ADVERTISEMENT

സ്പേസ് എക്സ് 2015ൽ വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റിന്റെ ഒരു ഭാഗം ചന്ദ്രനിൽ പതിക്കുമെന്ന നിരീക്ഷണവുമായി സ്വതന്ത്ര ഗവേഷകൻ രംഗത്ത്. ഓർബിറ്റൽ ഡൈനാമിക്സിൽ സ്വതന്ത്ര ഗവേഷണം നടത്തുന്ന ബിൽ ഗ്രേ എന്നയാളാണു ഫാൽക്കൺ റോക്കറ്റിന്റെ അവശേഷിക്കുന്ന ഒരു ഭാഗം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങിയേക്കുമെന്ന കണ്ടെത്തൽ പുറത്തുവിട്ടത്. ബിൽ ഗ്രേ പറയുന്നതിങ്ങനെ– ‘ കഴി‍ഞ്ഞ വർഷം മാർച്ച് 4നു ശേഷം എനിക്ക് ആ റോക്കറ്റ് ഭാഗത്തിന്റെ പാതയിൽ മാറ്റം കാണാൻ കഴിഞ്ഞു. ചന്ദ്രനുമായി കൂട്ടിയിടിക്കാനുള്ള പാതയിലാണു റോക്കറ്റെന്നു പിന്നീടു മനസ്സിലായി’. കൂട്ടിയിടിയിലൂടെ ചന്ദ്രനിൽ പുതിയൊരു ഗർത്തം രൂപപ്പെടുമെന്നും ബഹിരാകാശ അവശിഷ്ടങ്ങൾ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുന്ന ആദ്യത്തെ സംഭവമായിരിക്കും ഇതെന്നും ഗ്രേ പറഞ്ഞു. കൂട്ടിയിടിയിലൂടെ ചന്ദ്ര ഉപരിതലത്തിനു കാര്യമായ നാശം ഉണ്ടാകില്ലെന്നാണു കരുതുന്നത്.

 

ഈ മാസം ആദ്യം ഗ്രേയുടെ ബ്ലോഗ് പോസ്റ്റ് വന്നതിനു പിന്നാലെ മറ്റു ഗവേഷകർ റോക്കറ്റിന്റെ പാതയെക്കുറിച്ചു പഠിക്കുകയും ഗ്രേയുടെ കണ്ടെത്തൽ ശരിയാണെന്നു വിലയിരുത്തുകയും ചെയ്തു. 4 മെട്രിക് ടൺ ഭാരമുള്ള റോക്കറ്റ് ചന്ദ്രന്റെ ഭൂമിയുടെ എതിർ വശത്താകും പതിക്കുക. മാർച്ചിൽ കൂട്ടിയിടി ഉണ്ടാകും എന്നാണു ഗവേഷകരുടെ അനുമാനം. സെക്കൻഡിൽ 2.58 കിലോമീറ്റർ വേഗത്തിലാകും റോക്കറ്റ് ചന്ദ്രോപരിതലത്തിലേക്കു പതിക്കുക. എന്നാൽ ചില ശാസ്ത്രജ്ഞർ റോക്കറ്റ് ചന്ദ്രനിൽ പതിക്കുന്നതിൽ കൗതുകമുണ്ടെന്നും എന്നാൽ അതു വലിയ സംഭവമല്ലെന്നുമാണു പ്രതികരിച്ചത്. സ്പേസ് എക്സ് ഇതുവരെ സംഭവത്തോടു പ്രതികരിച്ചിട്ടില്ല.

 

∙ എന്താണു സംഭവിച്ചത്?

