സമുദ്രനിരീക്ഷണത്തിന് ഇന്ത്യയുടെ ഓഷൻസാറ്റ്–3, വിക്ഷേപണം 26ന്, കൂടെ 8 നാനോ ഉപഗ്രഹങ്ങളും
Mail This Article
ഇന്ത്യയുടെ സമുദ്രനിരീക്ഷണ ഉപഗ്രഹമായ ഓഷൻസാറ്റ്–3, ഭൂട്ടാന്റെ ഭൂട്ടാൻസാറ്റ് ഉൾപ്പെടെ 8 നാനോ ഉപഗ്രഹങ്ങൾ നവംബർ 26നു ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. പിഎസ്എൽവിയുടെ 56–ാം വിക്ഷേപണദൗത്യത്തിൽ രാവിലെ 11.56നാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയെന്ന് ഇസ്രോ അറിയിച്ചു.
ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ പിക്സലിന്റെ നിരീക്ഷണ ഉപഗ്രഹം ആനന്ദ്, സ്വകാര്യ ബഹിരാകാശ ഏജൻസി ധ്രുവ സ്പേസിന്റെ നിരീക്ഷണ ഉപഗ്രഹങ്ങളായ തൈബോൾട് 1, തൈബോൾട് 2, ഇന്റർനെറ്റ് ഓഫ് തിങ്സ് ശൃംഖലയ്ക്കു വേണ്ടി യുഎസ് കമ്പനിയായ സ്പേസ്ഫ്ലൈറ്റ് വിക്ഷേപിക്കുന്ന 4 അസ്ട്രോകാസ്റ്റ് ഉപഗ്രഹങ്ങൾ എന്നിവയാണ് മറ്റുള്ളവ.
വിജയകരമായ എൻജിൻ പരീക്ഷണത്തിലൂടെ ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ എൽവിഎം3 റോക്കറ്റിന്റെ പേലോഡ് ശേഷി 450 കിലോഗ്രാം വരെ വർധിപ്പിച്ചതായി ഇസ്രോ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. സിഇ-20 എൻജിന്‍റെ കാര്യക്ഷമതാ പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിലായിരുന്നു (ഐപിആർസി) പരീക്ഷണം. 25 സെക്കൻഡ് നേരമായിരുന്നു പരീക്ഷണ ദൈർഘ്യം.
കഴിഞ്ഞ മാസം വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിന്റെ പരിഷ്കൃത രൂപമായ എൽവിഎം3 എം2 വഴി 601 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ബാഹുബലി, ഫാറ്റ്ബോയ് തുടങ്ങിയ വിളിപ്പേരുകളിലറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 4 ടൺ വാഹക ശേഷിയുള്ള ജിഎസ്എൽവി മാർക്ക് 3. ഇത് വാണിജ്യ വിക്ഷേപണ രംഗത്തേക്ക് എത്തിയെന്ന നേട്ടത്തിനു പുറമേ, ഉപഗ്രഹ ഇന്റർനെറ്റ് വിതരണത്തിന് ഇന്ത്യയിൽ ആദ്യമായി ലൈസൻസ് ലഭിച്ച കമ്പനിയായ വൺവെബിന്റെ ഉപഗ്രഹങ്ങൾ ഇന്ത്യൻ മണ്ണിൽ നിന്ന് ആദ്യമായി വിക്ഷേപിച്ചു എന്ന നേട്ടവും കൈവരിച്ചു.
English Summary: ISRO to Launch PSLV-C54 With Oceansat-3, 8 Nano Satellites on November 26