ADVERTISEMENT

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വെഗ റോക്കറ്റ് വിക്ഷേപണം വീണ്ടും പരാജയം. ഫ്രഞ്ച് ഗയാനയില്‍ നിന്നും വിക്ഷേപിച്ച റോക്കറ്റിന്റെ നിയന്ത്രണം രണ്ട് മിനിറ്റിനുള്ളില്‍ നഷ്ടപ്പെടുകയായിരുന്നു. ഫ്രാന്‍സിന്റെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായി പറന്നുയര്‍ന്ന റോക്കറ്റാണ് തകര്‍ന്നു വീണത്. കഴിഞ്ഞ എട്ടു വിക്ഷേപണങ്ങള്‍ക്കിടെ വെഗ റോക്കറ്റിന്റെ മൂന്നാമത്തെ വിക്ഷേപണ പരാജയമാണിത്. 

 

നാലുഘട്ടങ്ങളുള്ള വെഗ സി എന്നു പേരിട്ടിരുന്ന പുതിയ വെഗ റോക്കറ്റിന്റെ പതിപ്പാണ് പരാജയപ്പെട്ടത്. രണ്ടാംഘട്ടത്തിലാണ് പ്രശ്‌നങ്ങള്‍ കാണിച്ചത്. കംപല്‍ഷന്‍ ചേംപറിലെ മര്‍ദം വേഗത്തില്‍ കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. മുന്‍നിശ്ചയിച്ച സഞ്ചാരപഥത്തില്‍ നിന്നും മാറിയാണ് റോക്കറ്റ് സഞ്ചരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ സ്വയം നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ റോക്കറ്റ് പൊട്ടിത്തെറിച്ച് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് പതിക്കുകയായിരുന്നു. 

 

റോക്കറ്റിന്റെ ഭാഗങ്ങള്‍ സുരക്ഷിതമായി സമുദ്രത്തില്‍ പതിച്ചെന്ന് അധികൃതര്‍ അറിയിച്ചു. വ്യോമയാന കമ്പനി എയര്‍ബസ് ഡിഫന്‍സ് ആൻഡ് സ്‌പേസിന്റെ കൃത്രിമോപഗ്രഹങ്ങളാണ് റോക്കറ്റിനൊപ്പം തകര്‍ന്നത്. വളരെ കൃത്യതയില്‍ ചിത്രങ്ങളെടുക്കാന്‍ സാധിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രങ്ങളായിരുന്നു ഇവ രണ്ടും. ഭൂമിയില്‍ 30 സെന്റിമീറ്റര്‍ വരെ വ്യത്യാസത്തിലുള്ള വസ്തുക്കളെ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയിലുള്ള ക്യാമറകളാണ് ഇവയിലുണ്ടായിരുന്നത്. എയര്‍ബസ് നാല് പ്ലെയ്ഡസ് നിയോ സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചിരുന്നു. ഇവയുടെ തുടര്‍ച്ചയായ അഞ്ചാമത്തേയും ആറാമത്തേയും സാറ്റലൈറ്റുകളായിരുന്നു വെഗ റോക്കറ്റിലുണ്ടായിരുന്നത്.

 

2020 നവംബറിലും വെഗ റോക്കറ്റിന്റെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. അന്ന് അഞ്ച് മാസങ്ങളുടെ ഇടവേളക്കു ശേഷമാണ് വെഗ റോക്കറ്റുകളുടെ വിക്ഷേപണം പുനരാരംഭിച്ചത്. യുക്രെയ്‌നിലെ യുദ്ധം ആരംഭിച്ച ശേഷം റഷ്യയ്ക്കെതിരെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിക്ഷേപണങ്ങള്‍ക്ക് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് റഷ്യയുടെ സോയുസ് റോക്കറ്റുകള്‍ ലഭിക്കാതെ വന്നു. വെഗ റോക്കറ്റ് വിക്ഷേപണം കൂടി പരാജയപ്പെട്ടതോടെ യൂറോപ്പിന്റെ ചെറുകിട റോക്കറ്റ് വിക്ഷേപണങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

 

യൂറോപ്പിലെ വലിയ റോക്കറ്റായ അരിയാന്‍ 5ന് 2023ന്റെ തുടക്കത്തില്‍ രണ്ട് വിക്ഷേപണങ്ങള്‍ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം അരിയാന്‍ 5 പിന്‍വലിക്കുകയും ചെയ്യും. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ അരിയാന്‍ 6 റോക്കറ്റ് വിക്ഷേപണ സജ്ജമാവുകയുള്ളൂ. വെഗ പി120സിയുടെ വിക്ഷേപണം പരാജയപ്പെട്ടെങ്കിലും ആദ്യഘട്ടത്തില്‍ പ്രശ്‌നങ്ങളുണ്ടായില്ല എന്നത് ആശ്വാസമാണ്. അരിയാന്‍ 6 റോക്കറ്റില്‍ വെഗയുടെ ആദ്യഘട്ടത്തിലെ ടെക്നോളജി ഉപയോഗിക്കുന്നുണ്ട്. 

 

വെഗ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതോടെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി രണ്ട് വിക്ഷേപണങ്ങള്‍ അമേരിക്കയില്‍ നിന്നും നടത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. യൂക്ലിഡ് ടെലസ്‌കോപിന്റേയും ഹെര അസ്‌ട്രോയിഡ് ദൗത്യത്തിന്റേയും വിക്ഷേപണങ്ങളാണ് അമേരിക്കയില്‍ നടത്തുക. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ 2023ലും 2024ലുമായാണ് വിക്ഷേപണങ്ങള്‍ നടക്കുക.

 

English Summary: Europe's Vega rocket crashes back to Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com