കാലാവസ്ഥാ വ്യതിയാനത്തിൽ ക്രിപ്റ്റോയ്ക്കും ബിറ്റ്‌കോയിനും എന്തുകാര്യം?
Mail This Article
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ക്രിപ്റ്റോ കറൻസിയുടെ ജനകീയത ഉയർന്നു വരികയാണ്. എന്നാൽ അതോടൊപ്പം ക്രിപ്റ്റോ കാരണമുണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള ആകുലതകളും ഉയരുന്നുണ്ട്. കംപ്യൂട്ടർ ഉപയോഗിച്ച് ക്രിപ്റ്റോ വിനിമയങ്ങൾ സ്ഥിരീകരിക്കുകയും പുതിയ നാണയങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ക്രിപ്റ്റോ മൈനിങ് എന്ന പ്രക്രിയ കുറെക്കാലമായി പരിസ്ഥിതി വിനാശത്തെ കുറിച്ചുള്ള ചർച്ചയുടെ ഉറവിടമാണ്. അമിതജോലി ചെയ്യുന്ന പവർ ഗ്രിഡുകളെയും വായു മലിനീകരണത്തെയും പറ്റിയുള്ള ആശങ്കയും ലോകമാകെയുള്ള ക്രിപ്റ്റോ മൈനിങ് സമൂഹത്തെ ബാധിച്ചിരിക്കുന്നു.
വിനിമയങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും വൻതോതിൽ ഊർജം ആവശ്യമായ ബ്ലോക്ക്ചെയിനുകളുമായി ബന്ധപ്പെട്ടാണ് തല്ക്കാലം ഏറ്റവും വലിയ ക്രിപ്റ്റോ പ്രവർത്തനം നടക്കുന്നത്. ക്രിപ്റ്റോകറൻസി ലോകത്തെ പിന്തുടരുന്ന ഡിജിക്കണോമിസ്റ്റ് എന്ന വെബ്സൈറ്റ് പറയുന്നത് ബിറ്റ്‌കോയിൻ പ്രതിവർഷം ഏകദേശം 200 റ്റെറാവാട്ട്-അവേഴ്സ് ഊർജം ഉപയോഗിക്കുന്നുണ്ടെന്നാണ്. ബെൽജിയം, ചിലെ, അർജന്റീന പോലെയുള്ള ചില രാജ്യങ്ങൾ ഉപയോഗിക്കുന്ന ഊർജത്തിന്റെ അളവിലും കൂടുതലാകാമിത്!
∙ ആഘാതം
കോയിനുകൾ മൈൻ ചെയ്യാനുപയോഗിക്കുന്ന കംപ്യൂട്ടിങ് പവർ വളരെയുയർന്നതാണ്. എന്നാൽ എന്തിനാണ് സാങ്കേതികമായി അത്രയും ഊർജം ഉപയോഗിക്കേണ്ടി വരുന്നത്? ബ്ലോക്ക്ചെയിനുകൾ സ്ഥിരീകരിക്കുന്ന പ്രക്രിയ നടക്കണമെങ്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കംപ്യൂട്ടറുകൾ ഉപയോഗിച്ച് സങ്കീർണമായ സമവാക്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്. മൈനിങ് എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്രിയക്ക് ധാരാളം ഊർജം ഉപയോഗിക്കേണ്ടി വരുന്നു. ഇത്തരത്തിൽ പുതിയ ഡിജിറ്റൽ നാണയങ്ങൾ സൃഷ്ടിക്കുന്നതിനായി കംപ്യൂട്ടറുകൾ ചെലവിടുന്ന ഊർജത്തിൽ നിന്നാണ് ക്രിപ്റ്റോ കാരണമായ പരിസ്ഥികാഘാതത്തിന്റെ ഭൂരിഭാഗവും സംഭവിക്കുന്നത്. 'പ്രൂഫ് ഓഫ് വർക്ക്' (ജോലിയുടെ തെളിവ്) എന്നു വിളിക്കുന്ന പ്രക്രിയയാണ് ഇത്ര വലിയ ഊർജ ഉപഭോഗത്തിന്റെ പ്രധാന കാരണം.
