ചന്ദ്രനിലെ വിഡിയോ 2 മിനിറ്റ് കട്ടായി: അന്യഗ്രഹജീവികളെ കണ്ടോ യാത്രികർ
Mail This Article
നാസയുടെ ചാന്ദ്ര ദൗത്യമായ ആർട്ടിമിസ് ആദ്യ രണ്ട് വിക്ഷേപണങ്ങളിൽ തടസ്സം നേരിട്ട ശേഷം ഈ ഒക്ടോബറിൽ ചന്ദ്രനിലേക്കു കുതിക്കുമെന്നാണ് കരുതപ്പെടുന്നത്. അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള യാത്രയാണിത്. ഈ യാത്രയ്ക്ക് മുൻപ് മനുഷ്യരെ ചന്ദ്രനിൽ എത്തിച്ചത് മറ്റൊരു യാത്രയായിരുന്നു. അപ്പോളോ എന്ന അതിപ്രശസ്തമായ ചന്ദ്ര യാത്രാദൗത്യങ്ങൾ. ഇക്കൂട്ടത്തിൽ ആദ്യമായിട്ട് ചന്ദ്രനിലെത്തിയ യാത്ര അപ്പോളോ 11. ഇതിന്റെ ഭാഗമായി നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ സ്പർശിച്ചെന്നും നമുക്കെല്ലാമറിയാവുന്ന കാര്യം.
1969 ജൂലൈ അപ്പോളോയുടെ ലൂണാർ മൊഡ്യൂൾ ആംസ്‌ട്രോങ്ങും ആൽഡ്രിനുമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. ഭൂമിയിലെ ഹൂസ്റ്റൺ നിയന്ത്രണനിലയവുമായി ചന്ദ്രയാത്രാദൗത്യം നിരന്തരം റേഡിയോ ആശയവിനിമയം പുലർത്തിയിരുന്നു. എന്നാൽ വാഹനം ചന്ദ്രോപരിതലം തൊട്ടതിനു പിന്നാലെ ഈ റേഡിയോ ആശയവിനിമയം നഷ്ടപ്പെട്ടു. രണ്ട് മിനിറ്റ് കഴിഞ്ഞാണ് ഇതു പുനസ്ഥാപിച്ചത്.
ആശയവിനിമയ സംവിധാനത്തിൽ വന്ന ഒരു അപര്യാപ്തതയാണ് ഇതിനു വഴിവച്ചതെന്ന് നാസ പറയുമ്പോൾ, അതല്ല മറിച്ച് അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട എന്തോ സംഭവമാണ് ഇതിനു വഴിവച്ചതെന്ന് ഗൂഢവാദക്കാർ സിദ്ധാന്തമുയർത്തി. ചന്ദ്രനിൽ അന്യഗ്രഹജീവികളുണ്ടെന്നും അവരെക്കുറിച്ചുള്ള തെളിവുകളോ അവരെത്തന്നെയോ കണ്ടുമുട്ടിയതാകാം ഈ സംഭവത്തിനു വഴിയൊരുക്കിയതെന്ന് ഗൂഢവാദക്കാർ പ്രസ്താവിച്ചു. ഡേവിഡ് ചൈൽഡ്രസ് തുടങ്ങിയ ഗൂഢവാദ സ്വയം പ്രഖ്യാപിത ഗവേഷകർ, ചന്ദ്രനിൽ അന്യഗ്രഹപേടകങ്ങൾ പാർക്ക് ചെയ്തിട്ടിരുന്നെന്നും അത് യാത്രികർ കണ്ടെന്നുമൊക്കെ വാദങ്ങൾ ഉയർത്തിവിട്ടു. ഏൻഷ്യന്റ് ഏലിയൻസ് ഓൺ ദ മൂൺ എന്ന പുസ്തകമെഴുതിയ മൈക് ബാറയെപ്പോലെയുള്ള ഗൂഢവാദക്കാർ, ആംസ്‌ട്രോങ്ങും ആൽഡ്രിനും അന്യഗ്രഹക്കാഴ്ച കണ്ട് അമ്പരന്ന് ഭയചകിതരായിപ്പോയെന്നും അവരുടെ പിന്നീടുള്ള ശരീരഭാഷയിൽ നിന്ന് അത് വ്യക്തമായിരുന്നെന്നും പ്രസ്താവനകളിറക്കി.
മൂൺലാൻഡിങ്ങിനു ശേഷമുള്ള യാത്രികരുടെ ശരീരഭാഷയിൽ നിന്ന് ഇതു വ്യക്തമായിരുന്നെന്നും മൈക് ബാറ പറഞ്ഞു. ഭൂമിയിൽ മറ്റാർക്കും സാധിക്കാത്ത ചന്ദ്രസ്പർശം സാധിച്ചതിലുള്ള ആഹ്ലാദമായിരുന്നില്ല അവർക്കെന്നും മറിച്ച് വിഷാദാത്മകമായ എന്തോ കണ്ടതുപോലെയുള്ള ഭാവങ്ങളായിരുന്നു കണ്ടതെന്നും മൈക് ബാറ പ്രസ്താവിച്ചിരുന്നു. അപ്പോളോ 11 വിജയമായതിനു ശേഷം 6 യാത്രാദൗത്യങ്ങൾ കൂടി നാസ ചന്ദ്രനിലേക്ക് അയച്ചിരുന്നു. അപ്പോളോ 17 ദൗത്യത്തിലെ യാത്രികനായ ജീൻ സെർനാനാണ് ചന്ദ്രനിൽ നടന്ന അവസാന മനുഷ്യൻ.
ആ ദൗത്യം കഴിഞ്ഞ് ഇത്രകാലം കഴിഞ്ഞിട്ടും പിന്നീട് ചന്ദ്രനിലേക്ക് നാസയുടെ യാത്രാ ദൗത്യങ്ങൾ എന്തുകൊണ്ടു പോയില്ലെന്ന ചോദ്യവും ഗൂഢവാദക്കാർ ഉയർത്തുന്നു. അന്യഗ്രഹ സാന്നിധ്യമാകാം അവരെ അതിൽ നിന്നു മാറ്റിനിർത്തിയതെന്നാണ് കാരണമായി ഇവർ പറയുന്നത്. എന്നാൽ ഇത്തരം കാര്യങ്ങളെല്ലാം നാസ കാലാകാലങ്ങളിൽ നിഷേധിച്ചിട്ടുണ്ട്.
English Summary: Artemis I vs Apollo 11: Why has it taken NASA so long to return to the moon?