ADVERTISEMENT

ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിജയകരമായി മിന്നലിന്റെ ദിശ മാറ്റി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. രാജ്യാന്തര ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ നേച്ചുര്‍ ഫോട്ടോണിക്‌സ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2021ല്‍ നടന്ന പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. ഇടിമിന്നലില്‍ നിന്നുള്ള സംരക്ഷണത്തിനും മിന്നലിനെക്കുറിച്ചുള്ള പഠനത്തിനുമെല്ലാം ഈ പരീക്ഷണം നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷ. 

 

യൂറോപിലെ തന്നെ ഏറ്റവും കൂടുതൽ മിന്നല്‍ സാധ്യതയുള്ള ഫോണ്‍ ടവറിന് കീഴെയാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്. മഴക്കും മിന്നലിനും കൂടുതല്‍ സാധ്യതയുള്ള ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്ത് മേഖലയില്‍ വ്യോമ ഗതാഗതത്തിനും നിരോധനമുണ്ട്. ഈ കാലയളവിലാണ് ടെറാവാട്ട് ശേഷിയുള്ള ലേസര്‍ ഉപകരണം ടവറിന് സമീപം സ്ഥാപിച്ചത്. സെക്കൻഡില്‍ 1000 തവണ ലേസറുകളെ പുറത്തുവിടാന്‍ ശേഷിയുള്ള ഉപകരണമാണ് ഇടിമിന്നലിനെ വഴി തിരിച്ചുവിടാനായി ഉപയോഗിച്ചത്.

 

പരീക്ഷണ കാലയളവില്‍ 16 തവണയാണ് ഈ ടവറിന് മിന്നലേറ്റത്. ഇതില്‍ നാലു തവണ ലേസര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവിച്ചത്. നാലു തവണയും മിന്നലിന്റെ ദിശ മാറ്റാന്‍ ലേസറിന് സാധിച്ചു. ടവറിന് നേരെ വന്നിരുന്ന മിന്നല്‍ ഏകദേശം 50 മീറ്ററോളം ദൂരേക്ക് മാറ്റാനാണ് ലേസര്‍ വഴി കഴിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ രണ്ട് ഹൈസ്പീഡ് ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയിരുന്നു. 

 

മൂന്നു ടണ്‍ ഭാരവും വലിയൊരു കാറിന്റെ വലുപ്പവുമുള്ളതാണ് ലേസര്‍ പുറത്തുവിടുന്ന ഉപകരണം. ജര്‍മന്‍ കമ്പനിയായ ട്രംഫ് ഗ്രൂപ്പാണ് ഇത് നിര്‍മിച്ചത്. ജനീവ സര്‍വകലാശാലയിലെ ഗവേഷകരും ഈ ഉപകരണത്തിന്റെ നിര്‍മാണത്തിലും പരീക്ഷണത്തിലും നിര്‍ണായക പങ്കുവഹിച്ചു. വ്യോമയാന കമ്പനിയായ അരിയാനെ ഗ്രൂപ്പിന്റെ കൂടി സഹകരണത്തിലാണ് ലേസര്‍ പരീക്ഷണം നടന്നത്. 1970കള്‍ മുതല്‍ തന്നെ ലേസറുകള്‍ ഉപയോഗിച്ച് മിന്നലിന്റെ ദിശ മാറ്റാനാവുമെന്ന് ശാസ്ത്രലോകം പറയുന്നുണ്ടെങ്കിലും പരീക്ഷണശാലകള്‍ക്കു പുറത്ത് യഥാര്‍ഥ സാഹചര്യത്തിലെ പരീക്ഷണം ആദ്യമായിട്ടായിരുന്നു. 

 

ഏതാണ്ട് ഒരു വര്‍ഷമെടുത്താണ് ശാസ്ത്രജ്ഞര്‍ പരീക്ഷണഫലം വിശകലനം ചെയ്തത് എന്നതും പഠനത്തിന്റെ വ്യാപ്തി വെളിവാക്കുന്നതാണ്. മൂടല്‍ മഞ്ഞു പോലെയുള്ള വെല്ലുവിളികളുള്ള കാലാവസ്ഥയിലും ലൈറ്റ്‌നിങ് ലേസര്‍ റോഡിന്റെ (LLR) പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും ഇതോടെ തെളിഞ്ഞു. അടുത്ത പരീക്ഷണത്തില്‍ 10 മീറ്റര്‍ ഉയരമുള്ള എല്‍എല്‍ആര്‍ 500 മീറ്ററിലേക്ക് ഉയര്‍ത്തി വച്ചുകൊണ്ട് പരീക്ഷണം തുടരാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.

 

English Summary: Scientists divert lightning strikes using lasers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com