ഇതിനായി ഉപയോഗിക്കുന്ന ഊർജത്തിന്റെ ഉറവിടം ഫോസിൽ ഇന്ധനമായ കൽക്കരിയാണ്. മൈനിങ് പ്രക്രിയയുടെ 40 ശതമാനവും നടക്കുന്നത് ഈ ഊർജമുപയോഗിച്ചാണ്. ബിറ്റ്‌കോയിനും മറ്റു പല ക്രിപ്റ്റോകറൻസികൾക്കും ആവശ്യമായ ഊർജ ഉപഭോഗം ഒട്ടും സുസ്ഥിരമല്ലെന്നും പരിസ്ഥിതിക്ക് ഭീഷണിയാണെന്നുമുള്ള വിമർശനത്തിന്റെ കാരണമിതാണ്.
മൈനിങ്ങിനെ കൂടാതെ ക്രിപ്റ്റോകറൻസി മൂലമുണ്ടാകുന്ന പരിസ്ഥികാഘാതത്തിന്റെ വലിയൊരു പങ്ക് വരുന്നത് മൈനിങ്ങിനുപയോഗിച്ചിരുന്ന പഴയ ഹാർഡ്‌വെയറുകൾ നിർമാർജനം ചെയ്യുന്നതിൽനിന്നാണ്. വിഷലിപ്തമായ ഇലക്ട്രോണിക് മാലിന്യമാണവ.
2021 മേയ് 21നു ടെസ്‌ല സിഇഒ ഇലോൺ മസ്ക് ഒരു പ്രഖ്യാപനം നടത്തി. ക്രിപ്റ്റോകറൻസി സുസ്ഥിരമായി നിർമിക്കാമെന്നുറപ്പു ലഭിക്കാത്തിടത്തോളം തന്റെ കമ്പനി ബിറ്റ്‌കോയിൻ സ്വീകരിക്കുകയില്ലെന്നായിരുന്നു ആ പ്രഖ്യാപനം. ഇത് ടെസ്‌ലയുടെ മാത്രം കാര്യമല്ല. ഇതുവരെ ക്രിപ്റ്റോകറൻസി വ്യവസായം, ഊർജ മേഖല, പ്രധാനപ്പെട്ട സർക്കാരിതര സംഘടനകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ഏകദേശം 35 കമ്പനികളും വ്യക്തികളും ചേർന്ന് ക്രിപ്റ്റോ ക്ലൈമറ്റ് അക്കോർഡ് എന്നൊരു കൂട്ടായ്മക്ക് രൂപം കൊടുത്തിട്ടുണ്ട്. 2025 ഓടെ ക്രിപ്റ്റോകറൻസി മേഖലയിൽ 100 ശതമാനവും ശുദ്ധ ഊർജത്തിന്റെ (ക്ലീൻ എനർജി) ഉപഭോഗം ഉറപ്പുവരുത്തലാണ് അവരുടെ ലക്ഷ്യം.
