ADVERTISEMENT

കണ്ണടധാരികളുടെ വലിയൊരു തലവേദനയാണ് ഗ്ലാസില്‍ ജലബാഷ്പം മൂലമുണ്ടാകുന്ന മൂടിക്കെട്ടല്‍. മാസ്‌കിനൊപ്പം കണ്ണട ധരിച്ചവര്‍ എല്ലാവരും തന്നെ ഈ പ്രശ്‌നം നേരിട്ടിട്ടുണ്ടാവണം. തണുപ്പു രാജ്യങ്ങളിലാണെങ്കില്‍ ശൈത്യകാലത്ത് ഇതൊരു നിത്യതലവേദനയുമാണ്. ഈ പ്രശ്‌നം നേരിടുന്നവര്‍ക്ക് പരിഹാരമാര്‍ഗവുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. നന്നേ നേര്‍ത്ത, സുതാര്യമായ സ്വര്‍ണം കലര്‍ത്തിയ ഒരു ആവരണമാണ് പ്രശ്‌നപരിഹാരമായി കണ്ടെത്തിയിരിക്കുന്നത്. ഇടിഎച് സൂറിച്ചിലെ ഗവേഷകരാണ് പുതിയ കണ്ടെത്തിലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

 

∙ സൂര്യപ്രകാശത്തെ ചൂട് ആക്കി പരിവര്‍ത്തനം ചെയ്യും

 

നേര്‍ത്ത പടലം സൂര്യപ്രകാശത്തെ ചൂട് ആക്കി പരിവര്‍ത്തനം ചെയ്താണ് ഗ്ലാസിലെ ബാഷ്പീകരണ പ്രശ്‌നം പരിഹരിക്കുന്നത്. ഇതുവഴി കണ്ണടയുടെ ഗ്ലാസ് പ്രതലം 8 ഡിഗ്രീസ് സെല്‍ഷ്യസ് (8C അല്ലെങ്കില്‍ 14.4 ഫാരന്‍ഹൈറ്റ്. ഇത് 46 ഫാരന്‍ഹൈറ്റ് വരെ) വരെ ചൂടാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ബാഷ്പീകരണം തടയാനാകുന്നു എന്നാണ് കണ്ടെത്തൽ. ഇതുവരെയുള്ള ബാഷ്പീകരണ വിരുദ്ധ രീതികളെക്കാളെല്ലാം മികച്ചതാണ് ഇതെന്നാണ് ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്. പുതിയ കോട്ടിങ് കണ്ണട ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ സ്വൈര്യക്കേടുകളിലൊന്ന് എന്നന്നേക്കുമായി പരിഹരിച്ചേക്കുമെന്നും പറയപ്പെടുന്നു.

 

∙ ടൈറ്റാനിയം ഓക്‌സൈഡ് പാളികള്‍ക്കിടയില്‍ നേര്‍ത്ത സ്വര്‍ണ്ണകണങ്ങള്‍ പാകും

 

പുതിയ രീതി എങ്ങനെയാണ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്? ടൈറ്റാനിയം ഓക്‌സൈഡിന്റെ രണ്ടു പാളികള്‍ക്കിടയില്‍ വളരെ നേര്‍ത്ത സ്വര്‍ണ്ണകണങ്ങള്‍ വിന്യസിക്കുകയാണ് ചെയ്യുന്നത്. സ്വര്‍ണ്ണം ഈടുനില്‍ക്കാനാണ് ടൈറ്റാനിയം ഓക്‌സൈഡിന്റെ പാളികള്‍ക്കിടയില്‍ വയ്ക്കുന്നത്. ടൈറ്റാനിയത്തിന് ഈടുനില്‍ക്കല്‍ കൂടുതലുമാണ്. ഗ്ലാസില്‍ പിടിപ്പിക്കുന്ന ഈ സവിശേഷ ആവരണം ചൂടാകല്‍ പ്രോത്സാഹിപ്പിക്കുന്നു. ആവരണം ഗ്ലാസില്‍ പിടിപ്പിക്കുമ്പോള്‍ അത് സൂര്യനില്‍ നിന്നുള്ള ഇന്‍ഫ്രാറെഡ് രശ്മികളെ ആഗിരണം ചെയ്യുന്നു. അതുവഴി ഗ്ലാസിനെ വളരെ നേര്‍ത്ത രീതിയില്‍ ചൂടുപിടിപ്പിക്കുന്നു. അങ്ങനെ ബാഷ്പീകരണം മൂലമുള്ള മൂടല്‍ ഇല്ലാതാക്കുന്നു എന്നാണ് പറയുന്നത്.

