ADVERTISEMENT

ദക്ഷിണ ചൈന കടലിലെ അപകടകാരികളായ സമുദ്രാന്തര്‍ തിരകളെക്കുറിച്ച് വിശദമായി പഠിക്കാന്‍ ചൈനീസ് ശാസ്ത്രജ്ഞര്‍. ദക്ഷിണ ചൈന കടലിലെ സമുദ്രജല പ്രവാഹങ്ങളെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടിയുള്ള നിരീക്ഷണ ഉപകരണത്തിന്റെ പരീക്ഷണം നടത്തിയിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. ആഴ്ചകളോളം സമുദ്രത്തിന്റെ അടിത്തട്ടില്‍ മുങ്ങിക്കിടന്നുകൊണ്ട് മാതൃകപ്പലിലേക്ക് വിവരങ്ങള്‍ അയക്കാന്‍ 1.4 ടണ്‍ ഭാരമുള്ള ഈ സെന്‍സര്‍ ഉപകരണത്തിനാകും. ഓഷ്യന്‍ യൂണിവേഴ്‌സിറ്റി ഓഫ് ചൈനയിലെ പ്രൊഫ. ജിയാ യോന്‍ഗാങും സഹപ്രവര്‍ത്തകരുമാണ് ഈ പഠനത്തിന് പിന്നില്‍. 

ദക്ഷിണ ചൈന കടലിലെ അപകടകാരികളായ അടിയൊഴുക്കുകളും വന്‍ തിരകളും ഏറെ പ്രസിദ്ധമാണ്. വ്യത്യസ്ത സാന്ദ്രതയിലുള്ള സമുദ്രജലങ്ങള്‍ സമുദ്രത്തിന്റെ അടിത്തട്ടിലെ വിവിധ പ്രതിബന്ധങ്ങളില്‍ തട്ടുന്നതോടെയാണ് ഇത്തരം അടിയൊഴുക്കുകള്‍ രൂപപ്പെടുന്നത്. ഏതാണ്ട് 100 കിലോമീറ്റര്‍ വരെ നീളത്തിലുള്ള തിരകള്‍ ഇതുവഴി സൃഷ്ടിക്കപ്പെടാറുണ്ട്. മുങ്ങിക്കപ്പലുകള്‍ അടക്കമുള്ളവക്ക് ഇത്തരം സമുദ്ര പ്രവാഹങ്ങള്‍ ഭീഷണിയാവാറുണ്ട്. മുങ്ങിക്കപ്പലുകളുടെ ദിശമാറ്റി കൂടുതല്‍ ആഴത്തിലേക്ക് വലിച്ചെടുത്താല്‍ അപടത്തില്‍ കലാശിക്കും. 

ഇത്തരം സമുദ്രാന്തര്‍ തിരകള്‍ സമുദ്രത്തിന് പുറത്തേക്ക് കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കാറില്ല. അതേസമയം സമുദ്രത്തിന്റെ അടിത്തട്ടിലെ ഘടന തന്നെ ഇവ മാറ്റിമറിക്കാറുണ്ടെന്ന് അടുത്തിടെ ചൈനീസ് ഗവേഷകര്‍ തന്നെ കണ്ടെത്തിയിരുന്നു. സമുദ്രത്തിനടിയിലെ ഇത്തരം തിരകള്‍ അപ്രതീക്ഷിത മണല്‍ കൂനകള്‍ക്കും സമുദ്ര പാതകളുടെ തന്നെ നാശത്തിനും ഇടയാക്കാറുണ്ടെന്നാണ് കണ്ടെത്തല്‍. 

ദക്ഷിണ ചൈന കടലില്‍ ഇതിനകം തന്നെ ലോകത്തെ തന്നെ ഏറ്റവും വലിയ സമുദ്ര നിരീക്ഷണ സംവിധാനങ്ങളിലൊന്ന് ചൈന സ്ഥാപിച്ചിട്ടുണ്ട്. സമുദ്രത്തിന് മുകളില്‍ പൊങ്ങിക്കിടന്നുകൊണ്ട് വിവരം നല്‍കുന്ന സംവിധാനങ്ങള്‍ എളുപ്പത്തില്‍ അപകടത്തില്‍ പെടാറുണ്ട്. ഇതിന്റെ പരിമിതികള്‍ പരിഹരിക്കാനാണ് സമുദ്രത്തിന്റെ അടിത്തട്ടില്‍ കിടന്നുകൊണ്ട് വിവരങ്ങള്‍ കൈമാറുന്ന സംവിധാനം ചൈനീസ് ഗവേഷകര്‍ ഒരുക്കിയിരിക്കുന്നത്.

സമുദ്രത്തിനുള്ളിലെ തിരകളുടെ ജനനവും വ്യാപിക്കലും ശേഷിയുമെല്ലാം കൂടുതല്‍ കൃത്യതയോടെ പ്രവചിക്കുന്നതിന് ഈ ഉപകരണം സഹായിക്കുമെന്നാണ് പ്രതീക്ഷ. ദക്ഷിണ ചൈന കടലില്‍ കഴിഞ്ഞ വര്‍ഷം 600 മീറ്റര്‍, 1400 മീറ്റര്‍ ആഴങ്ങളില്‍ രണ്ട് ഉപകരണങ്ങളാണ് സ്ഥാപിച്ചതെന്ന് ഗവേഷകര്‍ പഠനത്തില്‍ പറയുന്നുണ്ട്. ഇതിലൊരു ഉപകരണത്തിന്റെ ബാറ്ററി പാക്കില്‍ ചോര്‍ച്ച കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ രണ്ട് ഉപകരണങ്ങളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

 

അമേരിക്കന്‍ നാവികസേനക്ക് അക്വസ്റ്റിക് ഡോപ്ലര്‍ നല്‍കുന്ന ടെലിഡൈന്‍ ആര്‍ഡി ഇന്‍സ്ട്രുമെന്റ്‌സ് എന്ന അമേരിക്കന്‍ കമ്പനി തന്നെയാണ് ഈ ചൈനീസ് ഉപകരണത്തിന്റെ അക്വസ്റ്റിക് ഡോപ്ലര്‍ നല്‍കിയത്. മറ്റൊരു അമേരിക്കന്‍ പ്രതിരോധ കരാര്‍ കമ്പനിയായ ടെലിഡൈന്‍ ബെന്റോസാണ് ഈ ഉപകരണത്തിന്റെ ചില്ലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ജര്‍മ്മനി, നോര്‍വേ, കാനഡ എന്നീ രാജ്യങ്ങളിലെ കമ്പനികളുടെ ഭാഗങ്ങളും ഉപകരണത്തിലുണ്ട്. സമുദ്രത്തിനടിയില്‍ ഉപയോഗിക്കുന്ന ക്യാമറയാണ് ഈ ഉപകരണത്തിലെ ഏക ചൈനീസ് ഭാഗം. 

 

കഴിഞ്ഞ ഏപ്രിലില്‍ ദക്ഷിണ ചൈന കടലില്‍ ഇന്തൊനീഷ്യന്‍ മുങ്ങിക്കപ്പല്‍ അപകടത്തില്‍ പെട്ട് 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബാലിക്ക് വടക്ക് പരിശീനത്തിനിടെയായിരുന്നു അപകടം. ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അറിയിച്ച ഇന്തൊനീഷ്യന്‍ നാവിക സേന സമുദ്രത്തിനുള്ളിലെ തിരകളാണ് അപകടമുണ്ടാക്കിയതെന്ന സംശയവും പങ്കുവെച്ചിരുന്നു.

 

English Summary: Chinese scientists dive into South China Sea’s dangerous internal waves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com