മനുഷ്യന്റെ തലയ്ക്കുള്ളിൽ ചിപ്പ്! ലോകത്തെ വിസ്മയിപ്പിച്ച് ഫിലിപ് ഒകീഫെ
Mail This Article
തലച്ചോറില്‍ ഘടിപ്പിച്ച ചിപ്പിന്റെ സഹായത്തില്‍ ചിന്തകളെ നേരിട്ട് ട്വീറ്റു ചെയ്ത് ലോകത്തെ വിസ്മയിപ്പിക്കുകയാണ് 62 കാരനായ ഫിലിപ് ഒകീഫെ. ശരീരം തളര്‍ന്ന എഎൽഎസ് ( amyotrophic lateral sclerosis) എന്ന രോഗം ബാധിച്ച അദ്ദേഹം കംപ്യൂട്ടര്‍ ചിപ്പിന്റെ സഹായത്തില്‍ ചിന്തകള്‍ നേരിട്ട് ട്വീറ്റു ചെയ്യുന്ന ആദ്യത്തെ മനുഷ്യനായി മാറിയിരിക്കുകയാണ്. ന്യൂറോടെക് സ്റ്റാര്‍ട്ടപ്പായ സിന്‍ക്രോണ്‍ ആണ് ഫിലിപ് ഒകീഫെയെ ചിന്തകള്‍ ട്വീറ്റാക്കി മാറ്റാന്‍ സഹായിച്ചത്.
'കീബോര്‍ഡോ ശബ്ദമോ ഇനി വേണമെന്നില്ല. ഈയൊരു ട്വീറ്റ് ഞാന്‍ ഉണ്ടാക്കിയത് ചിന്തിച്ചുകൊണ്ട് മാത്രമാണ്' എന്നര്‍ഥം വരുന്ന ട്വീറ്റ് സിന്‍ക്രോണ്‍ സിഇഒ തോമസ് ഓക്‌സ്‌ലിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. ഡിസംബര്‍ 23നായിരുന്നു ഈ ട്വീറ്റ് വന്നത്. വൈകാതെ ഇതെന്താണെന്ന് വ്യക്തമാക്കുന്ന വിശദീകരണങ്ങളും തോമസ് ഓക്‌സ്‌ലി നല്‍കി.
2020 ഏപ്രിലിലാണ് ഓസ്‌ട്രേലിയക്കാരനായ ഒകീഫെയുടെ തലച്ചോറില്‍ ഈ ചിപ്പ് ഘടിപ്പിച്ചത്. സ്വതന്ത്രമായി തീരുമാനമെടുത്ത് ഒരു കാര്യം പോലും ജീവിതത്തില്‍ ചെയ്യാന്‍ സാധിക്കാത്ത നിലയിലുള്ളപ്പോഴാണ് ഒകീഫെയുടെ തലച്ചോറില്‍ ഈ ചിപ്പ് വച്ചത്. സ്റ്റെന്‍ട്രോഡ് എന്നാണ് ഈ ചിപ്പിന് നല്‍കിയിരിക്കുന്ന പേര്.
ജുഗുലാര്‍ ഞരമ്പുകള്‍ വഴിയാണ് ഈ ചിപ്പ് തലച്ചോറിലേക്കെത്തിച്ചത്. ഇത് സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ഒഴിവാക്കാന്‍ സഹായിച്ചെന്നും ദ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. വൈകാതെ ഒകീഫെക്ക് വേണ്ടപ്പെട്ടവരുമായി ഇമെയില്‍ സന്ദേശങ്ങള്‍ അയക്കാനും ലളിതമായ കംപ്യൂട്ടര്‍ ഗെയിമുകള്‍ കളിക്കാനും സാധിച്ചു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വളരെ വലുതായിരുന്നു. സ്വന്തമായി ഒന്നും ചെയ്യാനാവാത്തയാള്‍ എന്ന നിലയില്‍ നിന്നും വ്യക്തമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്ന നിലയിലേക്ക് ഒകീഫെയുടെ ജീവിതം മാറി.
ഈയൊരു സാങ്കേതികവിദ്യയെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍ തന്നെ അത് തനിക്ക് എത്രത്തോളം സ്വാതന്ത്ര്യം ജീവിതത്തില്‍ നല്‍കുമെന്നായിരുന്നു ചിന്തിച്ചതെന്നാണ് പിന്നീട് ഒകീഫെ പ്രതികരിച്ചത്. സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതിനോടാണ് അദ്ദേഹം ബ്രയിന്‍ ചിപ് വഴിയുള്ള സംവേദനത്തെ വിശേഷിപ്പിച്ചത്. ഒരിക്കല്‍ പഠിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും സ്വാഭാവികമായി അത് മാറുമെന്നും ഒകീഫെ പറയുന്നു. തലച്ചോറില്‍ ഘടിപ്പിച്ച് നാല് മണിക്കൂറിനുള്ളില്‍ ഒകീഫെയുടെ ചിന്തകള്‍ ചിപ്പുകള്‍ വഴി പുറത്തേക്ക് വന്നു തുടങ്ങി.
English Summary: Brain Chip Implant Allows Paralysed Man To Directly Tweet His Thoughts