ADVERTISEMENT

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തെളിവു കണ്ടെത്തുന്നതുവരെ തമോഗര്‍ത്തങ്ങള്‍ അഥവാ ബ്ലാക്ക് ഹോളുകള്‍ എന്നത് ഒരു ആശയം മാത്രമായിരുന്നു. ഇപ്പോള്‍ പ്രപഞ്ചത്തില്‍ എവിടെയും ശാസ്ത്രജ്ഞര്‍ തമോഗര്‍ത്തങ്ങളെ കണ്ടെത്തുന്നു. നമ്മുടെ നക്ഷത്ര സമൂഹമായ ക്ഷീരപഥത്തിന്റെ ഒത്ത നടുക്കുള്ള തമോഗര്‍ത്തത്തിന്റേയും എം87 നക്ഷത്ര സമൂഹത്തിലെ തമോഗര്‍ത്തത്തിന്റേയും ചിത്രങ്ങള്‍ വരെ എടുക്കാന്‍ നമുക്ക് ഇന്ന് സാധിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും തമോഗര്‍ത്തങ്ങളെക്കുറിച്ച് അറിയാനുള്ള കാര്യങ്ങള്‍ ഒരുപാട് ബാക്കിയാണ്. 

 

വലിയ ഭാരമുള്ള തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണ്. സാധാരണയായി വലിയ നക്ഷത്ര സമൂഹങ്ങളില്‍ മധ്യത്തിലായി തമോഗര്‍ത്തങ്ങള്‍ കണ്ടുവരാറുണ്ട്. സൂര്യനേക്കാള്‍ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ ഇരട്ടി ഭാരമുള്ളവയാണ് ഇവയില്‍ പലതും. ഇന്നും ഇത്തരം പടുകൂറ്റന്‍ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത് എങ്ങനെയെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രത്തിനു സാധിച്ചിട്ടില്ല. 

ഏറ്റവും പ്രധാനമായി രണ്ട് കാര്യങ്ങളാണ് തമോഗര്‍ത്തങ്ങളുടേതായി കണക്കാക്കാനുള്ളത്. ഒന്ന് അതിന്റെ ഭാരമാണെങ്കില്‍ രണ്ടാമത്തേത് അത് ഭ്രമണം ചെയ്യുന്ന വേഗമാണ്. ഭൂമിയില്‍ നിന്നും 360 കോടി പ്രകാശവര്‍ഷം അകലെയുള്ള ഒരു തമോഗര്‍ത്തത്തെക്കുറിച്ച് പഠനം നടത്തിയ ഗവേഷകയാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ജൂലിയ സിസ്‌ക് റെയ്‌നസ്. തമോഗര്‍ത്തത്തിന്റെ ഭാരവും ഭ്രമണ വേഗവും കണ്ടെത്തുകയെന്നത് ഒറ്റനോട്ടത്തില്‍ എളുപ്പമായി തോന്നുമെങ്കിലും അങ്ങനെയല്ലെന്നാണ് ജൂലിയ പറയുന്നത്. 

 

തമോഗര്‍ത്തത്തിന്റെ ഭാരം കണ്ടെത്തുക എളുപ്പമല്ലെങ്കിലും അതിന് പല മാര്‍ഗങ്ങളുമുണ്ട്. തമോഗര്‍ത്തങ്ങളുടെ ഭ്രമണവേഗം കണ്ടെത്തുകയെന്നതാണ് പ്രധാന വെല്ലുവിളി. ചന്ദ്ര എക്‌സ് റേ ഒബ്‌സര്‍വേറ്ററിയില്‍ നിന്നുള്ള വിവരങ്ങളാണ് ഇതിനായി ജൂലിയയെ സഹായിച്ചത്. H1821+643 നക്ഷത്രസമൂഹത്തിലെ തമോഗര്‍ത്തത്തെയാണ് ഇവര്‍ കൂടുതലായി പഠിച്ചത്. വളരെ വലിയ തമോഗര്‍ത്തമായ ഇതിന് ഏതാണ്ട് സൂര്യന്റെ ഭാരത്തിന്റെ 3,000 കോടി ഇരട്ടി ഭാരമുണ്ട്. ഇതിന്റെ ഭ്രമണ വേഗമാണ് വിചിത്രമായി തോന്നിയത്. സൂര്യനേക്കാള്‍ ലക്ഷക്കണക്കിന് ഇരട്ടി ഭാരമുള്ള തമോഗര്‍ത്തങ്ങളേക്കാള്‍ കുറഞ്ഞ വേഗത്തിലാണ് ഇവ ഭ്രമണം ചെയ്യുന്നത്. 

 

ഇതിന്റെ കാരണവും ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നുണ്ട്. H1821+643 നക്ഷത്ര സമൂഹത്തിലെ തമോഗര്‍ത്തം പോലുള്ള വളരെ വലിയ തമോഗര്‍ത്തങ്ങള്‍ നക്ഷത്ര സമൂഹങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയിലൂടെയാണ് വലുതാവുന്നത്. ഇത്തരം കൂട്ടിയിടികളാണ് തമോഗര്‍ത്തത്തിന്റെ ഭ്രമണവേഗത്തെ കുറക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ ക്ഷീരപഥം മറ്റു നക്ഷത്ര സമൂഹങ്ങളുമായി കൂട്ടിയിടിക്കുമ്പോള്‍ എന്ത് സംഭവിക്കാനിടയുണ്ടെന്ന് തിരിച്ചറിയാനും ഈ വിവരങ്ങള്‍ പ്രപഞ്ചശാസ്ത്രജ്ഞരെ സഹായിക്കുന്നുണ്ട്.

 

English Summary: This Supermassive Black Hole Spins Slower Than Expected, And We Aren't Sure Why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com