി ബഹിരാകാശ സഞ്ചാരികളായി അംഗീകരിക്കാനാവില്ലെന്നാണ് പറയുന്നത്. ‘കൊമേഴ്സ്യൽ ആസ്ട്രോനട്ട് വിങ്സ്’ പദ്ധതിയിലെ ചട്ടങ്ങളാണ് എഫ്എഎ തിരുത്തിത്. ബഹിരാകാശ യാത്രികരെന്ന യോഗ്യത നേടുന്നതിന് മൂന്ന് പുതിയ കാര്യങ്ങളാണ് വേണ്ടതെന്ന് പറയുന്നുണ്ട്. ഈ മൂന്ന് നയങ്ങളും ദിവസങ്ങൾക്ക് മുൻപാണ് എഫ്എഎ കൂട്ടിച്ചേർത്തത്.
യാത്രപോകുന്ന ബഹിരാകാശപേടകം എഫ്‌എഎയുടെ അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. ബ്രാൻസനും ബെസോസും ഈ മാർഗനിർദേശങ്ങളെല്ലാം പാലിച്ചിട്ടുണ്ട്. എന്നാൽ, മൂന്നാമത്തെ ചട്ടമാണ് ശതകോടീശ്വരന്മാർക്ക് പ്രശ്നമായിരിക്കുന്നത്.
മൂന്നാമത്തെ ചട്ടപ്രകാരം യാത്രികർ ബഹിരാകാശയാത്രാ സുരക്ഷയ്ക്ക് സംഭാവന നൽകുകയും ബഹിരാകാശ പേടകം പ്രവർത്തിപ്പിക്കുന്നതിൽ പങ്കാളിയാകുകയോ ചെയ്യണമെന്നും പറയുന്നുണ്ട്. ഇതിനർഥം ഈ യോഗ്യതകളില്ലാത്തവരെ ബഹിരാകാശ സഞ്ചാരികളെന്ന് വിളിക്കാനാവില്ല എന്നാണ്. ബിബിസി റിപ്പോർട്ട് അനുസരിച്ച്, 2004 ൽ എഫ്എഎ വിംഗ്സ് പ്രോഗ്രാം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ നയ മാറ്റമാണിത്.
ബെസോസ് ബ്ലൂ ഒറിജിൻ റോക്കറ്റിൽ ബഹിരാകാശ യാത്ര നടത്തിയ അതേ ദിവസം തന്നെ, ജൂലൈ 20 നാണ് നിയമങ്ങൾ പുതുക്കിയിരിക്കുന്നത്. ബെസോസും ബ്രാൻസനും ബഹിരാകാശത്തേക്ക് പോയി തിരിച്ചുവന്നെങ്കിലും ഇവർക്ക് പേടകം പ്രവർത്തിപ്പിക്കാനൊന്നും അറിയില്ലായിരുന്നു. അതേസമയം, എഫ്‌എഎ തന്നെ ബ്രാൻസനും ബെസോസിനും ബഹിരാകാശ യാത്രികരെന്ന പ്രത്യേക അംഗീകാരം പിന്നീട് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
English Summary: Jeff Bezos, Richard Branson may not be ‘astronauts’