ADVERTISEMENT

കാര്‍ബണ്‍ ബഹിര്‍ഗമനവും തുടര്‍ന്നുള്ള അന്തരീക്ഷ താപനിലയിലെ വര്‍ധനവുമെല്ലാം ഇപ്പോള്‍ മാത്രം സംഭവിച്ചിട്ടുള്ള കാര്യമല്ല. ഭൂമിയുടെ പല കാലങ്ങളില്‍ പല കാരണങ്ങള്‍കൊണ്ട് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിയ തോതില്‍ അന്തരീക്ഷത്തിലേക്കെത്തുകയും അത് കൂട്ട വംശനാശങ്ങള്‍ക്ക് വരെ കാരണമാവുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 25 കോടി വര്‍ഷങ്ങള്‍ക്ക് മുൻപുണ്ടായ ഭൂമിയിലെ കൂട്ട വംശനാശത്തിന്റെ കാരണം തേടി പോയ ശാസ്ത്രജ്ഞരുടെ രാജ്യാന്തരസംഘം ഇപ്പോള്‍ ഒരു നിഗമനത്തിലെത്തിയിരിക്കുകയാണ്. വലിയ തോതില്‍ മെര്‍ക്കുറി പുറത്തുവിട്ട സൈബീരിയയിലെ കൂറ്റന്‍ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ക്ക് ഈ കൂട്ടവംശ നാശങ്ങളില്‍ പങ്കുണ്ടെന്നാണ് നേച്ചുര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. 

 

ലേറ്റ് പെര്‍മിയന്‍ മാസ് എക്സ്റ്റിന്‍ഷന്‍ (LPME) എന്നറിയപ്പെടുന്ന ഈ കൂട്ട വംശനാശം 25.2 കോടി വര്‍ഷങ്ങള്‍ക്കും 20.1 കോടി വര്‍ഷങ്ങള്‍ക്കുമിടയിലാണ് ഭൂമിയില്‍ സംഭവിച്ചത്. അന്ന് സമുദ്രത്തിലെ 96 ശതമാനം ജീവജാലങ്ങള്‍ക്കും കരയിലെ നട്ടെല്ലുള്ള ജീവികളില്‍ 70 ശതമാനത്തിനും വംശനാശം സംഭവിച്ചു. ഭൂമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വംശനാശമായാണ് ഇതിനെ കണക്കാക്കുന്നത്. കണക്ടിക്കട്ട് സര്‍വകലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗം പ്രഫസര്‍ ക്രിസ്റ്റഫര്‍ ഫീല്‍ഡിങും വകുപ്പ് മേധാവി ട്രാസി ഫ്രാങ്കും അടങ്ങുന്ന ശാസ്ത്രജ്ഞരുടെ സംഘമാണ് ഇതേക്കുറിച്ച് വിശദമായ പഠനം നടത്തിയത്. സൈബീരിയയിലെ മെര്‍ക്കുറി പുറത്തുവിട്ട അഗ്നിപര്‍വതങ്ങള്‍ മുതല്‍ ഓസ്‌ട്രേലിയയിലേയും ദക്ഷിണാഫ്രിക്കയിലേയും തീരങ്ങള്‍ വരെ ഇവരുടെ പഠനത്തിന്റെ ഭാഗമായി. 

 

'കഴിഞ്ഞകാലത്ത് നമ്മുടെ ഭൂമിയില്‍ എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള അറിവ് ഭാവിയില്‍ എന്തു നടക്കുമെന്നതിന്റെ സൂചന കൂടിയാണ്. വലിയതോതില്‍ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എത്തിയതാണ് അന്നത്തെ കാലാവസ്ഥാവ്യതിയാനത്തിനും തുടര്‍ന്നുള്ള കൂട്ട വംശനാശത്തിനും കാരണമായത്' എന്നും കണക്ടിക്കട്ട് സര്‍വകലാശാലയിലെ ഗവേഷകര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സൈബീരിയയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വലിയ തോതില്‍ അഗ്നിപര്‍വത സ്ഫാടനങ്ങളുണ്ടായതാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പരിധിവിട്ട് കൂടിയതിന് പിന്നിലെന്നും ഫ്രാങ്കും സംഘവും ചൂണ്ടിക്കാണിക്കുന്നു.

 

ഈ കൂട്ട വംശനാശത്തെക്കുറിച്ച് പല തരത്തിലുള്ള സാധ്യതകള്‍ ശാസ്ത്രജ്ഞര്‍ നേരത്തേ മുന്നോട്ടുവച്ചിട്ടുണ്ട്. ഉല്‍ക്കാ പതനം, വലിയ തോതിലുള്ള അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍, പെട്ടെന്ന് കാലാവസ്ഥയിലുണ്ടായ മാറ്റം, സമുദ്രത്തിലെ ഓക്‌സിജനിലുണ്ടായ കുറവ് എന്നിവയെല്ലാം അത്തരം കാരണങ്ങളില്‍ ചിലതാണ്. അഗ്നി പര്‍വ്വത സ്‌ഫോടനങ്ങള്‍ക്കൊപ്പം വലിയ തോതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീഥെയ്‌നും പോലുള്ള വാതകങ്ങളും ഭൂഗര്‍ഭത്തില്‍ നിന്നും ലോഹങ്ങളും പുറത്തുവരാറുണ്ട്. 

 

നേരത്തേ ഈ കൂട്ട വംശനാശത്തെക്കുറിച്ച് നടന്ന പഠനങ്ങള്‍ ഉത്തരാര്‍ധഗോളത്തിലെ പ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ പുതിയ പഠനത്തില്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയും ദക്ഷിണാഫ്രിക്കയിലെ കാരൂ ബാസിനും അടക്കമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി. വലിയ തോതില്‍ മനുഷ്യാധ്വാനം കൂടി വേണ്ടി വന്ന പഠനമാണ് ഇവര്‍ നടത്തിയത്. അതുകൊണ്ടുതന്നെ രാജ്യാന്തര തലത്തിലുള്ള ശാസ്ത്രജ്ഞരുടെ സഹായം ഈ പഠനത്തിന് ലഭിക്കുകയുണ്ടായി. സൈബീരിയയിലെ കൂട്ട അഗ്നിപര്‍വത സ്‌ഫോടനങ്ങളില്‍ പുറത്തുവന്ന മെര്‍ക്കുറിയുടെ ഐസോടോപിന് സമാനമായ മെര്‍ക്കുറി ദക്ഷിണാഫ്രിക്കയുടേയും ഓസ്‌ട്രേലിയയുടേയും തീരങ്ങളില്‍ നിന്നും കണ്ടെത്തുകയുണ്ടായി. 

 

സമുദ്രജീവികളുടെ വംശനാശം ആരംഭിക്കുന്നതിന് ആറ് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് കരയിലെ ജീവികള്‍ കൂട്ടമായി ചത്തു തുടങ്ങിയിരുന്നുവെന്നും ഫ്രാങ്ക് പറയുന്നുണ്ട്. ഭൂമിയിലെ ഏതെങ്കിലുമൊരു ദിവസമോ കുറച്ചു ദിവസങ്ങളോ ചേര്‍ന്നല്ല കൂട്ട വംശനാശമുണ്ടായത്. അത് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട പ്രതിഭാസമായിരുന്നു. ഈ വംശനാശത്തിലേക്ക് നയിച്ച പ്രധാന കാരണമായാണ് സൈബീരിയയിലെ അഗ്നിപര്‍വ്വതസ്‌ഫോടനങ്ങളെ ഈ പഠനം കാണിച്ചു തരുന്നത്.

 

English Summary: What caused the 'Great Dying' mass extinction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com