ADVERTISEMENT

ഏഴ് വർഷത്തെ ബഹിരാകാശ സഞ്ചാരത്തിനു ശേഷം മൂന്ന് ടൺ ഭാരമുള്ള ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങൾ ചന്ദ്രനിൽ പതിക്കുകയും ചന്ദ്രോപരിതലത്തിൽ 65 അടി വീതിയുള്ള ഗർത്തം രൂപപ്പെടുകയും ചെയ്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദഗ്ധരുടെ അഭിപ്രായത്തിൽ, വെള്ളിയാഴ്ച രാവിലെ 7.25 നാണ് റോക്കറ്റിന്റെ ഭീമൻ ഭാഗം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത്. 

 

സംഭവം നടക്കുമ്പോൾ നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ മറ്റൊരു ഭാഗത്തായിരുന്നു. ഇതിനാൽ ദൃശ്യങ്ങൾ പകര്‍ത്താൻ സാധിച്ചിട്ടില്ല. ‘തീർച്ചയായും ചന്ദ്രോപരിതലത്തിലെ പുതിയ ഗർത്തം കണ്ടെത്താൻ താൽപര്യമുണ്ട്, വരും ആഴ്ചകളിലും മാസങ്ങളിലും അത് ചെയ്യാൻ ശ്രമിക്കുമെന്ന് ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ മിഷന്റെ ഡെപ്യൂട്ടി പ്രോജക്ട് ശാസ്ത്രജ്ഞൻ ജോൺ കെല്ലർ പറഞ്ഞു.

 

ഇത് സംഭവിക്കുമ്പോൾ ഓർബിറ്റർ അതിനടുത്തായിരുന്നില്ല, ഇതിനാൽ ഞങ്ങൾക്ക് അത് നേരിട്ട് നിരീക്ഷിക്കാൻ കഴിഞ്ഞില്ല. ഓർബിറ്ററിലെ ഓൺ‌ബോർഡ് ക്യാമറകൾക്ക് ഗർത്തം കണ്ടെത്തുന്നതിന് മതിയായ റെസലൂഷനുണ്ട്. പക്ഷേ ചന്ദ്രനിൽ ഗർത്തങ്ങൾ നിറഞ്ഞതാണ്, അതിനാൽ മുൻപും ശേഷവുമുള്ള ചിത്രങ്ങളെ അടിസ്ഥാനമാക്കി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ചൈനീസ് റോക്കറ്റുകളും ഉപേക്ഷിച്ച നിലയങ്ങളും ഭൂമിയിലുള്ളവർക്ക് എന്നും ഭീഷണിയാണ്. ചൈന വിക്ഷേപിച്ച റോക്കറ്റുകളുടെ ഭാഗങ്ങൾ പലപ്പോഴും ഭൂമിയിൽ പതിക്കാറുമുണ്ട്. മാർച്ച് ആദ്യത്തിൽ തന്നെ ചൈനീസ് റോക്കറ്റിന്റെ ഭാഗം ചന്ദ്രനിൽ പതിക്കുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു. നേരത്തേ വന്ന റിപ്പോർട്ടുകൾ പ്രകാരം സ്പേസ്എക്സ് റോക്കറ്റ് ചന്ദ്രനിൽ പതിക്കുമന്നായിരുന്നു. എന്നാൽ, ഗവേഷകരുടെ പുതിയ നിരീക്ഷണപ്രകാരം ചന്ദ്രനിൽ പതിക്കാൻ പോകുന്നത് ചൈനീസ് റോക്കറ്റിന്റെ ഭാഗമാണെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

 

ചൈനീസ് ബഹിരാകാശ ഏജൻസിയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി 2014-ൽ വിക്ഷേപിച്ച ചാങ്ഇ 5- ടി1 ന്റെ ബൂസ്റ്ററായ 2014-065B ആണ് ഇപ്പോൾ നിയന്ത്രണം വിട്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങിയത്. ശാസ്ത്രജ്ഞനായ ബിൽ ഗ്രേയാണ് അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം ആദ്യം നടത്തിയത്. സ്പേസ് എക്സ് റോക്കറ്റ് എന്ന് നേരത്തേ പറഞ്ഞത് തനിക്ക് സംഭവിച്ച തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

