ADVERTISEMENT

ഡിസംബര്‍ 14ന് രാത്രി പത്തിന് ബഹിരാകാശ താവളമായ ബ്രിട്ടനിലെ കോണ്‍വാളില്‍ നിന്നും ഒരു വിമാനം പറന്നുയരും. ബഹിരാകാശ കമ്പനി വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ മാറ്റങ്ങള്‍ വരുത്തിയ ബോയിങ് 747 വിമാനമായ കോസ്മിക് ഗേളായിരിക്കും അത്. ഏതാണ്ട് 35,000 അടി ഉയരത്തിലെത്തുമ്പോള്‍ കോസ്മിക് ഗേള്‍ അകത്ത് ഒളിപ്പിച്ചിരിക്കുന്ന 70 അടി നീളമുള്ള ലോഞ്ചര്‍ വണ്‍ റോക്കറ്റ് ആകാശത്തു വച്ച് വിക്ഷേപിക്കും. ക്യൂബ് ആകൃതിയിലുള്ള ക്യൂബ് സാറ്റുകളെ ഭ്രമണ പഥത്തിലെത്തിക്കുകയാണ് ലോഞ്ചര്‍വണ്‍ റോക്കറ്റിന്റെ ലക്ഷ്യം. 

 

പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോയ കോസ്മിക് ഗേളിന്റെ ബഹിരാകാശ താവളത്തില്‍ നിന്നുള്ള യാത്രയാണ് ദിവസങ്ങള്‍ക്കകം യാഥാര്‍ഥ്യമാവുക. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണമായിരിക്കും അത്. യൂറോപ്പിലെ ആദ്യത്തെ വ്യാവസായിക വിക്ഷേപണം വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ ആദ്യ രാജ്യാന്തര തലത്തിലുള്ള വിക്ഷേപണം തുടങ്ങിയ നേട്ടങ്ങളും ഇതുവഴി കോസ്മിക് ഗേളിന്റെ യാത്ര സ്വന്തമാക്കും.

 

ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിന് വേണ്ടിയാണ് ക്യൂബ് സാറ്റുകളെ വെര്‍ജിന്‍ ഓര്‍ബിറ്റ് ഭ്രമണപഥത്തിലെത്തിക്കുന്നത്. കരയിലും സമുദ്രത്തിലും നിരീക്ഷണം നടത്താനാണ് ക്യൂബ് സാറ്റുകളെ ഉപയോഗിക്കുക. സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കോണ്‍വാള്‍ ബഹിരാകാശതാവളത്തിന് കഴിഞ്ഞ മാസമാണ് ഓപറേഷന്‍ ലൈസന്‍സ് നല്‍കിയത്. ഇതോടെയാണ് കോണ്‍വാള്‍ ബഹിരാകാശ താവളം വഴി വിക്ഷേപണം നടത്തുന്നത് സാധ്യമായത്.

 

കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ബഹിരാകാശ താവളത്തിലേക്ക് ലോഞ്ചര്‍വണ്‍ റോക്കറ്റിനെ എത്തിച്ചിരുന്നു. കലിഫോര്‍ണിയയില്‍ നിന്നും സൈനിക വിമാനത്തിലാണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ കോണ്‍വാളിലേക്ക് എത്തിച്ചത്. സാധാരണ വിമാനങ്ങള്‍ പറന്നുയരുന്ന പോലെയാണ് ലോഞ്ചര്‍വണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ആരംഭിക്കുന്നത്. പ്രത്യേകം നിര്‍മിച്ച ബോയിങ് 747 വിമാനമായ കോസ്മിക് ഗേളാണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ 35,000 അടി ഉയരം വരെ എത്തിക്കുന്നത്. 

 

കോസ്മിക് ഗേളിന്റെ മധ്യ ഭാഗത്താണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ ഘടിപ്പിക്കുക. രണ്ട് ഘട്ടങ്ങളുള്ള ലോഞ്ചര്‍ വണ്‍ റോക്കറ്റ് ആകാശത്ത് 35,000 അടി ഉയരത്തില്‍ വച്ച് കോസ്മിക് ഗേളില്‍ നിന്നും വേര്‍പെടുന്നു. ഇതിന് പിന്നാലെ ലോഞ്ചര്‍ വണ്‍ റോക്കറ്റ് മുന്നോട്ട് കുതിച്ച് സാറ്റലൈറ്റുകളെ നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നുവെന്നതാണ് പദ്ധതി. ഇതിനിടെ 35,000 അടി വരെ റോക്കറ്റിനെ എത്തിക്കുന്ന കോസ്മിക് ഗേള്‍ സാധാരണ വിമാനം പോലെ കോണ്‍വാള്‍ വിമാനത്താവളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും. 

 

റിച്ചര്‍ഡ് ബ്രാന്‍സനിന്റെ വെര്‍ജിന്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ള ബഹിരാകാശ കമ്പനിയാണ് വെര്‍ജിന്‍ ഓര്‍ബിറ്റ്. 2017 സ്ഥാപിച്ച വെര്‍ജിന്‍ ഓര്‍ബിറ്റ്  ഇതിനകം അമേരിക്കന്‍ ബഹിരാകാശ സേനക്കു വേണ്ടിയുള്ള ദൗത്യങ്ങളടക്കം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോണ്‍വാള്‍ താവളത്തിന് പുറമേ രണ്ട് ബഹിരാകാശ താവളങ്ങളുടെ പണി കൂടി ബ്രിട്ടനില്‍ പുരോഗമിക്കുന്നുണ്ട്.

 

English Summary: First ever orbital mission from UK soil could take place next week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com