ADVERTISEMENT

മനുഷ്യനെ സംബന്ധിച്ച് ലോകത്തെ ഏറ്റവും വലിയ നിഗൂഢത മരണമാണ്. സ്വന്തം മരണത്തിനു മുൻപ്, മരണസമയത്ത് എന്താണ് സംഭവിക്കുക എന്ന് അനുഭവിച്ചറിയാന്‍ അവസരമൊരുക്കുകയാണ് ഓസ്‌ട്രേലിയന്‍ ആര്‍ട്ടിസ്റ്റ് ഷോണ്‍ ഗ്ലാഡ്‌വെല്‍. വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഒരാള്‍ക്ക് സ്വന്തം മരണം അനുഭവിക്കാന്‍ സാധിക്കുക. ശരീരത്തില്‍ ജീവന്‍ ഇല്ലാതാകുന്ന അവസ്ഥ അനുഭവിപ്പിക്കാനുള്ള ശ്രമമാണ് ആര്‍ട്ടിസ്റ്റ് നടത്തുന്നത്. ഇതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുന്നുണ്ടെന്നാണ് ഷോയുടെ സംഘാടകര്‍ അവകാശപ്പെടുന്നത്.

 

∙ 'പാസിങ് ഇലക്ട്രിക്കല്‍ സ്റ്റോംസ്'

virtual-reality-glasses-during-research
Representative Image Courtesy - iStock/janiecbros

 

മരണം അനുഭവിക്കാനെത്തുന്നയാളെ ഒരേസമയം ധന്യാത്മകവും അസ്വസ്ഥമാക്കുന്നതുമായ അനുഭവങ്ങളിലൂടെ കടത്തിവിടുന്നതാണ് മെല്‍ബണിലെ നാഷണല്‍ ഗ്യാലറി ഓഫ് വിക്ടോറിയയില്‍ സംഘടിപ്പിച്ചിരിക്കുന്ന 'പാസിങ് ഇലക്ട്രിക്കല്‍ സ്റ്റോംസ്' എന്ന പേരിലുള്ള ഷോ. ശരീരത്തില്‍ നിന്ന് ജീവന്‍ ഇറങ്ങിപ്പോകുന്ന അനുഭവം വെര്‍ച്വല്‍ റിയാലിറ്റി സംവിധാനത്തിലൂടെ പുനഃസൃഷ്ടിക്കുകയാണ് ആര്‍ട്ടിസ്റ്റ് ചെയ്യുന്നത്. ഹൃദയസ്തംഭനം മുതല്‍ മസ്തിഷ്‌ക മരണം വരെയുള്ള ചില മരണാനുഭവങ്ങളെക്കുറിച്ച് ചെറിയൊരു അനുഭവം സമ്മാനിക്കാനാണ് കലാകാരന്‍ ശ്രമിക്കുന്നത്. ഈ സിമ്യൂലേഷനില്‍ ശരീരത്തില്‍ നിന്നു വെര്‍ച്വലായി പുറത്തെത്താനുള്ള അവസരവും ഒരുക്കിയിരിക്കുന്നു. അങ്ങനെ മുകളില്‍ ഒഴുകി നടന്ന് സ്വന്തം മൃതശരീരം പുറത്തുനിന്നു നോക്കിക്കാണാം.

 

∙ അനുഭവം ഇങ്ങനെ

 

ക്രൂം12 എന്ന പേരില്‍ അറിയപ്പെടുന്ന ടിക്‌ടോക്കര്‍ ആണ് ഈ അനുഭവം പരീക്ഷിച്ച ഒരാള്‍. താന്‍ ഒരു ബെഡില്‍ കിടന്നുവെന്നും നിശ്ചലനായപ്പോള്‍ ബെഡ് വൈബ്രേറ്റ് ചെയ്തുവെന്നും ഡോക്ടര്‍മാര്‍ തന്നെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതു കണ്ടുവെന്നും അദ്ദേഹം പറയുന്നു. ഈ അനുഭവങ്ങള്‍ ചിലർക്ക് ആശങ്കയുണ്ടാക്കിയേക്കാം ഇതിനാല്‍ അവര്‍ക്ക് ഇതില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്തുവരാമെന്നും ക്രൂം12 പറയുന്നു.