 

∙ ആവരണത്തിന് കേവലം 10 നാനോമീറ്റര്‍ കനം

 

കണ്ണടയുടെ ഗ്ലാസിനെ അണിയിക്കുന്ന ആവരണത്തിന് കേവലം 10 നാനോമീറ്റര്‍ കനം മാത്രമാണ് ഉണ്ടായിരിക്കുക. പൊതുവെ ഉപയോഗിക്കുന്ന ഗോള്‍ഡ് ലീഫ് രീതിയെക്കാള്‍ 12 മടങ്ങ് കനം കുറവാണ് ഈ പാളിക്ക്. പകല്‍ സമയത്ത് അധിക ഊര്‍ജമൊന്നുമില്ലാതെ പ്രവര്‍ത്തിക്കുമെന്ന ഗുണവും എടുത്തുകാണിക്കപ്പെടുന്നു. കണ്ണടകള്‍ക്കു പുറമെ കാറുകളുടെയും മറ്റും ഗ്ലാസുകള്‍ക്കും ഈ ആവരണം പ്രയോജനപ്പെടുത്താം. ഇത് പരിപൂര്‍ണമായി സുതാര്യമാണ് എന്നതാണ് ഗുണമായി എടുത്തുകാണിക്കപ്പെടുന്നത്. ഇതിനെ ഗോള്‍ഡ് നാനോകോട്ടിങ് എന്നു വിളിക്കുന്നു.

 

∙ ചെലവു വര്‍ധിക്കില്ലെ?

 

സ്വര്‍ണം എന്നു കേട്ടാല്‍ ആദ്യം ഓടിയെത്തുന്ന ചോദ്യം ഇതിനൊക്കെ എന്തു ചെലവു വരും എന്നായിരിക്കും. എന്നാല്‍, പുതിയ സാങ്കേതികവിദ്യയ്ക്ക് വലിയ ചെലവൊന്നും വരില്ലെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. സ്വര്‍ണത്തിന് നല്ല വില നല്‍കണം. പക്ഷേ, ഈ ആവരണം നിർമിച്ചെടുക്കാന്‍ വേണ്ടത് വളരെ കുറച്ചു സ്വര്‍ണം മാത്രമാണ് എന്നതിനാല്‍ കുറഞ്ഞ വിലയ്ക്കു തന്നെ ലഭ്യമാക്കാമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. കണ്ണടകള്‍, മറ്റു ഗ്ലാസ് പ്രതലങ്ങള്‍, ജനാലകള്‍ തുടങ്ങിയവ മുതല്‍ ഒപ്ടിക്കല്‍ സെന്‍സറുകള്‍ വരെയുള്ള നിരവധി മേഖലകളില്‍ ഇത് പ്രയോജനപ്പെടുത്താം.

 

∙ മുന്‍ രീതികളേക്കാള്‍ ഏറെ മികച്ചത്

 

വലിയ അളവില്‍ ഇന്‍ഫ്രാറെഡ് റേഡിയേഷന്‍ വലിച്ചെടുത്താണ് പുതിയ ആവരണം ഗ്ലാസിന് ചൂടുപകരുന്നത്. ഇത്തരത്തില്‍ ഇതുവരെ ഉപയോഗിച്ചുവന്ന ആവരണങ്ങളില്‍ പലതും ഹൈഡ്രോഫിലിക് മോളിക്യൂകള്‍ ആണ് ഉപയോഗിച്ചിരുന്നത്. ഇവ ജലാംശം ഗ്ലാസിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്തിരുന്നത്. പക്ഷേ, പുതിയ നാനോ കോട്ടിങ്ങിന് ബാഷ്പീകരണം ഉണ്ടാകുന്നത് തടയാന്‍ പോലും സാധിക്കുന്നു എന്നതാണ് ഇതിന്റെ ഗുണം. ഇടിഎച് സൂറിച്ചിലെ പ്രഫസര്‍മാരായ ഡിമോസ് പോളികാക്കോസ്, റ്റോമസ് ഷുട്‌സിയുസ് എന്നിവരാണ് പുതിയ ഗവേഷണത്തിന് മുന്നില്‍ നിന്നവര്‍.

