ADVERTISEMENT

ഗോള്‍ഡന്‍ ബോയ് എന്നു വിളിക്കുന്ന ഒരു മമ്മിയുണ്ട് ഈജിപ്തില്‍. 1916 മുതല്‍ കെയ്‌റോയിലെ മ്യൂസിയത്തിലുള്ള കൗമാരക്കാരനായ കുട്ടിയുടെ ഈ മമ്മിയുടെ പ്രധാന സവിശേഷത അതിലുള്ള പലതരം മന്ത്ര തകിടുകളാണ്. പലരൂപത്തിലും വലുപ്പത്തിലുമുള്ള മന്ത്ര തകിടുകള്‍ക്ക് ഓരോന്നിനും സവിശേഷമായ അര്‍ഥവും ലക്ഷ്യവുമുണ്ട്. 2300 വര്‍ഷം പഴക്കമുള്ള ഈ ഗോള്‍ഡന്‍ ബോയ് മമ്മിയുടെ രഹസ്യങ്ങള്‍ 3ഡി സിടി സ്‌കാന്‍ ഉപയോഗിച്ച് പുറത്തുകൊണ്ടുവരികയാണ് ഗവേഷകര്‍. 

 

ഗോള്‍ഡന്‍ ബോയുടെ ശരീരത്തില്‍ സ്വര്‍ണം കൊണ്ടും മറ്റുമുള്ള 49 മന്ത്ര തകിടുകളാണ് സ്ഥാപിച്ചിരുന്നത്. സാമൂഹ്യമായും സാമ്പത്തികമായും അന്നത്തെ ഉയര്‍ന്ന നിലയില്‍ നിന്നുള്ളതാണ് ഈ മമ്മിക്കുള്ളിലെ കുട്ടിയെന്ന സൂചനകളും ഇത് നല്‍കുന്നു. ഇത്തരം മമ്മികളില്‍ വലിയൊരു വിഭാഗവും പല കാലങ്ങളില്‍ സമ്പത്തിനു വേണ്ടി കൊള്ളയടിക്കപ്പെട്ടിരുന്നു. എന്നാല്‍ ഗോള്‍ഡന്‍ ബോയ് പുരാവസ്തു ഗവേഷകര്‍ക്ക് യാതൊരു കേടുപാടുകളുമില്ലാതെയാണ് ലഭിച്ചതെന്ന് കെയ്‌റോ സര്‍വകലാശാലയിലെ റേഡിയോളജി പ്രഫസറും പഠനത്തിന് നേതൃത്വം നല്‍കിയവരുമായ സഹര്‍ സലീം പറയുന്നു. 

 

'മന്ത്ര തകിടുകള്‍ മരണാനന്തര ജീവിതത്തിലും തുണവരുമെന്ന് വിശ്വസിച്ചിരുന്നവരാണ് ഈജിപ്തുകാര്‍. ഇവയുടെ നിറവും ഉപയോഗിക്കുന്ന ലോഹങ്ങളും രൂപവുമെല്ലാം പ്രധാനമാണ്. ഈജിപ്തുകാരുടെ മരണത്തിന്റെ പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് മമ്മികളില്‍ മന്ത്ര തകിടുകള്‍ സ്ഥാപിച്ചിരുന്നത്' എന്നും സഹര്‍ സലിം കൂട്ടിച്ചേര്‍ക്കുന്നു. ഏതാണ്ട് 15 വയസുള്ളപ്പോള്‍ മരിച്ച ഗോള്‍ഡന്‍ ബോയുടെ ശരീരത്തില്‍ നിന്നും തിരിച്ചറിഞ്ഞ ഓരോ മന്ത്ര തകിടിനും ഓരോ ലക്ഷ്യങ്ങളും അര്‍ഥങ്ങളുമുണ്ടായിരുന്നു. 