virtual-reality-experience
Representative Image - Credit - iStock/Wirestock

 

∙ മരണത്തില്‍ നിന്നു തിരിച്ചുവന്നവര്‍ പറയുന്നത്

 

തങ്ങള്‍ ഒരു ഇരുണ്ട തുരങ്കത്തിന്റെ അറ്റത്ത് പ്രകാശം കണ്ടു, പ്രിയപ്പെട്ടവരുടെ ശബ്ദം കേട്ടു, ശപിക്കപ്പെട്ടവരുടെ പേടിച്ചലറലുകള്‍ കേട്ടു എന്നുമൊക്കെയാണ് മരണത്തില്‍ നിന്നു തിരിച്ചുവന്നുവെന്ന് അവകാശപ്പെടുന്നവരിലേറെയും പറയുന്നത്. അതേസമയം, ഹൃദയമിടിപ്പു നിലച്ചുകഴിഞ്ഞ് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെപ്പറ്റി ആര്‍ക്കും ഉറപ്പൊന്നുമില്ല താനും. ഇവിടെയാണ് ഗ്ലാഡ്‌വെല്ലിന്റെ വിആര്‍ സിമ്യുലേഷന്റെ പ്രസക്തി. അനിവാര്യമായ അന്ത്യത്തെ ആളുകള്‍ക്ക് അല്‍പമൊന്ന് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം സിമ്യുലേഷന്‍ നടത്തുന്നത്. ഇതിനായി അദ്ദേഹം പ്രയോജനപ്പെടുത്തുന്നത് എക്സ്റ്റന്‍ഡഡ് റിയാലിറ്റി (എക്‌സ്ആര്‍) സാങ്കേതികവിദ്യയാണ്.

 

∙ എന്താണ് എക്‌സ്ആര്‍?

 

വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ കലര്‍ത്തിയാണ് എക്‌സ്ആര്‍ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. നാം ലോകത്തെ അനുഭവിക്കുന്ന രീതിയെ നൂതന ഉപകരണങ്ങളുടെ അകമ്പടിയോടെ പുനഃവ്യാഖ്യാനം ചെയ്യുകയാണ് എക്‌സ്ആര്‍ സാങ്കേതികവിദ്യ. കാഴ്ച, കേള്‍വി, ടച്ചിങ് തുടങ്ങിയ അനുഭൂതികളെ വേറിട്ട രീതിയില്‍ അനുഭവിപ്പിക്കുകയാണ് ഇതു ചെയ്യുന്നത്. പാസിങ് ഇലക്ട്രിക്കല്‍ സ്റ്റോംസില്‍ പങ്കെടുക്കാനെത്തുന്നവര്‍ ആശുപത്രിക്കട്ടിലിനെ അനുസ്മരിപ്പിക്കുന്ന കിടക്കയില്‍ എക്‌സ്ആര്‍ ഹെഡ്‌സെറ്റ് ധരിച്ച് കിടക്കണം. തുടര്‍ന്ന് ഹൃദയാഘാതത്തിന്റെയും മറ്റും അനുഭവം ഹെഡ്‌സെറ്റ് വഴി പകരുന്നു. ഡോക്ടര്‍മാരും മറ്റും തന്നെ രക്ഷിക്കാനെത്തുന്നത് ഇതു പരീക്ഷിക്കുന്നയാള്‍ക്ക് കാണാനാകും. തുടര്‍ന്ന് മരണവും ശരീരത്തിനപ്പുറത്തേക്കുള്ള അനുഭവവും പ്രദാനം ചെയ്യുന്നു.

 

∙ മരണം അനുഭവിപ്പിക്കലിനു ശേഷം ശരിക്കും കൊല്ലാനുള്ള ഹെഡ്‌സെറ്റും വരും?

