ബുധന്റെ ഭാഗങ്ങള്‍ ഭൂമിയില്‍ ഒളിച്ചിരിക്കുന്നുണ്ടോ? പുതിയ വെളിപ്പെടുത്തലുമായി ശാസ്ത്രലോകം
Mail This Article
ബുധന്റെ ഭാഗങ്ങള്‍ ഭൂമിയില്‍ ഒളിച്ചിരിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ഇപ്പോള്‍ ശാസ്ത്ര ലോകം കരുതുന്നത്. ഒരുകാലത്ത് ഇപ്പോഴുള്ളതിനേക്കാള്‍ വലിയ ഗ്രഹമായിരുന്നു ബുധനെന്നും പിന്നീടുണ്ടായ കൂട്ടിയിടികളിലാണ് ബുധന്‍ ശോഷിച്ച് ഇന്നു കാണുന്ന വലുപ്പത്തിൽ എത്തിയതെന്നുമാണ് കരുതപ്പെടുന്നത്. ഇത്തരം കൂട്ടിയിടിയുടെ ഭാഗമായി ബുധനില്‍ നിന്നും വേര്‍പെട്ട് അകന്നു പോയ ഭാഗങ്ങളില്‍ പലതും ഇന്ന് ഭൂമിയിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇപ്പോഴത്തെ ബുധന്റെ ഇരട്ടി വലുപ്പമുണ്ടായിരുന്നു ആദ്യകാലത്ത് ഈ ഗ്രഹത്തിന്. അകക്കാമ്പ് വരെ പിളര്‍ന്നു പോയ വന്‍ കൂട്ടിയിടിയാണ് സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്ന ബുധന്റെ വലുപ്പം കുറച്ചുകളഞ്ഞത്. ഫ്രാന്‍സിലെ ലോറെയ്ന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ സിദ്ധാന്തം തെളിവു സഹിതം അവതരിപ്പിക്കുന്നത്. മാര്‍ച്ചില്‍ ന്യൂയോര്‍ക്കില്‍ നടന്ന ശാസ്ത്ര കോണ്‍ഫറന്‍സിനിടെയാണ് ഈ ആശയം ശാസ്ത്രജ്ഞര്‍ ആദ്യമായി പൊതുവേദിയില്‍ അവതരിപ്പിച്ചത്.
ഇപ്പോള്‍ മനുഷ്യരുടെ പക്കലുള്ള ഉല്‍ക്കാ ശേഖരത്തില്‍ സൂര്യനോട് ചേര്‍ന്നുള്ള ബുധനില്‍ നിന്നോ ശുക്രനില്‍ നിന്നോ കാര്യമായ സംഭാവനകളില്ലെന്നാണ് കരുതിയിരുന്നത്. ഭൂമിയിലെ പല കാഴ്ചബംഗ്ലാവുകളിലും ശേഖരങ്ങളിലുമായി ആകെ 70.000ത്തോളം ഉല്‍ക്കകളാണ് ഉള്ളതെന്നാണ് മെറ്റിയൊരിറ്റിക്കല്‍ സൊസൈറ്റിയുടെ കണക്ക്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഉല്‍ക്കാ മേഖലയില്‍ നിന്നുള്ളവയാണ് ഇവയിലെ ഭൂരിഭാഗവും. 500 എണ്ണം ചന്ദ്രനില്‍ നിന്നും 300ഓളം എണ്ണം ചൊവ്വയില്‍ നിന്നുമുള്ളവയാണെന്ന് കണക്കാക്കപ്പെടുന്നു.
സൂര്യന്റെ ആകര്‍ഷണം ശക്തമായതിനാല്‍ ബുധനില്‍ നിന്നും ശുക്രനില്‍ നിന്നുമുള്ള വസ്തുക്കള്‍ ഭൂമിയിലേക്ക് എത്താന്‍ സാധ്യത കുറവാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. എന്നാല്‍, അത് തെറ്റാണെന്നാണ് ഓബ്രൈറ്റ്‌സ് എന്ന അപൂര്‍വയിനം പാറകള്‍ തെളിയിക്കുന്നത്. 1836ല്‍ ഫ്രാന്‍സിലെ ഓബ്രെസ് എന്ന ഗ്രാമത്തില്‍ നിന്നാണ് ആദ്യമായി ഈ പാറ ലഭിക്കുന്നത്. അങ്ങനെയാണ് അവയ്ക്ക് ഓബ്രൈറ്റ്‌സ് എന്ന പേര് ശാസ്ത്രലോകം നല്‍കുന്നത്.
കുറഞ്ഞ അളവില്‍ മാത്രം ലോഹാംശമുള്ള വിളറിയ നിറമുള്ള കല്ലുകളാണിവ. തിളച്ചു മറിയുന്ന മാഗ്മ സമുദ്രത്തില്‍ പിറവികൊണ്ട ഇവയില്‍ ഓക്‌സിജന്റെ സാന്നിധ്യവും കുറവായിരിക്കും. ഇതുവരെ ഭൂമിയില്‍ 80 ഓബ്രൈറ്റ്‌സുകളെ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. ഓബ്രൈറ്റ്‌സ് ബുധനിലാണ് ജന്മമെടുത്തത് എന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.
ബുധനില്‍ സംഭവിച്ച കൂട്ടിയിടിയെ തുടര്‍ന്ന് ഓബ്രൈറ്റ്‌സുകളില്‍ പലതും പുറത്തേക്ക് തെറിക്കുകയും സൗര കാറ്റിന്റെ പ്രഭാവത്തില്‍ ഉല്‍ക്കാ മേഖലയില്‍ എത്തിപ്പെടുകയും ചെയ്‌തെന്നാണ് കരുതെന്നാണ് ഫ്രാന്‍സില്‍ നിന്നുള്ള പ്രപഞ്ച ശാസ്ത്രജ്ഞയായ കാമില്ലെ കാര്‍ട്ടിയര്‍ പറയുന്നത്. പിന്നീട് ഇവ ഭൂമിയിലേക്ക് എത്തിപ്പെടുകയും ചെയ്തു. ഓബ്രൈറ്റ്‌സ് സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നും ഇവയില്‍ നിക്കലിന്റേയും കൊബാള്‍ട്ടിന്റേയും അംശം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതും ബുധനില്‍ നിന്നുള്ളവയാണ് ഈ കല്ലുകളെന്നതിന്റെ തെളിവുകളായി കണക്കാക്കാം. നമ്മുടെ ഭൂമി ബുധന്‍ മുതലിങ്ങോട്ടുള്ള ഗ്രഹങ്ങളുടെ ഭാഗങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന ആശയത്തിന് ഇതോടെ കൂടുതല്‍ പ്രചാരം ലഭിച്ചിരിക്കുകയാണ്.
English Summary: Are Ancient Remains Of Mercury Hiding On Earth? Here's Why Scientists Think So