ഒരു ഗ്രഹം മുഴുവൻ തണുത്ത മരുഭൂമി: നിഗൂഢതകൾ നിറയുന്ന ചുവന്നഗ്രഹം
Mail This Article
ചൊവ്വയിലെ ജസീറോ താഴ്‌വരയിൽ നിന്ന് ജീവന്റെ ശക്തമായ സാധ്യതകൾ നാസയുടെ പെഴ്സിവീയറൻസ് റോവർ കണ്ടെത്തിയെന്നതാണ് ചൊവ്വാഗ്രഹം സംബന്ധിച്ച് പുറത്തുവന്ന ഏറ്റവും പുതിയതും പ്രധാനപ്പെട്ടതുമായ വാർത്ത. ദീർഘനാളുകളായി ജെസീറോ മേഖലയിൽ പര്യവേക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് പെഴ്സിവീയറൻസ് റോവർ. ജെസീറോ പടുകുഴി പണ്ടുകാലത്ത് ഒരു തടാകമായിരുന്നു. ഒരു ചെറുനദി വെള്ളമെത്തിച്ചിരുന്ന തടാകം. ഇതിന്റെ ഭാഗമായി അന്നത്തെ കാലത്ത് നിലനിന്നിരുന്ന ജൈവതന്മാത്രകളുടെ ശേഷിപ്പുകൾ പെഴ്സിവീയറൻസ് റോവർ കണ്ടെത്തിയെന്നാണു പുതിയ വിവരം. ഇതോടെ ചൊവ്വയിൽ ആദിമകാലത്തു ജീവൻ നിലനിന്നിരുന്നോ എന്ന ചോദ്യം ഉച്ചസ്ഥായിയിൽ മുഴങ്ങുകയാണ്.
ഇന്നു ചൊവ്വാദിനം. ഭൂമിയുടെ അയൽപക്കത്തുള്ള ചുവന്നഗ്രഹം സത്യം പറഞ്ഞാൽ ഒരു മരുഭൂമിയാണ്. ഇരുമ്പ് ഓക്സൈഡിന്റെ അംശം കലർന്ന മണ്ണിനാൽ ചുവപ്പുനിറം പൂണ്ട, ഭൂമിയുടെ പകുതി മാത്രം വലുപ്പമുള്ള വളരെ നേർത്ത അന്തരീക്ഷമുള്ള ഗ്രഹമാണ് ചൊവ്വ. ഇതിന്റെ ഇംഗ്ലിഷ് പേരായ മാർസ് ലഭിച്ചത് റോമൻ ഐതിഹ്യത്തിലെ യുദ്ധദേവതയിൽ നിന്നാണ്.
മാറിമറിയുന്ന കാലാവസ്ഥയും ധ്രുവപ്രദേശത്തു മഞ്ഞുമൂടികളും മലയിടുക്കുകളും നിർജീവ അഗ്നിപർവതങ്ങളുമെല്ലാം ചൊവ്വയിലുണ്ട്. ഗ്രഹമധ്യഭാഗത്ത് 20 ഡിഗ്രി സെൽഷ്യസാണു താപനിലയെങ്കിൽ, ധ്രുവപ്രദേശങ്ങളിലേക്കെത്തുമ്പോൾ –140 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നതാണ് ഗ്രഹത്തിന്റെ താപനില. ഗ്രഹത്തിന്റെ ഭൂതകാലത്ത് ചൊവ്വ വളരെ സജീവമായിരുന്നെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. സൗരയൂഥത്തിൽ മെർക്കുറി കഴിഞ്ഞാൽ വലുപ്പം കൊണ്ട് കുഞ്ഞനാണു ചൊവ്വ. 6791 കിലോമീറ്ററാണ് ഇതിന്റെ വ്യാസം. ഭൂമിയെ അപേക്ഷിച്ച് ചൊവ്വയുടെ ഗുരുത്വബലം വളരെ കുറവാണ്. ഭൂമിയിൽ ചാടുന്നതിന്റെ മൂന്നുമടങ്ങു പൊക്കത്തിൽ അതേബലം കൊണ്ടു ചാടാൻ ചൊവ്വയിൽ കഴിയും.