 

ആര്‍ട്ടിസ്റ്റ് ഷോണ്‍ ഗ്ലാഡ്‌വെലിന്റെ ഹെഡ്‌സെറ്റ് ഉപയോഗിച്ച് മരണാനുഭൂതി അനുഭവിക്കാനാണ് സാധിക്കുക. എന്നാല്‍, ലോകത്തെ ഇന്നത്തെ ഏറ്റവും മികച്ച വിആര്‍ ഹെഡ്‌സെറ്റ് ആയ ഒക്യുലസ് നിര്‍മിച്ച പാമര്‍ ഫ്രീമാന്‍ ലക്കി പുതിയ ഒരു വിഡിയോ ഗെയിം കളിക്കാനുള്ള ഹെഡ്‌സെറ്റിന്റെ നിര്‍മാണത്തിലാണ്. ലക്കിക്ക് കേവലം 21 വയസുള്ളപ്പോള്‍ നിര്‍മിച്ച ഒക്യൂലസ് മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് 300 കോടി ഡോളറിന് വാങ്ങിക്കുകയായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ലക്കി ചില്ലറക്കാരനല്ല. താന്‍ ഇപ്പോള്‍ നിര്‍മിച്ചുവരുന്ന ഹെഡ്‌സെറ്റ് ധരിച്ച് ഗെയിം കളിക്കുന്നയാള്‍ കളിയില്‍ പരാജയപ്പെട്ടാല്‍ അയാള്‍ മരിക്കുമെന്നാണ് 30 കാരനായ ലക്കി പറയുന്നത്. നേര്‍വ്ഗിയര്‍ എന്നാണ് ഈ ഹെഡ്‌സെറ്റിന് പേരിട്ടിരിക്കുന്നത്. സ്വോര്‍ഡ് ആര്‍ട്ട് ഓണ്‍ലൈന്‍ ടെലിവിഷന്‍ സീരീസില്‍ ഇതേ പേരില്‍ ഒരു സാങ്കല്‍പിക ഹെഡ്‌സെറ്റ് ഉണ്ട്. അത് യഥാര്‍ഥത്തില്‍ ഉണ്ടാക്കിയെടുക്കാനുള്ള ഉദ്യമമാണ് ലക്കിയുടേത്. 

 

∙ കൊല്ലുന്നത് ഇങ്ങനെ

 

ഹെഡ്‌സെറ്റ് ധരിക്കുന്ന ആളുടെ നെറ്റിക്കു മുകളിലായി മൂന്ന് എക്‌സ്‌പ്ലോസിവ് ചാര്‍ജ് എംബെഡ് ചെയ്തിരിക്കുന്നു. ഗെയിം കളിച്ചുകൊണ്ടിരിക്കുന്നയാള്‍ കളിയില്‍ പരാജയപ്പെട്ടാല്‍ സ്‌ക്രീന്‍ ചുവപ്പു നിറമാകും. ചുവപ്പു നിറം കണ്ടാല്‍ ക്ഷണത്തില്‍ ഗെയിം കളിക്കുന്നയാളുടെ തലച്ചോര്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണെന്നാണ് എക്‌സ്‌പ്ലോസിവ് ചാര്‍ജ് എന്നാണ് ലക്കിയുടെ അവകാശവാദം. ഒരാള്‍ ഗെയിം കളിക്കുമ്പോള്‍ ശരിക്കുള്ള ലോകത്തു നിന്ന് വെര്‍ച്വല്‍ ലോകത്തേക്കു കടക്കുന്നു. എന്നാല്‍ അയാളുടെ യഥാര്‍ഥ ജീവിതത്തെയും വെര്‍ച്വല്‍ ജീവിതത്തെയും ഒരേസമയം അവസാനിപ്പിക്കാന്‍ സാധിക്കുന്നതാണ് താന്‍ നിര്‍മിച്ചുവരുന്ന ഹെഡ്‌സെറ്റ് എന്ന് അദ്ദേഹം പറയുന്നു. ഹെഡ്‌സെറ്റ് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകാന്‍ അല്‍പം കൂടി നേരം വേണമെന്നാണ് ലക്കി പറയുന്നത്. ഇനി ഇതു നിര്‍മിച്ചു പൂര്‍ത്തിയാക്കിയാലുംഅത് വില്‍ക്കാന്‍ ആരെങ്കിലും അംഗീകാരം കൊടുക്കുമോ എന്നു ചോദിക്കുന്നവരും ഉണ്ട്.