 

CAPE CANAVERAL, FLORIDA - SEPTEMBER 15: The SpaceX Falcon 9 rocket with Crew Dragon capsule lifts off from launch Pad 39A at NASA’s Kennedy Space Center for the first completely private mission to fly into orbit on September 15, 2021 in Cape Canaveral, Florida. SpaceX is flying four private citizens into space on a three-day mission.   Joe Raedle/Getty Images/AFP (Photo by JOE RAEDLE / GETTY IMAGES NORTH AMERICA / Getty Images via AFP)
CAPE CANAVERAL, FLORIDA - SEPTEMBER 15: The SpaceX Falcon 9 rocket with Crew Dragon capsule lifts off from launch Pad 39A at NASA’s Kennedy Space Center for the first completely private mission to fly into orbit on September 15, 2021 in Cape Canaveral, Florida. SpaceX is flying four private citizens into space on a three-day mission. Joe Raedle/Getty Images/AFP (Photo by JOE RAEDLE / GETTY IMAGES NORTH AMERICA / Getty Images via AFP)

കേപ് കാനവെറലിൽ നിന്നു 2015 ഫെബ്രുവരിയിലാണു സ്പേസ് എക്സിന്റെ പ്രഥമ ഇന്റർപ്ലാനറ്ററി മിഷന്റെ ഭാഗമായി ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റ് ഇതിനോടകം ഒരു മില്യൺ മൈലുകൾ സഞ്ചരിച്ചു കഴിഞ്ഞു. നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്റെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമാണ് ഈ ദൗത്യത്തിൽ വിക്ഷേപിച്ചത്. സൂര്യന്റെ എതിർ വശത്തായാണ് ഈ ഉപഗ്രഹം ഭൂമിയെ നിരീക്ഷിക്കുന്നത്. റോക്കറ്റിന്റെ രണ്ടാമത്തെ സ്റ്റേജ് നീണ്ട ജ്വലനത്തോടെ പൂർത്തിയായതോടെ ഉപഗ്രഹത്തെ എത്തിക്കേണ്ട ഭ്രമണ പഥത്തിൽ എത്തി. ഡീപ് സ്പേസ് എന്നു പറയുന്ന, ഭൂഗുരുത്വാകർഷണത്തിന്റെ ഏറ്റവും അറ്റത്തേക്കാണ് ഈ ഉപഗ്രഹം റോക്കറ്റ് എത്തിച്ചത്. എന്നാൽ, രണ്ടാം സ്റ്റേജിന്റെ ജ്വലനം നീണ്ടു നിന്നതിനാൽ ഭൗമാന്തരീക്ഷത്തിലേക്കു തിരിച്ചിറങ്ങാൻ ആവശ്യമുള്ള ഇന്ധനം റോക്കറ്റിൽ ബാക്കിയുണ്ടായിരുന്നില്ല. ഇതോടെയാണു റോക്കറ്റ് ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണത്തിനു മധ്യത്തിലായി പെട്ടു പോയത്. റോക്കറ്റിനെ ഭൂമിയിലേക്ക് ആകർഷിക്കാനുള്ള ഗുരുത്വാകർഷണം ഈ ഉയരത്തിൽ ഭൂമി ചെലുത്തുന്നില്ല. 7 വർഷങ്ങളായി ഇത്തരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ, കയ്യാലപ്പുറത്തെ തേങ്ങ എന്ന സ്ഥിതിയിലായിരുന്നു റോക്കറ്റിന്റെ സഞ്ചാരം. പതിയെ ചന്ദ്രന്റെ ആകർഷണത്താൽ റോക്കറ്റ് ചന്ദ്ര ഉപരിതലത്തോട് അടുക്കുകയായിരുന്നു. ചന്ദ്രന് അന്തരീക്ഷം ഇല്ലാത്തതിനാൽ റോക്കറ്റ് അവശിഷ്ടങ്ങൾ ഉപരിതലത്തിലേക്കു പതിക്കുന്നതിനു മുൻപായി കത്തിത്തീരത്തുമില്ല. ഇതു കാരണം ബഹിരാകാശ അവശിഷ്ടങ്ങൾ ചന്ദ്രനിലേക്ക് എത്തുകയാണെങ്കിൽ അവ പൂർണമായും ഉപരിതലത്തിൽ പതിക്കും.

