ADVERTISEMENT

പെല്ലെറ്റ് ബീം പ്രൊപ്പല്‍ഷന്‍ ഉപയോഗിച്ച് ഭാരമേറിയ ബഹിരാകാശ പേടകങ്ങളെ പോലും അഞ്ചു വര്‍ഷം കൊണ്ട് ക്ഷീരപഥത്തിന്റെ അതിര്‍ത്തി കടത്താനാവുമെന്ന് ശാസ്ത്രലോകം. നാസ വിക്ഷേപിച്ച വോയേജര്‍ ഒന്ന് ദൗത്യം 35 വര്‍ഷമെടുത്താണ് ക്ഷീരപഥത്തിന്റെ അതിര്‍ത്തിയിലെത്തിയത്. ഇപ്പോള്‍ ആശയമായ പെല്ലെറ്റ് ബീം പ്രൊപ്പല്‍ഷന്‍ യാഥാര്‍ഥ്യമാക്കുന്നതിനായി നാസ തന്നെ 1.75 ലക്ഷം ഡോളറാണ് അനുവദിച്ചിരിക്കുന്നത്. 

 

സാധാരണ റോക്കറ്റുകള്‍ക്ക് സാധിക്കാത്തവിധം ഒരു മനുഷ്യായുസില്‍ തന്നെ ക്ഷീരപഥത്തിന് പുറത്തെത്തി തിരിച്ചുവരുന്നത് ഈ സാങ്കേതികവിദ്യകൊണ്ട് സാധ്യമാണെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. വേഗം മാത്രമല്ല ഭാരമേറിയ പേടകങ്ങളേയും കൊണ്ടുപോകാമെന്നതും ഈ സാങ്കേതികവിദ്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഒരു ടണ്ണോ അതിലേറെയോ ഭാരമുള്ള ബഹിരാകാശ പേടകങ്ങളെ വരെ വിദൂരതയിലേക്ക് നയിക്കാന്‍ പെല്ലെറ്റ് ബീം സംവിധാനം വഴി സാധിക്കുമെന്നും കലിഫോര്‍ണിയ സര്‍വകലാശാലയിലെ എയറോസ്‌പേസ് എൻജിനീയര്‍ ആര്‍തര്‍ ദാവൊയാന്‍ പറയുന്നു. 

 

നിലവിലെ കെമിക്കല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന റോക്കറ്റുകള്‍ ഉപയോഗിച്ച് സൂര്യന്‍ കഴിഞ്ഞാല്‍ നമ്മുടെ അടുത്തുള്ള പ്രോക്‌സിമ സെഞ്ചുറി എന്ന നക്ഷത്രം വരെ എത്തിക്കുന്നത് പോലും അസാധ്യമാണ്. ഗ്രാവിറ്റി അസിസ്റ്റില്‍ സഞ്ചരിക്കുന്ന വോയേജര്‍ പേടകങ്ങളെ നമ്മള്‍ സൗരയൂഥത്തിന്റെ പുറത്തെത്തിച്ചിട്ടുണ്ട്. എന്നാല്‍, വോയേജര്‍ പേടകം പ്രോക്‌സിമ സെഞ്ചുറിയിലെത്തണമെങ്കില്‍ നിലവിലെ വേഗത്തില്‍ കണക്കുകൂട്ടിയാല്‍ 73,000 വര്‍ഷമെങ്കിലുമെടുക്കും. പ്രകാശം ഉപയോഗിച്ച് മുന്നോട്ടു പോവുന്ന ലൈറ്റ് സെയ്ൽ വഴി 20 വര്‍ഷം കൊണ്ട് പ്രോക്‌സിമ സെഞ്ചുറിയിലേക്ക് നമുക്ക് എത്താനാകും. സമാനമായ സാങ്കേതികവിദ്യയാണ് പെല്ലെറ്റ് ബീമും.

 

രണ്ട് ബഹിരാകാശ പേടകങ്ങള്‍ ചേര്‍ന്നതായിരിക്കും ഈ സംവിധാനം. ഇതിലൊന്ന് ഭൂമിയെ ഭ്രമണം ചെയ്യുമ്പോള്‍ മറ്റൊന്ന് ലക്ഷ്യ സ്ഥാനത്തേക്ക് ചലിക്കുകയും ചെയ്യുന്നു. ഭൂമിയെ വലംവയ്ക്കുന്ന പേടകത്തില്‍ നിന്നുള്ള ചെറു മൈക്രോസ്‌കോപിക് കണങ്ങള്‍ വിദൂരതയിലേക്ക് പോവുന്ന പേടകത്തിലേക്കെത്തുന്നു. ലേസറുകള്‍ വഴിയാണ് ഈ ചെറു കണങ്ങളെ ചൂടാക്കുന്നതും പെല്ലെറ്റ് ബീമുകളാക്കി വിദൂരതയിലെ പേടകത്തിലേക്ക് എത്തിക്കുന്നതും. സെക്കൻഡില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ശേഷി ഇതുവഴി പേടകത്തിന് ലഭിക്കുന്നു. 

 

പെല്ലെറ്റ് ബീമുകള്‍ വഴി ഭൂമിയില്‍ നിന്നും 100 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് (1 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് = ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരം) വരെ മൂന്നു വര്‍ഷം കൊണ്ട് മറികടക്കാന്‍ സാധിക്കും. അഞ്ചു വര്‍ഷം കൊണ്ട് ഇത് 500 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് വരെയാവുന്നു. ഒരു അസ്‌ട്രോണമിക്കല്‍ യൂണിറ്റ് എന്നത് ഏതാണ്ട് 1.50 കോടി കിലോമീറ്റര്‍ വരും. 122 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് അകലേക്ക് വോയേജര്‍ 1 പേടകത്തിന് എത്താന്‍ 35 വര്‍ഷങ്ങളെടുത്തിരുന്നു. ഇതേ ദൂരത്തേക്ക് ഒരു ടണ്‍ ഭാരമുള്ള പേടകത്തെ പെല്ലെറ്റ് ബീം സാങ്കേതികവിദ്യ ഉപയോഗിച്ച് വെറും അഞ്ചു വര്‍ഷങ്ങള്‍ മതിയെന്നതാണ് നാസയെ പെല്ലെറ്റ് ബീമിനു വേണ്ടി പണം മുടക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

 

English Summary: Radical NASA Propulsion Concept Could Reach Interstellar Space in Under 5 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com