ക്രിപ്റ്റോ മൈനിങ് പരിസ്ഥിതിക്ക് ദോഷമാണെന്ന വാദത്തെ ക്രിപ്റ്റോ അനുകൂലികൾ ചോദ്യം ചെയ്യുന്നുണ്ട്. ക്രിപ്റ്റോയെ പിന്തുണക്കുന്നവരുടെ വാദം സാധാരണ നാണയങ്ങളുടെ ഉപയോഗവും വലിയ തോതിൽ ഊർജ ഉപഭോഗത്തിനിടയാക്കുന്നുണ്ട് എന്നാണ്. സ്വർണവും സ്റ്റീലും പോലെയുള്ള വസ്തുക്കളുടെ നിർമാണത്തിനാവശ്യമായ ആഗോളതലത്തിലുള്ള ഊർജത്തിന്റെ ഉപയോഗവും പാഴാക്കലുമായി താരതമ്യം ചെയ്യുമ്പോൾ ബിറ്റ്‌കോയിന് വേണ്ടിയുള്ള ഊർജ ഉപഭോഗം അപ്രധാനമാണെന്നാണ് ബിറ്റ്‌കോയിൻ അനുകൂലികളുടെ വാദം. എന്നിരുന്നാലും ഈ വിഷയത്തെ പറ്റി കൂടുതൽ പറയേണ്ടതുണ്ട്. ചില വിദഗ്ധരുടെ അഭിപ്രായം ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഉപയോഗിക്കാമെന്നാണ്.
∙ പ്രൂഫ് ഓഫ് വർക്കും പ്രൂഫ് ഓഫ് സ്റ്റേക്കും
ബിറ്റ്‌കോയിൻ പോലെയുള്ള ക്രിപ്റ്റോകറൻസികൾ ധാരാളം ഊർജം ആവശ്യമുള്ള 'പ്രൂഫ് ഓഫ് വർക്ക്' എന്ന മാർഗത്തിലൂടെയാണ് മൈൻ ചെയ്തെടുക്കുന്നതെന്നു നമുക്കറിയാം. എന്നാൽ ചില പുതിയ ക്രിപ്റ്റോകറൻസികൾ 'പ്രൂഫ് ഓഫ് സ്റ്റേക്ക്' (ഓഹരിയുടെ തെളിവ്) എന്ന മാർഗത്തിലൂടെ ഊർജ ഉപഭോഗം കുറയ്ക്കാൻ പരിശ്രമിക്കുന്നുണ്ട്. ഒരു സമവാക്യം പരിഹരിക്കുന്നതിന് പകരം തന്റെ കൈയിലുള്ള നാണയങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഒരു മൈനർക്ക് വിനിമയങ്ങൾ സാധൂകരിക്കാൻ കഴിയുന്ന മാർഗമാണിത്. ഈ സാധൂകരണ പ്രക്രിയക്ക് മറ്റു മാർഗത്തിന്റെയത്ര തീവ്രമായ കംപ്യൂട്ടിങ് പവർ ആവശ്യം വരുന്നില്ല.
ബിറ്റ്‌കോയിന് തൊട്ടടുത്ത് നിൽക്കുന്ന മറ്റൊരു ജനകീയമായ ക്രിപ്റ്റോകറൻസിയാണ് എഥീരിയം. ഒരു പുതിയ അടിസ്ഥാനസൗകര്യ മാതൃകയിലേക്കുള്ള മാറ്റം പൂർത്തിയാക്കിക്കൊണ്ട് മാസങ്ങൾക്കുള്ളിൽ തങ്ങളുടെ ഊർജ ഉപഭോഗം 99.95% കുറയ്ക്കാനാണ് എഥീരിയം ലക്ഷ്യമിടുന്നത്. ബിറ്റ്‌കോയിന്റെ 'പ്രൂഫ് ഓഫ് വർക്ക്' മാതൃകയിൽ നിന്ന് 'പ്രൂഫ് ഓഫ് സ്റ്റേക്ക്' സാധൂകരണ പ്രക്രിയയിലേക്ക് മാറിക്കൊണ്ട് ക്രിപ്റ്റോകറൻസി അതിടയാക്കുന്ന പരിസ്ഥികാഘാതം വെട്ടിക്കുറക്കാനൊരുങ്ങുകയാണ്.
