ADVERTISEMENT

അപ്പോളോ ദൗത്യത്തിന് ശേഷം അര നൂറ്റാണ്ടു കഴിഞ്ഞാണ് നാസ വീണ്ടും ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ആര്‍ട്ടെമിസ് ദൗത്യത്തിനിറങ്ങുന്നത്. ദിവസങ്ങൾക്കു മുൻപാണ് ആര്‍ട്ടെമിസ് രണ്ടിന്റെ ഭാഗമായി ചന്ദ്രനിലേക്ക് പുറപ്പെടുന്ന നാലംഗ സംഘത്തെ നാസ പ്രഖ്യാപിച്ചത്. മനുഷ്യന്റെ ചാന്ദ്ര ദൗത്യങ്ങളില്‍ ആദ്യമായി പങ്കാളിയാവുന്ന വനിതയെന്ന നേട്ടം സംഘത്തിലെ ക്രിസ്റ്റീന കോക് സ്വന്തമാക്കുകയും ചെയ്തിരുന്നു. ആര്‍ട്ടെമിസ് 2 ദൗത്യസംഘം ചന്ദ്രനില്‍ ഇറങ്ങില്ല. മറിച്ച് ചന്ദ്രനെ വലം വച്ചശേഷം ഭൂമിയിലേക്ക് തിരിച്ചെത്തുകയാണ് ചെയ്യുക. എന്തുകൊണ്ടാണ് ചന്ദ്രനോളം പോയിട്ടും ചന്ദ്രനില്‍ ഇറങ്ങാത്തതെന്ന ചോദ്യത്തിനും നാസയ്ക്ക് ഉത്തരമുണ്ട്. 

ബഹിരാകാശ സഞ്ചാരികളില്ലാതെ ചന്ദ്രനെ വലം വച്ചുകൊണ്ട് ആര്‍ട്ടെമിസ് 1 ദൗത്യം കഴിഞ്ഞ നവംബറില്‍ വിജയകരമായി നാസ പൂര്‍ത്തിയാക്കിയിരുന്നു. ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി നിരവധി പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും സംവിധാനങ്ങളുമാണ് നാസ പരീക്ഷിക്കുന്നത്. ഇതു വഴി ലഭിക്കുന്ന വിവരങ്ങള്‍ ഭാവി ദൗത്യങ്ങള്‍ക്ക് വളരെ നിര്‍ണായകമായിരിക്കും. അതുകൊണ്ട് ചന്ദ്രനെ വലം വച്ച് തിരിച്ചെത്തുന്ന ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെയും പ്രധാന ലക്ഷ്യം വിവര ശേഖരണവും പുതിയ സാങ്കേതികവിദ്യകളുടെ പ്രായോഗിക പരീക്ഷണവുമായിരിക്കും. 

ആര്‍ട്ടെമിസ് ഒന്നിലേതു പോലെ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റും ഓറിയോണ്‍ പേടകവുമാണ് ആര്‍ട്ടെമിസ് രണ്ടിലേയും പ്രധാനികള്‍. ഓറിയോണ്‍ പേടകത്തിലെ ജീവന്‍ രക്ഷാ സംവിധാനങ്ങളും വാര്‍ത്താവിനിമയ, ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സൗകര്യങ്ങളും ബഹിരാകാശത്തു വച്ചു തന്നെ പരീക്ഷിക്കുകയെന്നതും ആര്‍ട്ടെമിസ് 2ന്റെ ലക്ഷ്യമാണ്. ബഹിരാകാശ സഞ്ചാരികളുടെ ജീവന് പരമപ്രാധാന്യം നല്‍കുക എന്നതിനും ഇത്തരം ആവര്‍ത്തിച്ചുള്ള പരീക്ഷണങ്ങള്‍ വഴി നാസ അടിവരയിടുന്നുണ്ട്.

nasa-artemis

ഭാവിയിലെ ദീര്‍ഘമായ ബഹിരാകാശ ദൗത്യങ്ങളിലും അന്യഗ്രഹ യാത്രകളിലുമെല്ലാം ഓറിയോണ്‍ പേടകത്തിലെ ജീവന്‍ രക്ഷാ സംവിധാനം എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നത് പരീക്ഷിക്കേണ്ടതുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ ആര്‍ട്ടെമിസ് 3 ദൗത്യത്തിന്റെ വിജയത്തിന് അനിവാര്യവുമാണെന്ന് ആര്‍ട്ടെമിസ് മിഷന്‍ മാനേജര്‍ മൈക്ക് സാറാഫിന്‍ പറയുന്നു. 