 

∙ ആവശ്യത്തിന് ഇന്ധനം വേണം

 

ഭൂമിയിലേക്കു തിരിച്ചിറക്കാൻ പദ്ധതിയിടുന്ന റോക്കറ്റുകളുടെയും മറ്റും അവസാന സ്റ്റേജിൽ ആവശ്യത്തിന് ഇന്ധനം ഉറപ്പാക്കണമെന്നാണു ബഹിരാകാശ ഏജൻസികൾക്കിടയിലെ പൊതു തത്വം. ബഹിരാകാശത്തെ മാലിന്യങ്ങൾ കുറയ്ക്കാൻ ഇനി വിക്ഷേപിക്കുന്ന റോക്കറ്റുകളിൽ കഴിയുന്നത്രയും തിരിച്ചിറക്കുകയാണു ലക്ഷ്യമിടുന്നത്. സ്പേസ് എക്സിന്റെ ഭാഗത്തു നിന്നു വന്ന വീഴ്ചയും ആവശ്യത്തിന് ഇന്ധനം റോക്കറ്റിൽ ഉണ്ടായിരുന്നില്ല എന്നതാണ്. ഇന്ധനം ഉണ്ടായിരുന്നെങ്കിൽ റോക്കറ്റ് ഭൂമിയിലേക്കു തിരച്ചിറക്കാൻ കഴിയുമായിരുന്നു.

asat-russia

 

∙ പ്രോജക്ട് പ്ലൂട്ടോ

 

പ്രോജ‌ക്ട് പ്ലൂട്ടോ എന്ന സൗജന്യ അസ്ട്രോണമിക്കൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു ബിൽ ഗ്രേയും ടീമും പഠനം നടത്തിയത്. ഫാൽക്കൺ റോക്കറ്റിനു സമാനമായി അതേ മേഖലയിൽ സഞ്ചരിക്കുന്ന ഒട്ടേറെ ബഹിരാകാശ അവശിഷ്ടങ്ങളുണ്ട്. അവയുടെയൊക്കെ സഞ്ചാരപാതയിലെ ചെറിയ മാറ്റങ്ങൾപോലും ഗ്രേയും സംഘവും സോഫ്റ്റ്‌വെയർ സഹായത്തോടെ കണ്ടെത്തും. ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണത്തിനു മധ്യത്തിലായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ വസ്തുക്കൾക്കു മൂന്നു സാധ്യതകളാണുള്ളത്. ചന്ദ്രന്റെ ആകർഷണത്തിൽ ചന്ദ്രനിൽ പതിക്കുക, ഭൂമിയുടെ ആകർഷണത്തിൽ ഭൂമിയിലേക്കു പതിക്കുക, ഇവയുടെ രണ്ടിന്റെയും ആകർഷണത്തിൽ ഉയർന്ന തോതിലുള്ള ഊർജം സംഭരിച്ച് സൂര്യനടുത്തേക്ക് എറിയപ്പെടുക എന്നിവയാണ് ആ സാധ്യതകൾ. മറ്റു രണ്ടു സാധ്യതകളിൽ നിന്നും പുതുതായി ഒന്നും പഠിക്കാനില്ലാത്തതിനാൽ ചന്ദ്രനിൽ റോക്കറ്റ് പതിക്കുന്നതു മറ്റുള്ളവയെക്കാൾ സന്തോഷമുള്ള കാര്യമാണെന്നാണു ഗ്രേ പറഞ്ഞത്.

 

∙ ബഹികാകാശ മാലിന്യത്തിന്റെ ഭീകരത

 

