തലയോട്ടിയില്‍ നിന്നു റാമെസീസ് രണ്ടാമന്റെ മുഖം പുനര്‍നിര്‍മിച്ച് ഗവേഷകർ
Mail This Article
ഈജിപ്തിലെ ഏറ്റവും ശക്തനായ ഫറവോയായിരുന്ന റാമെസീസ് രണ്ടാമന്റെ മുഖം 3,200 വര്‍ഷങ്ങള്‍ക്കു ശേഷം പുനര്‍നിര്‍മിച്ച് ശാസ്ത്രലോകം. ഈജിപ്തിലേയും ഇംഗ്ലണ്ടിലേയും ശാസ്ത്രജ്ഞരുടെ സംയുക്ത സംഘമാണ് ഈ നേട്ടത്തിന് പിന്നില്‍. റാമെസീസ് രണ്ടാമന്റെ തലയോട്ടിയില്‍ നിന്നും ലഭിച്ച സൂചനകള്‍ വികസിപ്പിച്ചെടുത്താണ് ഇവര്‍ ഈജിപ്ഷ്യന്‍ രാജാവിന്റെ മുഖത്തിന്റെ 3ഡി മോഡല്‍ വികസിപ്പിച്ചെടുത്തത്.
തലയോട്ടിയില്‍ നിന്നും മുഖം നിര്‍മിച്ചപ്പോള്‍ സുന്ദരനായ ഭരണാധികാരിയാണ് തങ്ങള്‍ക്ക് മുന്നില്‍ തെളിഞ്ഞുവെന്നതെന്ന് കെയ്റോ സര്‍വകലാശാലയിലെ ഗവേഷക സഹര്‍ സലീം പറയുന്നു. നീളമുള്ള മൂക്കും ശക്തമായ താടിയെല്ലുകളും പോലുള്ള റാമെസീസ് രണ്ടാമനെക്കുറിച്ചുള്ള വിശേഷണങ്ങള്‍ ശരിവെക്കും വിധത്തിലുള്ള രൂപമാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. പ്രായമായ രൂപം ആദ്യം നിര്‍മിച്ച ശേഷം പിന്നീട് യുവാവായ റാമെസീസ് രണ്ടാമന്റെ മുഖം നിര്‍മിച്ചെടുക്കുകയായിരുന്നു.
ഞങ്ങള്‍ ആദ്യം തലയോട്ടിയുടെ വിശദമായ സിടി സ്കാന്‍ എടുത്തു. ഇത് 3ഡി രൂപത്തിലുള്ള തലയോട്ടി നിര്‍മിക്കാന്‍ സഹായിച്ചു. പിന്നീട് കംപ്യൂട്ടറിന്റെ സഹായത്തില്‍ മുഖത്തിന്റെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. തലയോട്ടി മുതല്‍ മുഖം വരെയുള്ള പേശികളും തടിച്ച ഭാഗങ്ങളും അടക്കം ഘട്ടം ഘട്ടമായി നിര്‍മിച്ചെടുക്കുകയായിരുന്നു ഞങ്ങള്‍ ചെയ്തതെന്ന് ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് സര്‍വകലാശാലയിലെ ഫേസ് ലാബ് ഡയറക്ടര്‍ കരോളിന് വില്കിന്സണ് വിവരിക്കുന്നു.
ഇത്തരത്തില്‍ തലയോട്ടിയില്‍ നിന്നും ഇത് രണ്ടാം തവണയാണ് ഗവേഷകര്‍ വിജയകരമായി മുഖം നിര്‍മിക്കുന്നത്. നേരത്തേ തൂത്തന്‍ഖാമന്റെ മുഖമാണ് ശാസ്ത്രലോകം തലയോട്ടിയില്‍ നിന്നും കണ്ടെത്തിയത്. മമ്മികള്‍ക്ക് കൂടുതല്‍ മനുഷ്യരൂപം നല്കാന് ഇത്തരം ശ്രമങ്ങളെക്കൊണ്ട് സാധിക്കുമെന്നും കരോളിന് വില്കിന്സണ് കൂട്ടിച്ചേര്‍ത്തു. രൂപം നിര്‍മിച്ച ശേഷം ലഭ്യമായ വിവരങ്ങള്‍ക്കനുസരിച്ച് ശരീരത്തിന് നിറവും ചുളിവുകളും മുടിക്കും കണ്ണിനും നിറങ്ങളും നല്കി. റാമെസീസ് രണ്ടാമനെക്കുറിച്ചുള്ള എഴുത്തുകളും അദ്ദേഹത്തിന്റെ മമ്മിയില്‍ നിന്നു ലഭിച്ച സൂചനകളും ഇതിന് ഗവേഷകരെ സഹായിച്ചു.
66 വര്‍ഷം ഈജിപ്ത് ഭരിച്ച ഭരണാധികാരിയാണ് റാമെസീസ് രണ്ടാമന്. ലോകത്ത് ആദ്യമായി ഉടമ്പടി ഉണ്ടാക്കിയ രാജാവെന്ന പേരും റാമെസീസിന് സ്വന്തം. ജീവിച്ചിരുന്ന മനുഷ്യരുടെ തലയോട്ടിയില്‍ നിന്നും അവരുടെ മുഖങ്ങള്‍ സിടി സ്കാന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചിട്ടുണ്ട്. മുഖത്തിന്റെ 70 ശതമാനം ഭാഗം പുനര്‍നിര്‍മിക്കുമ്പോള്‍ രണ്ട് മില്ലിമീറ്ററിന്റെ വ്യത്യാസം മാത്രമാണുണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ലഭിച്ചിട്ടുള്ള റാമെസീസ് രണ്ടാമന്റെ മുഖവും അത്രത്തോളം കൃത്യത പുലര്‍ത്തുന്നുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
English Summary: Scientists reconstruct the 'handsome' face of ancient Egypt's most POWERFUL pharaoh for the first time in 3,200 years