ADVERTISEMENT

അടുത്തിടെയാണ് ഒരു ചെമ്മരിയാടിനു കൃത്രിമ കണ്ണുകള്‍ വിജയകരമായി ഘടിപ്പിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മനുഷ്യരിലും കൃത്രിമനേത്രങ്ങള്‍ ഘടിപ്പിക്കാന്‍ ശാസ്ത്രത്തിനാവുമോ? എന്ന ചോദ്യം അപ്പോള്‍ മുതല്‍ തന്നെ ഉയരുന്നുണ്ട്. അത് സാധ്യമാണെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ അറിയിക്കുന്നത്. ഇതു സംബന്ധിച്ച ഗവേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മനുഷ്യരില്‍ പരീക്ഷണം അടുത്തു തന്നെ ആരംഭിക്കുമെന്നും സിഡ്‌നി സര്‍വകലാശാലയിലേയും ന്യൂ സൗത്ത് വെയില്‍സിലേയും ഗവേഷകര്‍ അറിയിച്ചു കഴിഞ്ഞു. 

 

കൃത്രിമ നേത്രം പിടിപ്പിച്ച ചെമ്മരിയാടിന്റെ കണ്ണിനോട് ചേര്‍ന്നുള്ള കോശങ്ങളില്‍ അപ്രതീക്ഷിത അണുബാധയൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകനായ സാമുവല്‍ ഏഗന്‍ബര്‍ഗര്‍ പറഞ്ഞിരുന്നു. ഇതും മനുഷ്യരിലേക്ക് പരീക്ഷണം വ്യാപിപ്പിക്കാനാകുമെന്ന സൂചനകള്‍ നല്‍കുന്നുണ്ട്. 

 

ഫോണിക്‌സ് 99 എന്നാണ് കൃത്രിമ കണ്ണിന് നിര്‍മാതാക്കള്‍ നല്‍കിയ പേര്. കണ്ണടയില്‍ ഘടിപ്പിച്ച ചെറു ക്യാമറകള്‍ വഴി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ഇലക്ട്രിക് സിഗ്നലുകളായി കൃത്രിമ കണ്ണിന്റെ റെറ്റിനയിലേക്ക് അയക്കുകയാണ് രീതി. കണ്ണിലെ പേശികള്‍ ഇത് തിരിച്ചറിഞ്ഞു തുടങ്ങിയാല്‍ ദൃശ്യങ്ങള്‍ തലച്ചോറിലെത്തുകയും കാഴ്ച സാധ്യമാവുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. ഏതാണ്ട് ഒരു ലക്ഷം ഡോളര്‍ വരെ ചെലവു വരുമെന്നതാണ് ഈ കൃത്രിമ നേത്രങ്ങളുടെ ഒരു പ്രധാന ന്യൂനത. ഇപ്പോഴും ഗവേഷണം പ്രാരംഭ ഘട്ടത്തിലാണെന്നതും വസ്തുതയാണ്. 

 

ലോകത്ത് തന്നെയുള്ള കാഴ്ച പ്രശ്‌നങ്ങള്‍ ബാധിച്ചവരില്‍ 20 ശതമാനത്തോളം ഇന്ത്യയിലാണെന്നാണ് 2019ലെ ഒരു റിപ്പോര്‍ട്ട് പറയുന്നത്. ലോകത്താകെ ഏതാണ്ട് 220 കോടി മനുഷ്യര്‍ക്ക് കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടും പറയുന്നുണ്ട്. ഈ മനുഷ്യര്‍ക്കെല്ലാം ഇത്തരം സാങ്കേതികവിദ്യയും കണ്ടെത്തലുകളും അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ.

 

English Summary: Human Trials Of Bionic Eyes Very Soon, After Restoring 'Sharp Eyesight' In Sheep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com