 

∙ അങ്ങനെയാണെങ്കില്‍ വൈദ്യുതി ഉപയോഗിച്ച് ചൂടാക്കിയാല്‍ പോരെ?

 

പുതിയ ആവരണം സോളാര്‍ റേഡിയേഷന്റെ ചില ഘടകങ്ങള്‍ തിരഞ്ഞെടുക്കുന്നു. സൂര്യപ്രകാശത്തിലുള്ള ഊര്‍ജ്ജത്തിന്റെ പകുതിയും അതിന്റെ ഇന്‍ഫ്രാറെഡ് സ്‌പെക്ട്രത്തിലാണ് ഉള്ളതെന്ന് ഫിസ്.ഓര്‍ഗ് പറയുന്നു. ഗവേഷകര്‍ ഉണ്ടാക്കിയ സ്വര്‍ണപ്പാളി ഇതിലെ വളരെ ചെറിയൊരു അളവ് റേഡിയേഷന്‍ മാത്രമാണ് പിടിച്ചെടുക്കുന്നത്. ഇതിനു പകരം ഇലക്ട്രിക് ഹീറ്റിങ് പോരെയെന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, ഇത് പ്രയോജനരഹിതമാണെന്നും വെറുതെ ഊര്‍ജ്ജം കളയാമെന്നേയുള്ളു എന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

 

∙ ഇനി എന്ത്?

 

തങ്ങള്‍ ഈ സുവര്‍ണ ആവരണം കൂടുതല്‍ രീതിയില്‍ പ്രയോജനപ്പെടുത്തുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് പഠിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഒപ്പം സ്വര്‍ണത്തിനു പകരം മറ്റേതെങ്കിലും ലോഹം മതിയോ എന്ന കാര്യവും പഠിക്കുമെന്നും അവര്‍ പറഞ്ഞു. 

 

∙ കാറിന്റെ ഗ്ലാസില്‍ ഉപയോഗിച്ചാല്‍ ഇത് വേനല്‍ക്കാലത്ത് അധികമായി ചൂടാകില്ലെ?

 

സ്വാഭാവികമായി ഉയരുന്ന സംശയമാണ് ഇങ്ങനെ സൂര്യന്റെ ചൂട് എടുത്ത് ഗ്ലാസ് ചൂടാക്കിയാല്‍ വേനല്‍ക്കാലത്ത് അത് വിപരീത ഫലം ഉളവാക്കില്ലെ എന്നത്. അത്തരത്തിലുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്ന് ഗവഷക ടീം പറയുന്നു. ഗ്ലാസിന്റെ മുകള്‍ ഭാഗത്തു മാത്രമാണ് ഇതു പ്രവര്‍ത്തിക്കുക. കാറിലൊ, കെട്ടിടത്തിലോ ഉള്ള ഗ്ലാസില്‍ ഇത് ഉപയോഗിച്ചാല്‍ ചൂട് ഉള്ളിലേക്ക് കടന്നുവരില്ലെന്ന് ഗവേഷകര്‍ പറയുന്നു. ശരിക്കും പറഞ്ഞാല്‍ ഉള്‍ഭാഗത്തേക്ക് സാധാരണയിലും കുറച്ചു ചൂടേ എത്തൂ എന്ന് ഗവഷകര്‍ അവകാശപ്പെടുന്നു.

 

English Summary: Say goodbye to foggy glasses! Scientists develop an ultrathin gold-based coating that stops condensation forming on eyewear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com