രാജ്യാന്തര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്ന ഭൂമിയോട് ചേര്‍ന്നുള്ള അന്തരീക്ഷത്തെ അപേക്ഷിച്ച് ചന്ദ്രനിലേയും വിദൂര ബഹിരാകാശത്തേയുമെല്ലാം റേഡിയേഷന്‍ നിലകള്‍ വളരെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഈ വെല്ലുവിളി അതിജീവിക്കാന്‍ വേണ്ടതു ചെയ്യുകയെന്നതാണ് നാസയ്ക്കു മുന്നിലെ പ്രധാന ദൗത്യം. അതിനായി ഓറിയോണിലെ ജീവന്‍രക്ഷാ സംവിധാനം പരമാവധി കാര്യക്ഷമമാക്കാനുള്ള വിവര ശേഖരണമായിരിക്കും ആര്‍ട്ടെമിസ് 2ല്‍ നടക്കുക. 

അതിനൊപ്പം ഓറിയോണ്‍ പേടകത്തെ എത്രത്തോളം കാര്യക്ഷമമായി മനുഷ്യര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുമെന്നതും ആര്‍ട്ടെമിസ് 2 ദൗത്യ സംഘം പരീക്ഷിക്കും. വിക്ഷേപണത്തിന് ശേഷം 24 മണിക്കൂര്‍ കഴിഞ്ഞ് ഓറിയോണ്‍ ബഹിരാകാശത്തുവച്ച് മാതൃപേടകത്തില്‍നിന്നു വേര്‍പെടും. ഇതോടെ ഓറിയോണിന്റെ നിയന്ത്രണം പൂര്‍ണമായും ബഹിരാകാശ സഞ്ചാരികള്‍ ഏറ്റെടുക്കും. പിന്നീടാണ് ഭൂമിയില്‍നിന്നു ചന്ദ്രന്റെ ഏറ്റവും വിദൂരമായ ഭാഗത്തേക്ക് 10,300 കിലോമീറ്റര്‍ ദൂരം ഓറിയോണ്‍ സഞ്ചരിക്കുക. 

മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിന് വേണ്ട യന്ത്രങ്ങളിലും സാങ്കേതികവിദ്യകളിലും പലതും പൂര്‍ത്തിയായിട്ടില്ലെന്നതും ആര്‍ട്ടെമിസ് 2 ദൗത്യം ചന്ദ്രനിലിറങ്ങാത്തതിന് കാരണമാവുന്നുണ്ട്. പുനരുപയോഗിക്കാവുന്ന സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റാണ് മനുഷ്യന്റെ ചാന്ദ്ര ദൗത്യത്തിനായി നാസ തിരഞ്ഞെടുത്തിരിക്കുന്നത്. ഭൂമിക്കു ചുറ്റുമുള്ള  ഇതിന്റെ പരീക്ഷണപ്പറക്കലുകള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. നാസയുടെ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന പ്രത്യേക ചാന്ദ്ര വസ്ത്രത്തിന്റെ പരീക്ഷണങ്ങളും പാതിയിലാണ്. ചന്ദ്രനിലിറങ്ങാനുള്ള പേടകവും ഇതേ വഴിയില്‍ തന്നെ. 

ഭാവിയിലെ ആര്‍ട്ടെമിസ് ദൗത്യങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുക ചന്ദ്രനെ വലം വയ്ക്കുന്ന ബഹിരാകാശ നിലയമായ ഗേറ്റ്‌വേയായിരിക്കും. ഓറിയോണ്‍ വഴി ഗേറ്റ്‌വേയിലേക്ക് സഞ്ചാരികളെ എത്തിക്കുകയും പിന്നീട് സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് വഴി ചന്ദ്രനിലേക്കും തിരിച്ചും സഞ്ചാരികളെ എത്തിക്കാനുമാണ് ഭാവിയില്‍ ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ വഴി ശ്രമിക്കുക.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗേറ്റ്‌വേയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നാസയുടെയും രാജ്യാന്തര പങ്കാളികളുടെയും ശ്രമം. ഇതിന്റെ ആദ്യഘട്ടമായ അമേരിക്കന്‍ നിര്‍മിത ഹാബിറ്റേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ഔട്ട്‌പോസ്റ്റ് (HALO) 2024ല്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഗേറ്റ്‌വേയും സ്റ്റാര്‍ഷിപ്പുമില്ലാതെ ആര്‍ട്ടെമിസ് മനുഷ്യ ദൗത്യങ്ങള്‍ പൂര്‍ണമാവില്ല. 

artemis-crew

2025 ഡിസംബറില്‍ നടക്കുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തിലായിരിക്കും മനുഷ്യന്‍ വീണ്ടും ചന്ദ്രനില്‍ കാലുകുത്തുക. നാലു പേരടങ്ങുന്ന ദൗത്യ സംഘത്തിലെ രണ്ടു പേര്‍ക്കായിരിക്കും ചന്ദ്രനില്‍ ഇറങ്ങാന്‍ അവസരമുണ്ടാവുക. ആര്‍ട്ടെമിസ് 3 ദൗത്യ സംഘത്തെ പിന്നീടാണ് നാസ പ്രഖ്യാപിക്കുക.

 

English Summary: Why will NASA's Artemis 2 only fly around the moon, not orbit or land?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com