ഇതൊക്കെയാണെങ്കിലും അതിശയകരമായ ഘടനകളും പ്രകൃതിസൃഷ്ടികളും ചൊവ്വയിലുണ്ട്. സൗരയൂഥത്തിലെ ഏറ്റവും വലിയ പർവതം സ്ഥിതി ചെയ്യുന്നത് ചൊവ്വയിലാണ്. ഒളിംപസ് മോൺസ് എന്നാണ് ഇതിന്റെ പേര്. 24 കിലോമീറ്ററാണ് ഇതിന്റെ ഉയരം. ഭൂമിയിലെ ഏറ്റവും വലിയ പർവതമായ മൗണ്ട് എവറസ്റ്റിന്റെ മൂന്നിരട്ടിപ്പൊക്കം. ചന്ദ്രനുകളുടെ കാര്യത്തിൽ ഭൂമിയേക്കാൾ സമ്പന്നനാണു ചൊവ്വ. രണ്ട് സ്വാഭാവിക ചന്ദ്രൻമാർ ചൊവ്വയ്ക്കുണ്ട്. ഫോബോസ്, ഡീമോസ് എന്നാണ് ഇവയുടെ പേര്.
24 മണിക്കൂറും 37 മിനിറ്റുമാണ് ചൊവ്വയിലെ ഒരു ദിനം. ഏകദേശം ഭൂമിയുമായി താരതമ്യമാകാവുന്ന ദിനദൈർഘ്യമാണ് ഇത്. എന്നാൽ വർഷത്തിന്റെ ദൈർഘ്യത്തിൽ ചൊവ്വ തീർത്തും വ്യത്യസ്തമാണ്. 687 ഭൗമദിനങ്ങളടങ്ങിയതാണ് ചൊവ്വയിലെ ഒരു വർഷം. ചൊവ്വയിൽ ജലസാന്നിധ്യമില്ലെന്ന് ദീർഘനാൾ കരുതപ്പെട്ടിരുന്നെങ്കിലും 2018ൽ ഈ ധാരണ തെറ്റാണെന്നു തെളിഞ്ഞു.
ഭാവിയിൽ മനുഷ്യവംശം ഭൂമിയുെട അതിരുകൾ വിട്ട് പ്രപഞ്ചത്തിലെ വാസയോഗ്യമായ ഇടങ്ങൾ തേടിപ്പോകുമെന്നൊരു ചിന്ത നിലനിൽക്കുന്നുണ്ട്. ഗ്രഹങ്ങളിൽ നിന്നു ഗ്രഹങ്ങളിലേക്കുള്ള പ്രയാണം. പലയിടത്തും മനുഷ്യർ കോളനികൾ സ്ഥാപിക്കുമെന്നും അവിടെ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും ഉപയോഗ്യ വസ്തുക്കളുമൊക്കെ ഘനനം ചെയ്തെടുക്കുമെന്നുമൊക്കെ പ്രതീക്ഷ നിലനിൽക്കുന്നു. ഇത്തരത്തിലുള്ള പ്രയാണങ്ങളിൽ ഏറ്റവും ആദ്യത്തേത് തന്നെ ഒരു പക്ഷേ ചൊവ്വയിലേക്കാകാം. ചൊവ്വാക്കോളനികൾ എന്ന ആശയം ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയും സ്പേസ് എക്സ്, ടെസ്‌ല തുടങ്ങിയ മുൻനിര സ്ഥാപനങ്ങളുടെ ഉടമയുമായ ഇലോൺ മസ്കും പുലർത്തുന്നു. സ്പേസ് എക്സ് തയാറാക്കിക്കൊണ്ടിരിക്കുന്ന സ്റ്റാർഷിപ് റോക്കറ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് തന്നെ ചൊവ്വയിലേക്കുള്ള യാത്രയാണ്.
മനുഷ്യരാശി പ്രാചീന കാലാദശയിൽ തന്നെ ചൊവ്വയെ വീക്ഷിക്കുന്നുണ്ട്. 1976ൽ ചൊവ്വയിലിറങ്ങിയ വൈക്കിങ് ലാൻഡേഴ്സാണ് ആദ്യമായി ചൊവ്വയിലെത്തിയ ലാൻഡർ ദൗത്യം. നിലവിൽ പെഴ്സിവീയറൻസും ഓപ്പർച്യൂണിറ്റിയും നാസയുടേതായി ചൊവ്വയിലുള്ള റോവർ ദൗത്യങ്ങളാണ്. ചൈനയുടെ ഴൂറോങ് എന്ന റോവറും ചൊവ്വയിലുണ്ട്.
English Summary: Red Planet Day 2022: Date, History, Interesting Facts About Mars