ADVERTISEMENT

ജെയിംസ് വെബ് ദൂരദര്‍ശിനി സജീവമായിട്ട് ആറുമാസം തികയും മുൻപേ അടുത്ത തലമുറ ദൂരദര്‍ശിനി പ്രഖ്യാപിച്ച് നാസ. ശതകോടിക്കണക്കിന് ഡോളര്‍ ചെലവു വരുന്ന ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററി ആണ് പുതിയ ദൂരദര്‍ശിനി. എന്നാൽ ജെയിംസ് വെബിന് ശേഷം നാസ വിക്ഷേപിക്കുന്ന ആദ്യത്തെ ദൂരദര്‍ശിനിയായിരിക്കില്ല ഇത്. 2027ല്‍ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്ന നാന്‍സി ഗ്രേസ് റോമന്‍ ഒബ്‌സര്‍വേറ്ററിക്കാണ് ആ പദവി. എന്നാല്‍ അന്യഗ്രഹ ജീവന്‍ തേടുന്ന ദീര്‍ഘകാല ദൗത്യത്തില്‍ ജെയിംസ് വെബിന്റെ പിന്തുടര്‍ച്ചാവകാശിയായി ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററി മാറും. 

 

നാസയുടെ ഗ്രേറ്റ് ഒബ്‌സര്‍വേറ്ററീസ് പ്രോഗ്രാമിന്റെ ഭാഗമാണ് ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററി. 1990കളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഹബിള്‍ ടെലസ്‌കോപ് അടക്കമുള്ള ദൂരദര്‍ശിനികള്‍ നാസ വിക്ഷേപിച്ചത് ഈ പദ്ധതിയുടെ ഭാഗമായാണ്. ആറു മീറ്റര്‍ നീളമുള്ള ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററിക്ക് ഏകദേശം 1,100 കോടി ഡോളര്‍ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുറഞ്ഞത് 25 ഗ്രഹങ്ങള്‍ നിരീക്ഷിക്കാനും അവയിലെ ജീവന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാനും ഈ ദൂരദര്‍ശിനി സഹായിക്കും. 

 

james-web-tescope
Photo: NASA

ജനുവരിയുടെ തുടക്കത്തില്‍ നടന്ന അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ യോഗത്തിനിടെയാണ് നാസ ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. സൂര്യന്റെ വെളിച്ചത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ശക്തമായ കൊറോണോ ഗ്രാഫും ഈ ദൂരദര്‍ശിനിയിലുണ്ടാവും. ഇതുവഴി താരതമ്യേന വെളിച്ചം കുറഞ്ഞ ഗ്രഹങ്ങളിലെ ഭാഗങ്ങള്‍ കൂടി നിരീക്ഷിക്കാന്‍ ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററിക്ക് സാധിക്കും. 

 

എല്‍ 2 എന്നറിയപ്പെടുന്ന ലാഗ്രാന്‍ജ് പോയിന്റിലേക്കായിരിക്കും ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററി എത്തിക്കുക. സൂര്യനില്‍ നിന്നും എതിര്‍ ദിശയില്‍ ഭൂമിയില്‍ നിന്നും അകലെയായി സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വ ബലങ്ങള്‍ക്ക് അപ്പുറത്തുള്ള ഇടമാണ് എല്‍ 2. സ്വതന്ത്രമായി ബഹിരാകാശത്ത് ഒഴുകി നടക്കാന്‍ ഇതോടെ ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററിക്ക് സാധിക്കുകയും ചെയ്യും. 

 

എംഐടിയുടെ സ്‌പേസ് ബബിള്‍ പോലുള്ള ദൗത്യങ്ങളും ലാഗ്രാന്‍ജ് പോയിന്റിലേക്കാണ് വിക്ഷേപിക്കുക. പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ നാസ പുറത്തുവിട്ടിട്ടില്ല. അന്യഗ്രഹ ജീവന്‍ തേടുന്ന ദൗത്യം വളരെ സജീവമായി തന്നെ കൊണ്ടുപോവാനാണ് അമേരിക്കയുടേയും നാസയുടേയും തീരുമാനം. ഇതിന്റെ തെളിവു കൂടിയാവുകയാണ് ജെയിംസ് വെബ് ടെലസ്‌കോപിന്റെ പിന്‍ഗാമിയായി ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററിയെക്കുറിച്ചുള്ള പ്രഖ്യാപനവും.

 

English Summary: NASA already unveiled a successor to James Webb that will search for life on alien planets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com