ADVERTISEMENT

യൂറോപിലെ ഏറ്റവും വലിയ ആണവ നിലയം യുക്രെയ്‌നിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊരു ചെര്‍ണോബില്‍ ദുരന്തം റഷ്യയുടെ ആക്രമണത്തിന്റെ ഫലമായി സംഭവിച്ചേക്കുമെന്ന ആശങ്ക പല ആണവ വിദഗ്ധരും പങ്കുവച്ചുകഴിഞ്ഞു. ഇത് ആണവ ഭീകരതയെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി തന്നെ പറഞ്ഞത്. വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ചെര്‍ണോബിലിന്റെ പത്ത് മടങ്ങ് വലുപ്പത്തിലുള്ള ആണവദുരന്തമാണ് യുക്രെയ്‌നെ കാത്തിരിക്കുന്നതെന്നും ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 

 

1986 ഏപ്രിലില്‍ യുക്രെയ്‌നിലെ പ്രിപ്യാറ്റിന് സമീപത്തെ ചെര്‍ണോബില്‍ ആണവനിലയത്തിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ മധ്യ യൂറോപിനെ ദശാബ്ദങ്ങളോളം ബാധിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ആണവ പ്ലാന്റ് അപകടമായാണ് ചെര്‍ണോബില്‍ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ചെര്‍ണോബിലുമായി സപോറീഷ്യ ആണവ നിലയത്തെ താരതമ്യം ചെയ്യാനാവില്ലെന്നാണ് ഒരുകൂട്ടം വിദഗ്ധര്‍ അറിയിക്കുന്നത്. 

 

പ്രധാന വ്യത്യാസം സപോറീഷ്യ ആണവോര്‍ജ നിലയത്തിലെ ഓരോ റിയാക്ടറുകളും ഉരുക്കും കോണ്‍ക്രീറ്റും ഉപയോഗിച്ചുള്ള സംരക്ഷക ഭിത്തിക്കുള്ളിലാണ് എന്നതാണ്. വിമാനം വന്നിടിച്ചാല്‍ ഉണ്ടാകുന്ന ആഘാതത്തെ പോലും ചെറുക്കാന്‍ ഇതിന് ശേഷിയുണ്ട്. സപോറീഷ്യയെ സംബന്ധിച്ച് ഏറ്റവും മോശം സാധ്യത 2011ല്‍ ജപ്പാനിലെ ഫുക്കുഷിമയിലുണ്ടായ ആണവചോര്‍ച്ചയോളം മാത്രമേ വരൂ. ചെര്‍ണോബിലിനെ അപേക്ഷിച്ച് ഫുക്കുഷിമയില്‍ നേരിട്ട് മനുഷ്യര്‍ക്ക് ജീവനാശം സംഭവിച്ചിരുന്നില്ല.

 

ഫുക്കുഷിമയില്‍ സുനാമിയെ തുടര്‍ന്ന് 33 അടി വരെ ഉയരത്തില്‍ ആഞ്ഞടിച്ച തിരകളാണ് ആണവോര്‍ജ നിലയത്തിന്റെ സംരക്ഷണം തകര്‍ത്തത്. അന്ന് ജപ്പാനില്‍ സുനാമിയെ തുടര്‍ന്ന് 19,000ത്തോളം മനുഷ്യര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. ഫുക്കുഷിമയിലെ കൂളിങ് സംവിധാനത്തിന് ഇന്ധനം നല്‍കുന്ന ജനറേറ്ററുകളെ കൂടി തകര്‍ത്തതോടെ ആണവോര്‍ജ നിലയത്തില്‍ ആണവ ചോര്‍ച്ച സംഭവിക്കുകയായിരുന്നു. 2,000ത്തിലേറെ പേരെ ഇതേത്തുടര്‍ന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. 

 

അപകട സാധ്യത കുറവാണെങ്കിലും മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ സപോറീഷ്യ എത്രത്തോളം ചെറുത്തു നില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ആകെയുള്ള ആറ് റിയാക്ടറുകളില്‍ ഒരെണ്ണം മാത്രമാണ് നിലവില്‍ സപോറീഷ്യയില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റു റിയാക്ടറുകള്‍ തണുപ്പിച്ച് സൂക്ഷിച്ചിരിക്കുകയാണ്. ചെര്‍ണോബിലില്‍ ഗ്രാഫൈറ്റ് നിയന്ത്രിത റിയാക്ടറുകളാണെങ്കില്‍ സപോറീഷ്യയില്‍ ജലനിയന്ത്രിത സംവിധാനമാണുള്ളത്. ഇത് ചെര്‍ണോബിലിനെ അപേക്ഷിച്ച് സപോറീഷ്യയിലെ റിയാക്ടറുകളില്‍ തീപിടിക്കാനുള്ള സാധ്യത കുറക്കുന്നുമുണ്ട്.

 

English Summary: Could Ukraine nuclear plant really trigger a blast '10 times larger than Chernobyl'?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com