∙ ഹരിത ക്രിപ്റ്റോകറൻസികൾ
2019 ലെ കണക്കനുസരിച്ച് 140 ലധികം ഗവേഷണ പരിപാടികളും സ്റ്റാർട്ടപ്പുകളും വ്യവസായ മേഖലയിലെ ഊർജ പ്രശ്നങ്ങൾക്ക് ബ്ലോക്ക്ചെയിൻ അധിഷ്ഠിതമായ പരിഹാരങ്ങളെക്കുറിച്ച് പഠിക്കാനും വിലയിരുത്താനും അവ വിനിയോഗിക്കാനും തുടങ്ങിക്കഴിഞ്ഞു. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ കാരണമാകുന്ന കാർബൺ ബഹിർഗമനം കുറയ്ക്കാനുതകുന്ന പുതിയ മാതൃകകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഹരിത ക്രിപ്റ്റോകറൻസികളുടെ സാങ്കേതികവിദ്യയിലേക്കാണ് ഇത് നമ്മെ എത്തിക്കുന്നത്.
എഥീരിയത്തിനു പുറമേ, അധികം അറിയപ്പെടാത്ത മറ്റു ധാരാളം ഹരിത ക്രിപ്റ്റോകറൻസികളും സുസ്ഥിരതയിലൂന്നിക്കൊണ്ട് ക്രിപ്റ്റോ വിപണിയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നുണ്ട്. അവയിലൊന്നാണ് കാർഡാണോ (Cardano). എഥീരിയത്തിന്റെ സഹസ്ഥാപകൻ രൂപം കൊടുത്തിട്ടുള്ള ഒരു സുസ്ഥിര ക്രിപ്റ്റോകറൻസിയാണിത്. ബിറ്റ്‌കോയിന്റെ വിനിമയ സാധൂകരണ പ്രക്രിയ സെക്കൻഡിൽ ഏഴ് എന്ന നിരക്കിലാണ് നടക്കുന്നതെങ്കിൽ കാർഡാണോയുടെ വിനിമയങ്ങൾ സ്ഥിരീകരിക്കുന്നത് സംബന്ധിച്ച പ്രക്രിയയുടെ നിരക്ക് സെക്കൻഡിൽ ആയിരമാണ്. ഈ ക്രിപ്റ്റോകറൻസി ഈ പ്രക്രിയ മുഴുവൻ നിർവഹിക്കുന്നത് സുസ്ഥിരമായ 'പ്രൂഫ് ഓഫ് സ്റ്റേക്ക്' സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ ഇന്ന് ഏറ്റവുമധികം ജനകീയമായ ഹരിത ക്രിപ്റ്റോകറൻസികളിലൊന്നാണിത്.
സോളാർകോയിൻ (SLR), കാർഡാണോ (ADA), സ്റ്റെല്ലാർ (XLM), നാനോ (NANO) അയോട്ടാ (IOTA) എന്നിവ കുറഞ്ഞ പാരിസ്ഥികാഘാതമുണ്ടാക്കുന്ന മറ്റു ചില ഹരിത ക്രിപ്റ്റോകറൻസികളാണ്.
∙ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് വിദൂരമായ ഭാവി
ബ്ലോക്‌ചെയിനുകളും ഒറക്കിൾ നെറ്റ്‌വർക്കുകളും സംയോജിപ്പിച്ചുകൊണ്ട് യഥാർഥ ലോകത്തിലെ ഡേറ്റയെ ബ്ലോക്‌ചെയിനിലേക്ക് കൊണ്ടുവരികയാണെങ്കിൽ യന്ത്രസംവിധാനങ്ങളിലൂടെയുള്ള പരിസ്ഥിതി സൗഹൃദപരമായ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുക സാധ്യമാകും.
2022 ഏപ്രിലിൽ ചെയിൻലിൻക് ലാബ്സ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം, ശുദ്ധ ഊർജോപയോഗവും ഓട്ടമേഷന്റെ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്ന പരിഹാരങ്ങൾ ലഭ്യമാക്കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ വലിയൊരു പങ്ക് വഹിക്കുന്നതായിരിക്കും.
