ADVERTISEMENT

സൂര്യനിലെ 133 ദിവസങ്ങള്‍ ഒരു മണിക്കൂറിലേക്ക് ചുരുക്കിക്കൊണ്ടുള്ള ടൈം ലാപ്‌സ് വിഡിയോ പുറത്തുവിട്ട് നാസയുടെ ഗൊദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍. തിളച്ചു മറിയുന്ന സൂര്യന്റെ ഉപരിതലത്തില്‍ പ്ലാസ്മ വലിയ കുമിളകളായി ഉയരുന്ന ദൃശ്യങ്ങള്‍ ഇതില്‍ കാണാം. ചിലപ്പോഴെല്ലാം ഇങ്ങനെ പുറത്തുവരുന്ന സൂര്യന്റെ കാന്തിക ബലം കൊണ്ട് വളഞ്ഞ് സൂര്യനിലേക്ക് തന്നെ പോവുകയും മറ്റു ചിലപ്പോള്‍ പ്ലാസ്മ പുറത്തേക്ക് തെറിക്കുന്നതും വിഡിയോയിലുണ്ട്.

 

ലിവിങ് വിത്ത് എ സ്റ്റാര്‍ പദ്ധതിയുടെ ഭാഗമായി 2010ല്‍ നാസ വിക്ഷേപിച്ച സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി (SDO) എടുത്ത ചിത്രങ്ങളാണ് ടൈം ലാപ്‌സ് വിഡിയോ നിര്‍മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. പ്രാഥമികമായി സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയുടെ ദൗത്യം അഞ്ചുവര്‍ഷം നീണ്ടതായിരുന്നു. എന്നാല്‍ പിന്നീട് നാസ തന്നെ ഈ ഒബ്‌സര്‍വേറ്ററി 2030 വരെ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. 

 

എസ്‌ഡിഒ ഓരോ 108 സെക്കൻഡിലും പകര്‍ത്തിയ സൂര്യന്റെ ചിത്രങ്ങളാണ് ലൈം ലാപ്‌സ് വിഡിയോയിലെ ഫ്രെയിമുകളായി മാറിയത്. ഭൂമിയില്‍ നിന്നും 22,000 കിലോമീറ്റര്‍ ഉയരത്തിലാണ് എസ്‌ഡിഒ സ്ഥാപിച്ചിരിക്കുന്നത്. സൂര്യന്റെ ഉള്‍ഭാഗവും കാന്തിക മണ്ഡലവും പ്ലാസ്മയും നിരീക്ഷിക്കാനാണ് എസ്‌ഡിഒയെ വിക്ഷേപിച്ചത്. ഭൂമിയിലെ അന്തരീക്ഷത്തിന്റെ ഭാഗമായ അയണോസ്ഫിയറില്‍ നിന്നും പ്രകാശം പ്രസരിക്കുന്നതിനെക്കുറിച്ചും എസ്‌ഡിഒ പഠിച്ചു. 

 

ഓരോ ദിവസവും ഏകദേശം 70,000 ചിത്രങ്ങളാണ് എസ്ഡിഒ എടുത്ത് ഭൂമിയിലേക്ക് അയക്കുന്നത്. ആകെ 1.5 ടെറാബൈറ്റ് വിവരങ്ങള്‍ വരും ഇത്. സൂര്യനെക്കുറിച്ചുള്ള ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ മനുഷ്യന് നല്‍കിയ ദൗത്യങ്ങളിലൊന്നായാണ് ഇതിനെ നേച്ചുര്‍ മാഗസിനില്‍ 2017ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വിശേഷിപ്പിക്കുന്നത്. മനുഷ്യ ചരിത്രത്തിലെ പല പ്രപഞ്ച ദൗത്യങ്ങളും ക്ഷീരപഥത്തിലേയോ പുറത്തേയോ നക്ഷത്രങ്ങളെ പഠിക്കാനായിരുന്നു. എന്നാല്‍ നമുക്ക് അടുത്തു തന്നെയുള്ള ഹൈഡ്രജനെ ഹീലിയമാക്കി മാറ്റുന്ന ശക്തിയേറിയ നക്ഷത്രത്തെക്കുറിച്ച് പലപ്പോഴും ശാസ്ത്രസമൂഹം പോലും മറന്നു. സൂര്യനില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. അങ്ങനെ നടക്കുന്ന പല കാര്യങ്ങളും നേരിട്ട് ഭൂമിയേയും ജീവനേയും ബാധിക്കുന്നുമുണ്ട്.

 

സൂര്യനില്‍ നിന്നുള്ള അപ്രതീക്ഷിത ഊര്‍ജ പ്രവാഹങ്ങളെ തിരിച്ചറിയാനും പ്രവചിക്കാനുമുള്ള ശേഷി നേടിയെടുക്കുകയെന്ന ലക്ഷ്യവും നാസയുടെ എല്‍‌ഡബ്ല്യുഎസ് പ്രോഗ്രാമിനുണ്ട്. സൂര്യനില്‍ നിന്നുള്ള സൗരകാറ്റുകള്‍ക്ക് കൃത്രിമോപഗ്രഹങ്ങളേയും ബഹിരാകാശ നിലയങ്ങളേയും ഭൂമിയിലെ വൈദ്യുതി വിതരണത്തേയുമെല്ലാം നേരിട്ട് ബാധിക്കാനാവും. സൂര്യന്റെ കാന്തിക മണ്ഡലം നിര്‍മിക്കപ്പെടുന്നതും പല ശക്തമായ ഊര്‍ജപ്രവാഹങ്ങളെ സ്വാധീനിക്കുന്നതുമെല്ലാം എങ്ങനെയെന്നതിനെക്കുറിച്ചും എസ്‌ഡിഒ നിരീക്ഷിച്ചു. 

 

വന്‍ വിജയമെന്ന് കണക്കാക്കുന്ന എസ്‌ഡിഒയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് 2020ല്‍ നാസ ഒരു വിഡിയോ തയാറാക്കിയിരുന്നു. എസ്ഡിഒയുടെ പ്രധാനപ്പെട്ട പത്തു കണ്ടെത്തലുകളാണ് ഇതില്‍ പറഞ്ഞിരുന്നത്. സൂര്യനെ നിരീക്ഷിക്കുന്ന മനുഷ്യ നിര്‍മിത വസ്തുക്കളില്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സോളാര്‍ ആന്റ് ഹെലിയോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററിയുമുണ്ട്. 1995ലാണ് എസ്ഒഎച്ച്ഒ സൂര്യനെ പഠിക്കുന്നതിനായി വിക്ഷേപിക്കുന്നത്.

 

English Summary: Amazing NASA Video Squeezes Over 100 Days on The Sun Into 1 Hour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com