മനുഷ്യർ ബഹിരാകാശത്തേക്കു വിക്ഷേപിക്കുന്ന റോക്കറ്റുകളുടെയും സാറ്റലൈറ്റുകളുടെയും വലിയൊരു ഭാഗവും ഉപയോഗ കാലാവധിക്കു ശേഷം ബഹിരാകാശത്തുതന്നെ പറന്നു നടക്കുന്നത് പതിവാണ്. ഇവയിൽ പലതും തമ്മിൽ കൂട്ടിയിടികൾ ഉണ്ടാകുകയും ചെയ്യാറുണ്ട്. പ്രവർത്തനക്ഷമമായ സാറ്റലൈറ്റ്, ബഹിരാകാശ നിലയം എന്നിവയിലേക്കു ബഹിരാകാശ മാലിന്യം വന്നിടിച്ചു കേടുപാടുകൾ ഉണ്ടാകുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ബഹിരാകാശത്തു വലിയ ഭീഷണിയാണ് ഈ മാലിന്യങ്ങൾ ഉയർത്തുന്നത്. പലതും ഭൂമിയിലേക്കു പതിക്കാറുണ്ടെങ്കിലും അന്തരീക്ഷത്തിൽ ഇവ കത്തിത്തീരുകയാണു ചെയ്യുക. ഭൗമോപരിതലത്തിലേക്ക് ഇവ പതിക്കുന്ന സംഭവങ്ങൾ വളരെക്കുറച്ചു മാത്രമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഭൂമിക്കു പുറത്ത് മറ്റൊരു ബഹിരാകാശ വസ്തുവിലേക്ക് ഈ മാലിന്യങ്ങൾ പതിക്കുന്ന സംഭവം ഇതുവരെ ഉണ്ടായിട്ടില്ലാത്തതാണ്. അത്തരമൊരു സംഭവം നടക്കാനിരിക്കുന്നതിനെ ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ് ശാസ്ത്രലോകം.

 

നാസയുടെ കണക്കുകൾ പ്രകാരം 20,000ലധികം ബഹിരാകാശ അവശിഷ്ടങ്ങളാണു ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഗവേഷകർ അടുത്തിടെ നടത്താനിരുന്ന ബഹിരാകാശ നടത്തം ഉപേക്ഷിച്ചതിന്റെ കാരണവും ഇതു തന്നെയായിരുന്നു; ബഹിരാകാശ അവശിഷ്ടങ്ങൾ വന്നിടിച്ചു ഗവേഷകർക്കു ജീവഹാനി സംഭവിക്കാൻ ഇടയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നായിരുന്നു അത്. കാലാവധി കഴിഞ്ഞ സാറ്റലൈറ്റിനെ തകർക്കാൻ റഷ്യ മിസൈൽ ഉപയോഗിച്ചു ബഹിരാകാശത്തു സ്ഫോടനം നടത്തിയത് 1500ലധികം അവശിഷ്ടങ്ങളെയാണു സൃഷ്ടിച്ചത്. ഇതു കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു.

 

ബഹിരാകാശ മാലിന്യങ്ങൾ കൂടുമ്പോഴും ചെറു ഉപഗ്രഹങ്ങളുടെ എണ്ണം കാര്യമായി വർധിക്കുന്നത് ഭാവിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണു പല പഠനങ്ങളും ഗവേഷകരും ഉറപ്പിച്ചു പറയുന്നത്. എന്നാൽ ഇതിനിടയിലാണു സ്പേസ് എക്സിന്റെ തന്നെ സ്റ്റാർ ലിങ്ക് എന്ന ഉപഗ്രഹാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് ഉപഗ്രഹങ്ങളാണു വിക്ഷേപിക്കുന്നത്. ആയിരത്തിലധികം ഉപഗ്രഹങ്ങൾ ഇതിനകം വിക്ഷേപിച്ചു കഴിഞ്ഞു. എയർടെലിനു പങ്കാളിത്തമുള്ള വൺവെബും സമാന പദ്ധതിക്കായി ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയാണ്. ഉവയുടെയെല്ലാം ഉപയോഗ കാലയളവ് കഴിയുമ്പോൾ ബഹിരാകാശ മാലിന്യമായി മാറുന്നതോടെ എന്താകും സ്ഥിതിയെന്ന ആശങ്ക പല ഗവേഷകരും ഇതിനകം പങ്കുവച്ചു കഴിഞ്ഞു.

 

English Summary: Out-of-control SpaceX rocket will smash into the moon in weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com