പുനരുപയോഗിക്കാവുന്ന ‘ന്യൂജെൻ’ റോക്കറ്റ് പരീക്ഷിക്കാൻ ഇസ്രോ, 2035 ൽ ഇന്ത്യയ്ക്കും ബഹിരാകാശ നിലയം
Mail This Article
ഭാരമേറിയ പേലോഡുകൾ വിക്ഷേപിക്കുന്നതിന് പുനരുപയോഗിക്കാവുന്ന റോക്കറ്റ് വികസിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്രോ). ഇതുമായി സഹകരിക്കാൻ ബഹിരാകാശ മേഖലയോട് (പൊതു, സ്വകാര്യ മേഖലകൾ) ആവശ്യപ്പെട്ടിട്ടുണ്ട്. 2035-ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനു വേണ്ട ഭാരമേറിയ പേലോഡുകൾ ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ ശേഷിയുള്ള പുനരുപയോഗിക്കാവുന്ന റോക്കറ്റ് വികസിപ്പിക്കുന്നതിൽ സഹകരിക്കാനാണ് ഇസ്രോ പൊതു, സ്വകാര്യ മേഖലകളോട് നിർദേശിച്ചിരിക്കുന്നത്.
നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻജിഎൽവി) എന്ന പേരിൽ റോക്കറ്റ് നിർമിക്കുമെന്നും ഇസ്രോ അറിയിച്ചു. പുതിയ റോക്കറ്റ് നിർമാണ പ്രക്രിയയിൽ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾ തമ്മിൽ ഒന്നിച്ച് പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇസ്രോ ചെയർമാൻ ഇ സോമനാഥ് പറഞ്ഞു. ജിയോസ്റ്റേഷണറി ട്രാൻസ്ഫർ ഓർബിറ്റിൽ (ജിടിഒ) 10 ടൺ പേലോഡും, ലോ എർത്ത് ഓർബിറ്റിൽ 20 ടൺ പേലോഡും എത്തിക്കുകയാണ് ന്യൂജെൻ റോക്കറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
2035-ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാൻ പദ്ധതിയിടുന്നതിനാൽ പുതിയ റോക്കറ്റ് സഹായകരമാകുമെന്ന് മറ്റൊരു ഇസ്രോ ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ വലിയ ബഹിരാകാശ ദൗത്യങ്ങൾ, മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള പേടകങ്ങൾ, ചരക്ക് ദൗത്യങ്ങൾ, ഒരേ സമയം ഒന്നിലധികം ആശയവിനിമയ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുക എന്നിവയ്ക്കെല്ലാം പുതിയ റോക്കറ്റ് ഉപയോഗിക്കാൻ സാധിക്കും.
ബഹിരാകാശ വിക്ഷേപണത്തിന് ചെലവ് കുറഞ്ഞതും ലളിതവും കരുത്തുറ്റതുമായ ഒരു റോക്കറ്റായാണ് എൻജിഎൽവി വിഭാവനം ചെയ്തിരിക്കുന്നത്. ഇസ്രോയുടെ ‘പടക്കുതിര’ എന്ന പേരിലറിയപ്പെടുന്ന റോക്കറ്റായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) 1980 കളിൽ വികസിപ്പിച്ച സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഭാവിയിലെ വിക്ഷേപണങ്ങൾക്ക് ഇത് മതിയാകില്ലെന്നും സോമനാഥ് പറഞ്ഞു.
ഒരു വർഷത്തിനുള്ളിൽ എൻജിഎൽവിയുടെ ഡിസൈൻ തയാറാക്കി നിര്‍മാണത്തിനായി നൽകാനാണ് ഇസ്രോ പദ്ധതിയിടുന്നത്. ആദ്യ വിക്ഷേപണം 2030 ൽ നടത്താൻ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. മീഥെയ്ൻ, ലിക്വിഡ് ഓക്സിജൻ അല്ലെങ്കിൽ മണ്ണെണ്ണ, ദ്രവ ഓക്സിജൻ തുടങ്ങിയ ഹരിത ഇന്ധന കോംപിനേഷനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് എൻജിഎല്‍വി.
2020-ൽ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 960 കോടി ഡോളറിൽ (ഏകദേശം 79,100 കോടി രൂപ) എത്തിയിരുന്നു. 2025-ഓടെ ഇത് 1280 കോടി ഡോളറിൽ (ഏകദേശം 1,05,500 കോടി രൂപ) എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary: ISRO Says It Wants to Develop Reusable Rocket for Carrying Heavy Payloads, Asks Industry to Collaborate