ADVERTISEMENT

ശുക്രനില്‍ നിന്നും ആദ്യത്തെ ചിത്രം ഭൂമിയിലേക്കയച്ചത് 1975 ഒക്ടോബര്‍ 20നായിരുന്നു. അന്ന് സോവിയറ്റ് യൂണിയന്റെ വെനേര ദൗത്യത്തിന്റെ ഭാഗമായുള്ള വെനേര 9 ലാന്‍ഡറായിരുന്നു ആദ്യം ശുക്രനില്‍ ഇറങ്ങിയത്. എന്നാല്‍ രണ്ട് മണിക്കൂര്‍ മാത്രമായിരുന്നു ഈ സന്തോഷത്തിന് ആയുസ്. കാരണം ശുക്രന്റെ വളരെ ഉയര്‍ന്ന താപനിലയിലും മര്‍ദത്തിലും പെട്ട് വെനേര 9 ലാന്‍ഡര്‍ നശിച്ചുപോയി. ഇങ്ങനെയൊരു അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയ താപനിലയേയും മര്‍ദത്തേയും അതിജീവിക്കാന്‍ ശേഷിയുള്ള പേടകം ശുക്രനിലേക്ക് അയക്കാനൊരുങ്ങുകയാണ് നാസ. 

 

ലിസെ(LLISSE) എന്നു പേരിട്ടിരിക്കുന്ന ലാന്‍ഡര്‍ ശുക്രനിലിറങ്ങി ഭൂമിയിലേക്ക് വിലപ്പെട്ട വിവരങ്ങള്‍ അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേടകത്തിന്റെ പ്രധാന ഭാഗമായ ബാറ്ററി എങ്ങനെ ഈ കടുപ്പമുള്ള സാഹചര്യങ്ങളെ അതിജീവിക്കുമെന്നതാണ് വെല്ലുവിളി. നാസയുടെ ചൊവ്വാ പേടകമായ പെഴ്സിവീറന്റെ ലാന്‍ഡിങ്ങിന്റെ ഏഴു മിനുറ്റായിരുന്നു ആ ദൗത്യത്തിലെ പ്രധാന വെല്ലുവിളി. എന്നാല്‍ അന്തരീക്ഷത്തിന് കട്ടി കൂടുതലുള്ള ശുക്രനിലേക്ക് ഇറങ്ങാനായി വേഗം കുറയ്ക്കുന്ന റെട്രോറോക്കറ്റുകളുടെ ആവശ്യം പോലുമില്ല. എന്നാല്‍ ഇറങ്ങിയ ശേഷമാണ് വെല്ലുവിളികള്‍ ആരംഭിക്കുന്നത്. 

 

ശുക്രനിലെ ശരാശരി താപനില 455 ഡിഗ്രി സെല്‍ഷ്യസാണ്. ഈയം പോലും ഉരുകിപ്പോവുന്ന ചൂടാണിത്. അന്തരീക്ഷത്തിലെ മര്‍ദമാണ് മറ്റൊരു വെല്ലുവിളി. ഭൂമിയിലാണെങ്കില്‍ 5000 അടി ആഴത്തിലെ സമുദ്രത്തിലുള്ളതിന് സമാനമായ മര്‍ദമാണ് ശുക്രന്റെ നിരപ്പിലുള്ളത്. സമുദ്ര നിരപ്പിലുള്ളതിന്റെ 500 ഇരട്ടി മര്‍ദമാണിത്.

 

അഡ്വാന്‍സ്ഡ് തെര്‍മല്‍ ബാറ്ററീസ് (ATB) എന്ന കമ്പനിയുമായി ചേര്‍ന്നാണ് നാസ ഈ വെല്ലുവിളികളെ അതിജീവിക്കുന്ന ബാറ്ററി നിര്‍മിക്കുന്നത്. ആദ്യ ബാറ്ററികള്‍ നാസയും എടിബിയും ചേര്‍ന്ന് നിര്‍മിച്ചു കഴിഞ്ഞു. ശുക്രനില്‍ ഒരു ദിവസം പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ബാറ്ററിയാണിതെന്നാണ് കരുതപ്പെടുന്നത്. ശുക്രന്റെ ഒരു ദിവസമെന്നത് അത്ര ചെറിയ സമയമല്ല. ഭൂമിയിലെ 120 ദിവസങ്ങള്‍ക്ക് തുല്യമാണ് ഒരു ശുക്രദിനം. ശുക്രനിലെ ഉയര്‍ന്ന താപനിലയെ ഉപയോഗിക്കാന്‍ ശേഷിയുള്ള പ്രത്യേകതരം ഇലക്ട്രോലൈറ്റുകളാണ് ഈ ബാറ്ററിയിലുള്ളത്. 

 

ഈ ബാറ്ററിയുടെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ മികച്ച ഫലമാണ് നല്‍കുന്നത്. ബാറ്ററി വിജയകരമായാല്‍ ഒന്നിലേറെ ശുക്ര ദൗത്യങ്ങള്‍ക്കും നാസ ഭാവിയില്‍ ശ്രമിച്ചേക്കും. ലോങ് ലിവ്ഡ് ഇന്‍ സിറ്റു സോളാര്‍ സിസ്റ്റം എക്‌സ്‌പ്ലോറര്‍ (LLISSE) തന്നെയായിരിക്കും ഈ ദൗത്യങ്ങളുടെ മുന്നണിയിലുണ്ടാവുക. ഏതാണ്ട് 60 ദിവസം ലിസെയെ ശുക്രന്റെ ഉപരിതലത്തില്‍ വിജയകരമായി ഓടിക്കാനാണ് നാസയുടെ ലക്ഷ്യം. ഇത് സംഭവ്യമായാല്‍ ആവശ്യത്തിന് നിര്‍ണായക വിവരങ്ങള്‍ ലിസെ ഭൂമിയിലേക്ക് അയച്ചു കഴിഞ്ഞിരിക്കും.

 

English Summary: NASA aims to send a lander that can survive Venus' crushing atmosphere

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com