 

∙ മനസ്സുപയോഗിച്ച് കളി നിയന്ത്രിക്കാം

 

അംഗീകരിച്ചാലും ഇല്ലെങ്കിലും ഹെഡ്‌സെറ്റിന്റെ നിര്‍മാണവുമായി മുന്നോട്ടുപോകുകയാണ് ലക്കി. അദ്ദേഹത്തിന്റെ പുതിയ ഹെഡ്‌സെറ്റില്‍ ഗെയിം നിയന്ത്രിക്കുന്നത് മനസ്സ് ഉപയോഗിച്ചാണ്. ഒരാള്‍ തന്റെ അവതാര്‍ സൃഷ്ടിച്ചാണ് ഗെയിമില്‍ പങ്കെടുക്കുന്നത്. ഒരാളുടെ വെര്‍ച്വല്‍ അവതാറും യഥാര്‍ഥ ജീവിതവും തമ്മില്‍ ബന്ധപ്പെടുത്തിയാല്‍ എങ്ങനെയിരിക്കുമെന്ന കാര്യം തന്നില്‍ എപ്പോഴും താത്പര്യം ഉണര്‍ത്തിയിരുന്നുവെന്ന് ലക്കി പറയുന്നു. പൊതുവെ കളിക്കുന്ന ഗെയിമുകളില്‍ കളിക്കുന്നയാള്‍ക്ക് ഗെയിമിന്റെ നിയന്ത്രണം മാത്രമാണുള്ളത്. എന്നാല്‍ ലക്കി നിര്‍മിച്ചു വരുന്ന ഹെഡ്‌സെറ്റില്‍ വെര്‍ച്വലായി ഗെയിം കളിക്കുന്ന ആള്‍ ശരിക്കും അതില്‍ പങ്കെടുക്കുന്ന പ്രതീതി ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഭയം അടക്കം എല്ലാം യഥാര്‍ഥത്തിലെന്നവണ്ണം അനുഭവിപ്പിക്കാനാണ് ശ്രമം. ഇതിനായി അത്രമേല്‍ നിമഗ്നമായ അനുഭവം പകര്‍ന്ന് വെര്‍ച്വല്‍ ലോകവും മറ്റു കളിക്കാരുമൊക്കെ യഥാര്‍ഥമെന്ന ധാരണ നല്‍കാനാണ് ലക്കി ഉദ്ദേശിക്കുന്നത്.

 

സ്വോര്‍ഡ് ആര്‍ട്ട് ഓണ്‍ലൈന്‍ സീരിയലിലാകട്ടെ ഒരു സമയത്ത് ലോഗ്-ഇന്‍ ചെയ്ത് അതു കളിക്കാരുടെ എണ്ണം ആദ്യമായി 10,000 എത്തുമ്പോള്‍ ഒരു കളിക്കാരനും ലോഗ്-ഔട്ട് ചെയ്യാനാവില്ലെന്നു മനസ്സിലാകുകയാണ്. ഗെയിം കളിക്കാനായി തങ്ങള്‍ ധരിച്ചിരിക്കുന്ന ഹെല്‍മെറ്റ് ഊരിയാല്‍ മരണം ഉറപ്പാണെന്നും അവര്‍ക്കു മനസ്സിലാകുന്നു. ഭ്രാന്തനായ ഒരു ശാസ്ത്രജ്ഞന്‍ ഗെയിം പ്രേമകിളെ ഗെയിമില്‍ കുരുക്കിയിടുകയാണ്. ഗെയിം പൂര്‍ത്തിയായാല്‍ മാത്രമാണ് അതില്‍ നിന്നു പുറത്തെത്താനൊക്കുക എന്നും ഈ ആശയമെടുത്ത ജാപ്പനീസ് സീരിയലിനെക്കുറിച്ചു ലക്കി പറയുന്നു.

 

English Summary: What happens when you die? This new virtual reality 'death simulator' lets you find out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com