വയറിനകത്തെ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ ‘ഗുളിക യന്ത്രം’
Mail This Article
നമ്മുടെ വയറ്റില്‍ ഉത്പാദിപ്പിക്കുന്ന ഗ്രെലിന്‍ പോലുള്ള ഹോര്‍മോണുകള്‍ക്ക് വിശപ്പ് തോന്നിപ്പിക്കുന്നതില്‍ പ്രധാന പങ്കുണ്ട്. ഇത്തരം ഹോര്‍മോണുകള്‍ എന്‍ഡോക്രൈന്‍ കോശങ്ങളാണ് നിര്‍മിക്കുന്നത്. വിശപ്പിനേയും മനം പിരട്ടലിനേയും വയറു നിറഞ്ഞെന്ന തോന്നലിനേയുമൊക്കെ നിയന്ത്രിക്കുന്ന ഗ്രെലിന്‍ കോശങ്ങളെ നിര്‍മിക്കുന്ന എന്‍ഡോക്രൈന്‍ കോശങ്ങളെ പ്രചോദിപ്പിക്കുന്ന ‘ഗുളിക യന്ത്രം’ കണ്ടെത്തിയിരിക്കുകയാണ് എംഐടിയിലെ എൻജിനീയര്‍മാര്‍. സയന്‍സ് റോബോട്ടിക്‌സ് എന്ന ജേണലില്‍ പഠനം പൂര്‍ണ രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മസ്തിഷ്‌കവും ദഹനവ്യവസ്ഥയും പലവിധങ്ങളായ ആശയ വിനിമയങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരം ആശയവിനിമയങ്ങളെ മൊത്തത്തില്‍ ഗട്ട് ബ്രെയിന്‍ ആക്‌സിസ് എന്നാണ് വിളിക്കുന്നത്. നിലവില്‍ ഗട്ട് ബ്രെയിന്‍ ആക്‌സിസിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും വിജയം കാണാറില്ല. മാത്രമല്ല വലിയ അപകട സാധ്യതകളും ഇതിലുണ്ട്. ഉള്ളിലേക്ക് കഴിക്കാവുന്ന ഗുളികകള്‍ വഴി ദഹനവ്യവസ്ഥയിലെ ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന കണ്ടെത്തല്‍ ആദ്യമാണെന്നാണ് ഗാസ്‌ട്രോഎന്‍ട്രോളജിസ്റ്റും എംഐടിയിലെ അസോസിയേറ്റ് പ്രഫസറുമായ ജിയോവാനി ട്രവേര്‍സോ പറയുന്നത്.
കുടലിലെ നാഡീ വ്യവസ്ഥയാണ് അതുവഴിയുള്ള ഭക്ഷണത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്നത്. ചിലരില്‍ കുടലിലൂടെ വളരെ സാവധാനം മാത്രം ഭക്ഷണം സഞ്ചരിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനായി പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കാറുണ്ട്. ഇതിനു പകരം നേരിയ തോതില്‍ വൈദ്യുതി കടത്തിവിട്ട് ഗ്രെല്ലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിച്ച് പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് എംഐടി സംഘം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഗവേഷകര്‍ കണ്ടെത്തിയ ഗുളികയുടെ പുറംഭാഗം വയറ്റിലെത്തുന്നതോടെ അലിഞ്ഞില്ലാതാവുന്നു. ചെറിയ തോതില്‍ വൈദ്യുതി പുറത്തുവിടുന്ന ചെറു ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണം പിന്നീട് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഭാവിയില്‍ ഇവയുടെ പ്രവര്‍ത്തനം വയര്‍ലെസ് ഉപകരണങ്ങള്‍ വഴി നിയന്ത്രിക്കാനാവുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്.
ഈ ഗുളിക സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഗവേഷകര്‍ ഏതാണ്ട് ഇരുപതു മിനിറ്റാണ് ഇതുവഴി വൈദ്യുത പ്രവാഹം കുടലിലേക്കുണ്ടാവുകയെന്നും പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കകം ഈ ഗുളികയെ ശരീരം വിസര്‍ജ്ജ്യത്തിലൂടെ പുറന്തള്ളുകയും ചെയ്യും. വയറ്റിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കും ശസ്ത്രക്രിയ കൂടാതെ ഗാസ്‌ട്രോഇന്‍ടെസ്റ്റിനല്‍, ന്യൂറോസൈക്കിയാട്രിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഈ ഗുളിക സഹായിക്കുമെന്നാണ് സയന്‍സ് ഡെയ്‌ലി റിപ്പോര്‍ട്ടു ചെയ്യുന്നത്.
English Summary: Researchers Create First-Ever Ingestible Capsule To Regulate Appetite