ചൊവ്വാ യാത്രയ്ക്കുള്ള സ്റ്റാർഷിപ്പ് പരീക്ഷണം: 33 എൻജിനുകളിൽ 31 എണ്ണം വിജയിച്ചെന്ന് മസ്‌ക്
Mail This Article
സ്‌പേസ് എക്‌സിന്റെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങള്‍ക്ക് കരുത്തു പകരുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ നിര്‍ണായക പരീക്ഷണം പൂര്‍ത്തിയായി. ഭൂമിയെ വലംവച്ചുള്ള വിക്ഷേപണത്തിന് മുന്നോടിയായി സ്റ്റാര്‍ഷിപ്പിന്റെ 33 എൻജിനുകള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടുള്ള പരീക്ഷണത്തിനിടെ രണ്ടെണ്ണം പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിച്ചില്ലെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചു. ഒരെണ്ണത്തിന്റെ പ്രവര്‍ത്തനം പരീക്ഷണത്തിനു മുൻപ് തന്നെ സ്‌പേസ്എക്‌സ് സംഘം അവസാനിപ്പിച്ചെങ്കില്‍ മറ്റൊന്ന് പരീക്ഷണത്തിനിടെ പരാജയപ്പെടുകയായിരുന്നു. അതേസമയം, 31 എണ്ണം പൂര്‍ണമായും പ്രവര്‍ത്തിച്ചുവെന്നും റോക്കറ്റിനെ ബഹിരാകാശത്തേക്കെത്തിക്കുവാന്‍ ഇതു ധാരാളമാണെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചു.
തറയില്‍ ഉറപ്പിച്ച നിലയില്‍ ഏതാനും സെക്കൻഡുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന പരീക്ഷണഫലം സ്റ്റാര്‍ഷിപ്പിന്റെ നിര്‍മാണ പുരോഗതിയില്‍ നിര്‍ണായകമാണ്. മനുഷ്യന്‍ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. കഴിഞ്ഞ നവംബറില്‍ സ്‌പേസ്എക്‌സ് നടത്തിയ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് എൻജിനുകളുടെ പരീക്ഷണം വിജയമായിരുന്നു. എന്നാല്‍ അന്ന് 14 എൻജിനുകള്‍ മാത്രമാണ് പരീക്ഷിച്ചിരുന്നത്. ഇത്തവണ പൂര്‍ണ സജ്ജമായ പരീക്ഷണത്തിനിടെയാണ് രണ്ട് എൻജിനുകള്‍ പണി മുടക്കിയത്. നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നത് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് ഉപയോഗിച്ചായിരിക്കും. എന്നാല്‍ ചാന്ദ്ര ദൗത്യത്തിന് മുന്നോടിയായി സ്‌പേസ് എക്‌സിനും സ്റ്റാര്‍ഷിപ്പിനും നിരവധി പരീക്ഷണ കടമ്പകള്‍ മറികടക്കേണ്ടതുണ്ട്.
നൂറിലേറെ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മനുഷ്യരേയും വഹിച്ചുകൊണ്ട് സ്റ്റാര്‍ഷിപ്പിന് പറന്നുയരാനാവൂ എന്ന് സ്‌പേസ്എക്‌സ് പ്രസിഡന്റ് ഗ്വന്‍ ഷോട്ട്‌വെല്‍ പറഞ്ഞിരുന്നു. എഫ്എഎയുടെ വാര്‍ഷിക കൊമേഴ്‌സ്യല്‍ സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോണ്‍ഫറന്‍സില്‍ വെച്ചായിരുന്നു ഗ്വന്‍ ഷോട്ട്‌വെലിന്റെ പ്രതികരണം. ആദ്യ വിക്ഷേപണത്തിലെ യഥാര്‍ഥ വെല്ലുവിളി തിരിച്ചിറങ്ങുമ്പോള്‍ പൊട്ടിത്തെറിക്കാതെ നോക്കുക എന്നതാണെന്നും അവര്‍ തുറന്നു പറഞ്ഞിരുന്നു. നേരത്തേ നടത്തിയ സ്റ്റാര്‍ഷിപ്പിന്റെ പല പരീക്ഷണങ്ങളും പൊട്ടിത്തെറിയിലാണ് അവസാനിച്ചിരുന്നത്.
അതിവേഗത്തില്‍ നിര്‍മിക്കാവുന്ന രീതിയിലാണ് സ്റ്റാര്‍ഷിപ്പിനെ സ്‌പേസ്എക്‌സ് ഒരുക്കുന്നത്. 100 പേരെ വരെ വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. ഓരോ വര്‍ഷവും 100 സ്റ്റാര്‍ഷിപ്പുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുകയെന്ന വലിയ ലക്ഷ്യത്തിന് വേണ്ടിയാണ് ഈ വിപുലമായ റോക്കറ്റ് നിര്‍മാണ പദ്ധതി. ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുള്ള യാത്രയ്ക്ക് പുറമേ ബഹിരാകാശ പേടകങ്ങളിലേക്ക് ചരക്കെത്തിക്കാനും സ്റ്റാര്‍ഷിപ്പ് റോക്കറ്റിന് സാധിക്കും.
പുനരുപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ചെലവ് മറ്റു റോക്കറ്റുകളുടേതിനെ അപേക്ഷിച്ച് കുറവാണ്. പരീക്ഷണത്തിനിടെ രണ്ട് എൻജിനുകള്‍ പ്രവര്‍ത്തിക്കാതിരുന്നതിന്റെ കാരണങ്ങളും പരീക്ഷണത്തിനിടെ ലഭിച്ച വിവരങ്ങളും സ്‌പേസ്എക്‌സ് പരിശോധിക്കും. ടെക്‌സസിലെ ബോകചിക്കയില്‍ വച്ചു നടത്തിയ പരീക്ഷണത്തില്‍ റോക്കറ്റ് വിക്ഷേപണ തറക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചോ എന്നും പരിശോധിക്കും. മാര്‍ച്ചില്‍ ഭൂമിയെ വലംവച്ചുകൊണ്ടുള്ള പരീക്ഷണം സ്റ്റാര്‍ഷിപ്പ് നടത്തുമെന്നാണ് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിട്ടുള്ളത്.
English Summary: SpaceX's first attempt to fire all 33 Starship engines at once ends with mixed results