ടോംഗയുടെ രക്ഷയ്ക്ക് ഇലോൺ മസ്ക്: ഇന്റർനെറ്റ് പുനസ്ഥാപിക്കാൻ സ്റ്റാർലിങ്ക് സംഘം
Mail This Article
സമുദ്രാന്തര ഭാഗത്തു സ്ഥിതി ചെയ്ത അഗ്‌നി പർവതത്തിൽ സ്ഫോടനം നടന്നതിനെത്തുടർന്ന് ആഞ്ഞടിച്ച സൂനാമിയും മറ്റ് പ്രകൃതി ആക്രമണങ്ങളും തകർത്തു തരിപ്പണമായ ടോംഗയ്ക്ക് ഇലോൺ മസ്കിന്റെ രക്ഷാകരം. ദുരന്തങ്ങളെ തുടർന്ന് രാജ്യത്തെ ആശയവിനിമയ ശൃംഖലയും ഇന്റർനെറ്റും ചിലയിടങ്ങളിൽ പൂർണമായും ചിലയിടങ്ങളിൽ ഭാഗികമായും തകർന്നിരുന്നു. ഇതു ശരിയാക്കാനുള്ള യജ്ഞത്തിലാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവന കമ്പനിയായ സ്റ്റാർലിങ്ക്.
ഇലോൺ മസ്കിന്റെ മറ്റൊരു സംരംഭവും ബഹിരാകാശ മേഖലയിലെ പ്രശസ്ത കമ്പനിയുമായ സ്പേസ് എക്സിൽ നിന്നുള്ള വിദഗ്ധർ ടോംഗയിൽ ഇന്റർനെറ്റ് പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് ടോംഗയുടെ സമീപരാജ്യങ്ങളിലൊന്നായ ഫിജിയിലെ അറ്റോണി ജനറൽ അയാസ് സയീദ് ഖയൂം ട്വിറ്ററിൽ അറിയിച്ചു.
പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപരാഷ്ട്രമായ ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതമാണു ജനുവരി ആദ്യവാരം പൊട്ടിത്തെറിച്ചത്. 30 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ പൊട്ടിത്തറികളിൽ ഒന്നായിരുന്നു ഇത്. യുഎസ് ഉൾപ്പെടെ രാജ്യങ്ങളിൽ കടലാക്രമണ ഭീഷണി ഇതു മൂലം ഉടലെടുത്തിരുന്നു. ദുരന്തത്തിൽ മൂന്നു പേരാണു കൊല്ലപ്പെട്ടതെങ്കിലും ടോംഗയുടെ സാമൂഹിക, സാമ്പത്തിക, ആശയവിനിമയ മേഖലകളിൽ ദുരന്തം വൻ നാശനഷ്ടങ്ങൾക്ക് ഇടവരുത്തി. ടോംഗയുടെ കീഴിൽ 169 ദ്വീപുകളുണ്ട്. കേവലം ഒരുലക്ഷമാണ് ഈ രാജ്യത്തെ ജനസംഖ്യ.
60 ലക്ഷം ടൺ ടിഎൻടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചത്. ലോകം ചുറ്റി സഞ്ചരിച്ച ഒരു സോണിക് ബൂം പ്രതിഭാസത്തിനും വിസ്ഫോടനം വഴിയൊരുക്കി. അഗ്നിപർവത വിസ്ഫോടനത്തിന്റെ തുടർപ്രതിഭാസമെന്ന നിലയിൽ 6.2 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം രണ്ടാഴ്ചയ്ക്കു ശേഷം ടോംഗയിലെ ലിഫുക ദ്വീപിനു സമീപം സംഭവിച്ചു. 14.5 ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ഇത്രയും ദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് ടോംഗയെയാണ്.
അഗ്നിപർവത വിസ്ഫോടനത്തിന്റെ ചാരം 50 കിലോമീറ്ററുകളോളം ഉയരുകയും ഇതു ടോംഗയെ വലയം ചെയ്തു നിൽക്കുകയും ചെയ്തു. ഇതു മൂലം നാശനഷ്ടങ്ങളുടെ വ്യാപ്തി ഉപഗ്രഹങ്ങൾ ഉപയോഗിച്ച് അളക്കുന്നതിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. വിസ്ഫോടനത്തിന്റെ ആഘാതം നിമിത്തം ഒരു ദ്വീപ് പൂർണമായും മുങ്ങി. മൂന്നു ദ്വീപുകളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ ഉപയോഗശൂന്യമായി. ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും ഭാഗികമായും തകരാറിലായി. ഇന്റർനെറ്റിനും ഫോൺകോളുകൾക്കും ദ്വീപിൽ തടസ്സം നേരിട്ടു. ഈ പ്രതിസന്ധിക്ക് പരിഹാരമേകാൻ ഇലോൺ മസ്ക് തുടക്കം മുതൽ ശ്രമിച്ചിരുന്നു. ടോംഗൻ അധികൃതർക്കു വിരോധമില്ലെങ്കിൽ തന്റെ കമ്പനിയിൽ നിന്നുള്ള വിദഗ്ധരെ അങ്ങോട്ടേക്ക് അയയ്ക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
രണ്ടായിരത്തോളം ഉപഗ്രഹങ്ങളടങ്ങിയ വമ്പൻ ഇന്റർനെറ്റ് വിതരണ ശൃംഖല ബഹിരാകാശത്ത് സ്റ്റാർലിങ്ക് ഒരുക്കിയിട്ടുണ്ട്. 25 രാജ്യങ്ങളിലായി ഒന്നര ലക്ഷത്തോളം ഉപയോക്താക്കൾ കമ്പനിക്കുണ്ട്.
English Summary: Elon Musk helping restore internet to Tonga after tsunami, officials say