ADVERTISEMENT

ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്... നാസയുടെ ഓറിയോൺ പേകടം ഭൂമിയിലേക്ക് തിരിച്ചെത്തുന്നതും പ്രതീക്ഷിച്ച്... വർഷങ്ങളോളം സമയമെടുത്ത് കോടികൾ ചെലവിട്ട് തയാറാക്കിയ പദ്ധതിയാണ് ആർട്ടിമിസും ഓറിയോൺ പേടകവും. ചന്ദ്രന്റെ അടുത്തുവരെ പോയി ചിത്രങ്ങൾ പകർത്തിയ ഓറിയോൺ പേടകം വിലപ്പെട്ട നിരവധി ഡേറ്റയാണ് ഭൂമിയിലേക്ക് എത്തിച്ചത്. അതെ, കോടാനുകോടി കിലോമീറ്റർ അകലെ നിന്ന് ഓറിയോൺ തിരിച്ചുവരികയാണ്, ഡിസംബർ 11 ന് ഞായാറാഴ്ച കടലിൽ ലാൻഡ് ചെയ്യുമെന്നാണ് കരുതുന്നത്.

 

അതേസമയം, ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്ന ഓറിയോൺ പേടകത്തെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും കടലിലേക്ക് പതിക്കുമ്പോൾ ഓറിയോൺ പേടകത്തിനോ അതിനകത്തെ ഡമ്മികൾക്കോ ഒന്നും സംഭവിക്കാന്‍ പാടില്ല. അങ്ങനെ വല്ലതും സംഭവിച്ചാൽ ആർട്ടിമിസ് ദൗത്യം വീണ്ടും പ്രതിസന്ധിയിലാകും. ഇതിനാൽ തന്നെ നാസ ഗവേഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

 

25 ദിവസം ചന്ദ്രനെ വലംവെച്ച ശേഷം ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങിയെത്തുക എന്നതാണ് ഓറിയോണ്‍ ദൗത്യത്തിന്റെ ലക്ഷ്യം. മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമാണിത്. പസിഫിക് സമുദ്രത്തിലെ സാന്തിയാഗോ തീരത്താണ് ഓറിയോണ്‍ 25.5 ദിവസത്തെ ദൗത്യത്തിന് ശേഷം ലാൻഡ് ചെയ്യുന്നത്. 

 

ഓറിയോണ്‍ വിജയകരായി ഭൂമിയിലെത്തിയാലാണ് ഇതിന്റെ തുടര്‍ച്ചയായി 2024ല്‍ മനുഷ്യരുമായി പേടകം ചന്ദ്രനെ വലംവയ്ക്കുക. ഇതിനു ശേഷമായിരിക്കും മനുഷ്യനെ നാസ ചന്ദ്രനിലേക്ക് അയക്കുക. എസ്എല്‍എസ് റോക്കറ്റിന്റെ നിര്‍മാണത്തില്‍ അടക്കം ആര്‍ട്ടിമിസ് ദൗത്യത്തിന്റെ പല ഘട്ടങ്ങളിലും നാസയ്ക്ക് പല തവണ പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയാക്കാനായിട്ടില്ല. ഇന്ധന ചോര്‍ച്ചയും എൻജിന്‍ പ്രശ്‌നങ്ങളും ചുഴലിക്കാറ്റുകളും വരെ വിക്ഷേപണത്തെ ബാധിച്ചിരുന്നു.

 

അൻപതു വർഷങ്ങൾക്കപ്പുറം നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്കു വീണ്ടും മനുഷ്യനെ എത്തിക്കാനാണ് നാസ പദ്ധതിയൊരുക്കുന്നത്. ഇതിനായുള്ള നാസയുടെ ദൗത്യപദ്ധതിയായ ആർട്ടിമിസിന്റെ പ്രഥമ ദൗത്യമാണിത്. ഒട്ടേറെ യാത്രികരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങൾ വഹിച്ചത് സാറ്റേൺ ഫൈവ് എന്ന റോക്കറ്റാണ്. ഇപ്പോഴിതാ ആർട്ടിമിസിന് ഉപയോഗിക്കുന്നത് ഇന്ന് വരെ ലോകത്തിൽ നിർമിച്ച ഏറ്റവും കരുത്തുറ്റ റോക്കറ്റുകളിലൊന്നിലാണ്... സ്പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്എൽഎസ്. പുതിയ കാലഘട്ടത്തിന്റെ മെഗാറോക്കറ്റ്. 2005 ലാണ് ആർട്ടിമിസിന്റെ ആദിമരൂപങ്ങൾ വിവിധ പദ്ധതികളായി നാസ മുന്നോട്ടു വച്ചത്.

 

English Summary: NASA’s Orion spacecraft on course to return to Earth on Dec 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com