ശുദ്ധ ഊർജ ഉപയോഗവുമായി ബന്ധപ്പെട്ട പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിന് അനിവാര്യമായ പുതിയ പശ്ചാത്തല ചട്ടക്കൂട് (backend framework ) 'ഹൈബ്രിഡ് സ്മാർട് കോൺട്രാക്ടുകൾ' ആണെന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. വിവിധ തലത്തിലുള്ള പ്രക്രിയകൾ (multi-party processes ) രേഖപ്പെടുത്തുന്നതിനും പിന്തുടരുന്നതിനും പരിഹരിക്കുന്നതിനും ഈ സംവിധാനം ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയും സ്മാർട് കോൺട്രാക്ടുകളും ഉപയോഗിക്കുന്നു.
കൂടാതെ ഡേറ്റയും ബ്ലോക്‌ചെയിൻ ഇതര അടിസ്ഥാനസൗകര്യവും കോൺട്രാക്ടുകളിലേക്ക് ചേർക്കുന്നതിനായി ഈ സംവിധാനം ഒറാക്കിൾസ് അഥവാ സ്മാർട് കോൺട്രാക്ടുകളിൽ നിർമിച്ചെടുത്തിട്ടുള്ള ബ്ലോക്‌ചെയിനുകൾക്കാവശ്യമായ കംപ്യൂട്ടറുകൾക്ക് പരസ്പരം വച്ചുമാറാവുന്ന പരിഹാരങ്ങളും ഉപയോഗപ്പെടുത്തുന്നു.
പ്രതിഫലം ലഭിക്കുന്ന പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് വ്യക്തികളെ തങ്ങൾ കാരണമുണ്ടാകുന്ന കാർബൺ ബഹിർഗമനം കുറയ്ക്കാൻ പ്രചോദിപ്പിക്കാമെന്നും ഈ റിപ്പോർട്ട് പറയുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കാൻ രൂപം കൊടുത്തിട്ടുള്ള ബ്ലോക്‌ചെയിൻ അധിഷ്ഠിതമായ കരാറിന്റെ ലക്ഷ്യം കാണാൻ സഹായിക്കുന്ന ഉപഭോക്താക്കൾക്കും ക്രിപ്റ്റോയോ എൻഎഫ്ടി യോ പാരിതോഷികമായി നൽകാവുന്നതാണ്.
ക്രിപ്റ്റോകറൻസിയുടെ ഭാവി ശോഭനമാണെന്നു കാണാവുന്നതാണ്. പ്രത്യേകിച്ച് ആ രംഗത്തെ ഉന്നതരായ എഥീരിയം പോലെയുള്ളവർ സുസ്ഥിരതക്ക് നൽകുന്ന ഊന്നൽ കാണുമ്പോൾ. എല്ലാ ക്രിപ്റ്റോകറൻസികളും ഇന്ന് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതല്ല എന്നത് സ്വാഗതാർഹമായ ഒരു മാറ്റമാണ്. മാത്രമല്ല ചിലതെല്ലാം പരിസ്ഥിതിക്ക് സഹായകവുമാണ്.
ചുരുക്കിപ്പറഞ്ഞാൽ ശുദ്ധ ഊർജ നിക്ഷേപങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല, ഹരിത സാങ്കേതികവിദ്യയിൽ ശ്രദ്ധയൂന്നുക, ബിറ്റ്‌കോയിൻ കാരണമുള്ള കാർബൺ ബഹിർഗമനം ഒഴിവാക്കുക, പുനരുപയോഗം സാധ്യമായ ഊർജത്തിന്റെ ഉപയോഗം പരമാവധി കൂട്ടുക എന്നീ കാര്യങ്ങൾക്ക് മുൻഗണന നല്കുകയായിരിക്കണം ഈ രംഗത്തെ ലക്ഷ്യം.
വിവരങ്ങൾക്ക് കടപ്പാട്: Giottus Crypto Platform
English Summary: Cryptocurrency has a huge negative impact on Climate