∙ ആവശ്യത്തിന് ഇന്ധനം വേണം

 

ഭൂമിയിലേക്കു തിരിച്ചിറക്കാൻ പദ്ധതിയിടുന്ന റോക്കറ്റുകളുടെയും മറ്റും അവസാന സ്റ്റേജിൽ ആവശ്യത്തിന് ഇന്ധനം ഉറപ്പാക്കണമെന്നാണു ബഹിരാകാശ ഏജൻസികൾക്കിടയിലെ പൊതു തത്വം. ബഹിരാകാശത്തെ മാലിന്യങ്ങൾ കുറയ്ക്കാൻ ഇനി വിക്ഷേപിക്കുന്ന റോക്കറ്റുകളിൽ കഴിയുന്നത്രയും തിരിച്ചിറക്കുകയാണു ലക്ഷ്യമിടുന്നത്. ചൈനയുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയും ആവശ്യത്തിന് ഇന്ധനം റോക്കറ്റിൽ ഉണ്ടായിരുന്നില്ല എന്നതാണ്. ഇന്ധനം ഉണ്ടായിരുന്നെങ്കിൽ റോക്കറ്റ് ഭൂമിയിലേക്കു തിരിച്ചിറക്കാൻ കഴിയുമായിരുന്നു.

 

∙ പ്രോജക്ട് പ്ലൂട്ടോ

 

പ്രോജ‌ക്ട് പ്ലൂട്ടോ എന്ന സൗജന്യ അസ്ട്രോണമിക്കൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു ബിൽ ഗ്രേയും ടീമും പഠനം നടത്തിയത്. ഫാൽക്കൺ റോക്കറ്റിനു സമാനമായി അതേ മേഖലയിൽ സഞ്ചരിക്കുന്ന ഒട്ടേറെ ബഹിരാകാശ അവശിഷ്ടങ്ങളുണ്ട്. അവയുടെയൊക്കെ സഞ്ചാരപാതയിലെ ചെറിയ മാറ്റങ്ങൾപോലും ഗ്രേയും സംഘവും സോഫ്റ്റ്‌വെയർ സഹായത്തോടെ കണ്ടെത്തും. ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണത്തിനു മധ്യത്തിലായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ വസ്തുക്കൾക്കു മൂന്നു സാധ്യതകളാണുള്ളത്. ചന്ദ്രന്റെ ആകർഷണത്തിൽ ചന്ദ്രനിൽ പതിക്കുക, ഭൂമിയുടെ ആകർഷണത്തിൽ ഭൂമിയിലേക്കു പതിക്കുക, ഇവയുടെ രണ്ടിന്റെയും ആകർഷണത്തിൽ ഉയർന്ന തോതിലുള്ള ഊർജം സംഭരിച്ച് സൂര്യനടുത്തേക്ക് എറിയപ്പെടുക എന്നിവയാണ് ആ സാധ്യതകൾ. മറ്റു രണ്ടു സാധ്യതകളിൽ നിന്നും പുതുതായി ഒന്നും പഠിക്കാനില്ലാത്തതിനാൽ ചന്ദ്രനിൽ റോക്കറ്റ് പതിക്കുന്നതു മറ്റുള്ളവയെക്കാൾ സന്തോഷമുള്ള കാര്യമാണെന്നാണു ഗ്രേ പറഞ്ഞത്.