 

ഗോള്‍ഡന്‍ ബോയെ മരണാനന്ത ജീവിതത്തില്‍ ദയയോടെ വിലയിരുത്താന്‍ വേണ്ടിയാണ് നെഞ്ചിന്റെ ഭാഗത്ത് വണ്ടിന്റെ രൂപത്തിലുള്ള തകിട് വെച്ചിരുന്നത്. ഈ വണ്ടിന്റെ രൂപത്തിലുള്ള മന്ത്ര തകിടിനെക്കുറിച്ച് മരണത്തിന്റെ പുസ്തകത്തില്‍ 30–ാം അധ്യായത്തിലാണ് പറയുന്നത്. വായിലുണ്ടായിരുന്ന സ്വര്‍ണ നാവിന്റെ രൂപത്തിലുള്ള മന്ത്രതകിട് മരണ ശേഷവും സംസാരിക്കാനുള്ള ശേഷി നല്‍കുമെന്ന വിശ്വാസത്തിന്റെ ഭാഗമാണ്. മറ്റൊരു ശ്രദ്ധേയമായ മന്ത്ര തകിട് ലിംഗത്തിലാണ് വച്ചിരിക്കുന്നത്. ഇത് ശരീരത്തിന്റെ സുരക്ഷക്ക് വേണ്ടിയുള്ളതാണ്. സ്വര്‍ണ ചെരിപ്പുകളും മമ്മിയില്‍ നിന്നും കണ്ടെത്തിയിരുന്നു. 

 

ഒരു കുപ്പിയുടെ രൂപത്തിലുളള മന്ത്രതകിട് മരണാനന്തര ജീവിതത്തില്‍ വെള്ളം കൊണ്ടു നടക്കാനും അസുഖം വന്നാല്‍ ഭേദമാകാൻ വേണ്ടി ഒസിരിസ് ദേവന്റെ നട്ടെല്ലിനെ പ്രതിനിധാനം ചെയ്യുന്ന തകിടും കൂട്ടത്തിലുണ്ടായിരുന്നു. 'ഈ പഠനത്തിലൂടെ വിലപ്പെട്ട വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. പൗരാണിക ഈജിപ്തുകാര്‍ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നും മരിച്ചതെന്നും അവര്‍ മരണാനന്തര ജീവിതത്തെ എങ്ങനെയാണ് നോക്കി കണ്ടിരുന്നതെന്നുമൊക്കെ നമുക്ക് അറിയാനായി' എന്നും വാര്‍സോ മമ്മി പ്രൊജക്ടിലെ ഈജിപ്‌തോളജിസ്റ്റും ഈ പഠനത്തില്‍ പങ്കെടുത്ത ഗവേഷകനുമായ വൊസിനിക് എസ്‌മോണ്ട് പറയുന്നു. 

 

ഗോള്‍ഡന്‍ ബോയ് മമ്മിയിലെ കുട്ടിയുടെ ലിംഗാഗ്ര ചര്‍മം മുറിച്ചിരുന്നില്ല. ഈജിപ്തുകാര്‍ക്കിടയില്‍ ലിംഗാഗ്ര ചര്‍മം മുറിക്കുന്ന രീതിയുണ്ടായിരുന്നു. മുതിര്‍ന്ന ശേഷമാണ് ഈജിപ്തുകാര്‍ ലിംഗാഗ്ര ചര്‍മം മുറിച്ചിരുന്നതെന്ന വാദം ഇതോടെ ഉയര്‍ന്നിട്ടുണ്ട്. ബിസി 332നും ബിസി 30നും ഇടയില്‍ ഉപയോഗിച്ചിരുന്ന ശവക്കല്ലറയില്‍ നിന്നാണ് 1916ല്‍ ഗോള്‍ഡന്‍ ബോയ് മമ്മി ലഭിക്കുന്നത്. ഈ മമ്മിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഫ്രോണ്ടിയേഴ്‌സ് ഇന്‍ മെഡിസിന്‍ എന്ന ജേണലിലാണ് പഠനത്തിന്റെ പൂര്‍ണ രൂപം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: 2,300-year-old 'golden boy' mummy was found with 49 amulets, including a gold tongue to let him speak with the gods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com