ക്ലോണിങ്: പുതിയ പരീക്ഷവുമായി ചൈനീസ് ഗവേഷകർ; ദൈവത്തിന്റെ ജോലി മനുഷ്യന് ചെയ്യുന്നുവെന്ന് വിമർശനം
Mail This Article
ക്ലോണിങ്ങിലൂടെ വിജയകരമായി ആര്‍ട്ടിക് ചെന്നായയെ നിര്‍മിച്ച് ചൈനീസ് ഗവേഷകര്‍. പെണ് ആര്‍ട്ടിക് ചെന്നായയില്‍ നിന്നുള്ള കോശത്തെ ബീഗിള്‍ എന്നു വിളിക്കുന്ന കാട്ടുനായയുടെ ഭ്രൂണത്തില്‍ നിക്ഷേപിച്ചാണ് ക്ലോണിങ് നടത്തിയത്. ബീജിങ്ങിലെ സിനോജീന്‍ ബയോടെക്നോളജി കമ്പനി കഴിഞ്ഞ ജൂണില്‍ തന്നെ ക്ലോണിങ്ങിലൂടെ മായ എന്നു പേരിട്ട ആര്‍ട്ടിക് ചെന്നായയെ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ജനിച്ച് നൂറു ദിവസം പൂര്‍ത്തിയായി ഇത് ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവര്‍ വിവരം പുറത്തുവിട്ടത്.
ജൂണ്‍ പത്തിനാണ് മായ പിറന്നതെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. മായയുടെ വിഡിയോയും ചിത്രങ്ങളും സിനോജീന്‍ പുറത്തുവിട്ടിട്ടുണ്ട്. പട്ടി, പൂച്ച, കുതിര തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ ക്ലോണുകളെ ഉടമകളുടെ ആവശ്യത്തിനനുസരിച്ച് നിര്‍മിച്ച് നല്‍കുകയാണ് സെനോജീന്‍ ചെയ്യുന്നത്. എന്നാല്‍ ക്ലോണിങ്ങില്‍ കൂടുതല്‍ വൈദഗ്ധ്യം നേടുന്നതിന്റെ ഭാഗമാാണ് സെനോജീനിന്റെ ഈ പദ്ധതിയെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.
പൂര്‍ണ വളര്‍ച്ചയെത്തിയ ആര്‍ട്ടിക് ചെന്നായയില്‍ നിന്നാണ് ക്ലോണിങ്ങിന് വേണ്ട ഡിഎന്‍എ ശേഖരിച്ചത്. ചൈനയിലെ വന്യമൃഗ സങ്കേതമായ ഹാര്‍ബിന്‍ പോളാര്‍ലാന്റില്‍ വച്ച് ചത്ത ആര്‍ട്ടിക് ചെന്നായയായിരുന്നു ഇത്. കാനഡയില്‍ ജനിച്ച ഈ ആര്‍ട്ടിക് ചെന്നായയെ 2006ലാണ് ചൈനയിലെത്തിച്ചത്.
2021 തുടക്കത്തില്‍ ചത്ത ഈ ആര്‍ട്ടിക് ചെന്നായയെ ഉപയോഗിച്ചുള്ള ക്ലോണിങ്ങിന് മാസങ്ങളെടുത്തു. ഏതാണ്ട് 137 ആര്‍ട്ടിക് ചെന്നായ്ക്കളുടെ ഭ്രൂണങ്ങള്‍ ഇതിനായി സിനോജെന്‍ ഗവേഷകര്‍ നിര്‍മിച്ചു. ഇതില്‍ നിന്നും ആരോഗ്യമുള്ള 85 എണ്ണം ഏഴ് പെണ് കാട്ടു നായ്ക്കളിലേക്ക് നിക്ഷേപിക്കുകയായിരുന്നു.
ആവശ്യത്തിന് പെണ് ആര്‍ട്ടിക് ചെന്നായ്കളില്ലാത്തതിനാലാണ് ചൈനീസ് ഗവേഷകര്‍ ജനിതകമായി ചെന്നായ്ക്കളോട് സാമ്യതയുള്ള കാട്ടുനായ്ക്കളെ ആശ്രയിച്ചത്. ഇപ്പോള്‍ അമ്മയായ കാട്ടു നായക്കൊപ്പം സിനോജീന്‍ ലാബിലാണ് മായയെന്ന ആര്‍ട്ടിക് ചെന്നായ കഴിയുന്നത്. എന്നാല്‍ വൈകാതെ മായയെ മറ്റു ആര്‍ട്ടിക് ചെന്നായ്കളുള്ള പ്രദേശത്തേക്ക് മാറ്റുമെന്നാണ് ചൈനീസ് അധികൃതര്‍ അറിയിക്കുന്നത്.
ശാസ്ത്രത്തിന് ഇത് നേട്ടമാണെങ്കിലും ക്ലോണിങ്ങിനെ പല രീതിയില്‍ എതിര്‍ക്കുന്നവരും സജീവമാണ്. ക്ലോണിങ്ങിന്റെ പേരില്‍ നിരവധി മൃഗങ്ങള്‍ക്ക് ശസ്ത്രക്രിയകള്‍ വേണ്ടി വരുമെന്നതാണ് ഒരു എതിര്‍പ്പ്. മറ്റൊന്ന് ഇത് ധാര്‍മികമായി ശരിയല്ലെന്ന വിമര്‍ശനമാണ്. ദൈവത്തിന്റെ ജോലി മനുഷ്യന് ചെയ്യുന്നതുപോലെയാണ് ക്ലോണിങ്ങെന്നും കരുതുന്നവരുണ്ട്. അതേസമയം വംശനാശം വന്ന ജീവികളെ പോലും തിരിച്ചുകൊണ്ടുവരാന്‍ ക്ലോണിങ്ങിന് സാധിക്കുമെന്നും അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.
English Summary: The World's First Cloned Wolf Has Reportedly Been Born in China