 

∙ ബഹികാകാശ മാലിന്യത്തിന്റെ ഭീകരത

 

മനുഷ്യർ ബഹിരാകാശത്തേക്കു വിക്ഷേപിക്കുന്ന റോക്കറ്റുകളുടെയും സാറ്റലൈറ്റുകളുടെയും വലിയൊരു ഭാഗവും ഉപയോഗ കാലാവധിക്കു ശേഷം ബഹിരാകാശത്തുതന്നെ പറന്നു നടക്കുന്നത് പതിവാണ്. ഇവയിൽ പലതും തമ്മിൽ കൂട്ടിയിടികൾ ഉണ്ടാകുകയും ചെയ്യാറുണ്ട്. പ്രവർത്തനക്ഷമമായ സാറ്റലൈറ്റ്, ബഹിരാകാശ നിലയം എന്നിവയിലേക്കു ബഹിരാകാശ മാലിന്യം വന്നിടിച്ചു കേടുപാടുകൾ ഉണ്ടാകുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ബഹിരാകാശത്തു വലിയ ഭീഷണിയാണ് ഈ മാലിന്യങ്ങൾ ഉയർത്തുന്നത്. പലതും ഭൂമിയിലേക്കു പതിക്കാറുണ്ടെങ്കിലും അന്തരീക്ഷത്തിൽ ഇവ കത്തിത്തീരുകയാണു ചെയ്യുക. ഭൗമോപരിതലത്തിലേക്ക് ഇവ പതിക്കുന്ന സംഭവങ്ങൾ വളരെക്കുറച്ചു മാത്രമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഭൂമിക്കു പുറത്ത് മറ്റൊരു ബഹിരാകാശ വസ്തുവിലേക്ക് ഈ മാലിന്യങ്ങൾ പതിക്കുന്ന സംഭവം ഇതുവരെ ഉണ്ടായിട്ടില്ലാത്തതാണ്.

 

നാസയുടെ കണക്കുകൾ പ്രകാരം 20,000ലധികം ബഹിരാകാശ അവശിഷ്ടങ്ങളാണു ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഗവേഷകർ അടുത്തിടെ നടത്താനിരുന്ന ബഹിരാകാശ നടത്തം ഉപേക്ഷിച്ചതിന്റെ കാരണവും ഇതു തന്നെയായിരുന്നു; ബഹിരാകാശ അവശിഷ്ടങ്ങൾ വന്നിടിച്ചു ഗവേഷകർക്കു ജീവഹാനി സംഭവിക്കാൻ ഇടയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നായിരുന്നു അത്. കാലാവധി കഴിഞ്ഞ സാറ്റലൈറ്റിനെ തകർക്കാൻ റഷ്യ മിസൈൽ ഉപയോഗിച്ചു ബഹിരാകാശത്തു സ്ഫോടനം നടത്തിയത് 1500ലധികം അവശിഷ്ടങ്ങളെയാണു സൃഷ്ടിച്ചത്. ഇതു കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു.

 

ബഹിരാകാശ മാലിന്യങ്ങൾ കൂടുമ്പോഴും ചെറു ഉപഗ്രഹങ്ങളുടെ എണ്ണം കാര്യമായി വർധിക്കുന്നത് ഭാവിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണു പല പഠനങ്ങളും ഗവേഷകരും ഉറപ്പിച്ചു പറയുന്നത്. എന്നാൽ ഇതിനിടയിലാണു സ്പേസ് എക്സിന്റെ തന്നെ സ്റ്റാർ ലിങ്ക് എന്ന ഉപഗ്രഹാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് ഉപഗ്രഹങ്ങളാണു വിക്ഷേപിക്കുന്നത്. ആയിരത്തിലധികം ഉപഗ്രഹങ്ങൾ ഇതിനകം വിക്ഷേപിച്ചു കഴിഞ്ഞു. എയർടെലിനു പങ്കാളിത്തമുള്ള വൺവെബും സമാന പദ്ധതിക്കായി ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയാണ്. ഉവയുടെയെല്ലാം ഉപയോഗ കാലയളവ് കഴിയുമ്പോൾ ബഹിരാകാശ മാലിന്യമായി മാറുന്നതോടെ എന്താകും സ്ഥിതിയെന്ന ആശങ്ക പല ഗവേഷകരും ഇതിനകം പങ്കുവച്ചു കഴിഞ്ഞു.

 

English Summary: Rogue 3-tonne piece rocket debris collides with Moon, creates crater

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com