ശരാശരി നൂറ് ഉല്‍ക്കകളെങ്കിലും! അപൂർവ കാഴ്ച കാണാം, ഇങ്ങനെ
Mail This Article
രാത്രി ആകാശത്തേക്കു നോക്കിയിരിക്കുമ്പോള്‍ ഉല്‍ക്ക വീഴുന്നത് കാണുന്നത് സുന്ദരവും അതുപോലെ തന്നെ അപൂര്‍വവുമായ കാര്യമാണ്. മതി വരുവോളം ഉല്‍ക്കകള്‍ വീഴുന്നത് കാണാന്‍ ആഗ്രഹമുണ്ടോ? അതിനുള്ള പറ്റിയ അവസരമാണ് ഇനിയുള്ള രാത്രികള്‍. നഗ്നനേത്രങ്ങള്‍കൊണ്ട് ആകാശത്തേക്കു നോക്കിയാല്‍ മതി പെഴ്സിയിഡിസ് ഉല്‍ക്കാ വര്‍ഷം ആസ്വദിക്കാന്‍. ഈ വര്‍ഷത്തെ തന്നെ ഏറ്റവും സുപ്രധാന ഉല്‍ക്കാ കാഴ്ച്ചകളാണ് വരും രാത്രികളില്‍ സംഭവിക്കുക.
ഇക്കഴിഞ്ഞ ജൂലൈ 17 മുതല്‍ പെഴ്സിയിഡിസ് ഉല്‍ക്കാ വര്‍ഷം ആരംഭിച്ചിട്ടുണ്ട്. ഇത് സെപ്തംബര്‍ ഒന്നു വരെ നീളുകയും ചെയ്യും. എന്നാല്‍ ഓഗസ്റ്റ് 11, 12, 13 ദിവസങ്ങളിലായിരിക്കും പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം അതിന്റെ പരമാവധിയിലെത്തുക. ഇതില്‍ 13ന് പുലര്‍ച്ചെ മണിക്കൂറില്‍ ശരാശരി നൂറ് ഉല്‍ക്കകളെയെങ്കിലും കാണാനാവും. വരും രാത്രികളില്‍ ശരാശരി മണിക്കൂറില്‍ 50 മുതല്‍ 60 വരെ ഉല്‍ക്കകളെ കാണാനാവും. അപ്പോള്‍ പോലും മിനുറ്റില്‍ ഒന്നിലേറെ ഉല്‍ക്കകളെ സുഖമായി കാണാനാവുമെന്നതാണ് പെഴ്സിയിഡിസ് ഉല്‍ക്കാ വര്‍ഷത്തെ വേറിട്ടതാക്കുന്നത്.
എവിടെ കാണാം?
മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കില്‍ എവിടെ നിന്നാലും നഗ്ന നേത്രങ്ങള്‍ കൊണ്ടു പോലും കാണാനാവുന്നതാണ് പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം. ആകാശത്ത് വടക്കു കിഴക്കു ഭാഗത്തുള്ള പെഴ്സിയൂസ് നക്ഷത്ര സമൂഹത്തിന്റെ ഭാഗത്തേക്കാണ് നോക്കേണ്ടത്. നിശ്ചിത കേന്ദ്രത്തിലല്ല മറിച്ച് ആകാശത്ത് ഈ പ്രദേശത്ത് അങ്ങോളമിങ്ങോളമായാണ് ഉല്‍ക്കളെ കാണാനാവുക.
ഓഗസ്റ്റ് 13ന് രാത്രി 01.28നായിരിക്കും ഉല്‍ക്കാ വര്‍ഷം പരമാവധിയിലെത്തുക. ഈസമയത്ത് ചക്രവാളത്തിനും മുകളിലായിരിക്കും ചന്ദ്രനെന്നതും അനുകൂലഘടകമാണ്. ഇരുട്ടിലേക്ക് ഏതാണ്ട് 20 മിനുറ്റോളം നോക്കിയ ശേഷം വാന നിരീക്ഷണം നടത്തുമ്പോള്‍ കൂടുതല്‍ എളുപ്പം ഉല്‍ക്കകളെ കാണാനാവും. പരമാവധി കൃത്രിമ വെളിച്ചം കുറവുള്ള തുറസായ സ്ഥലങ്ങളായിരിക്കും ഉല്‍ക്കാവര്‍ഷം കാണാനായി ഏറ്റവും അനുയോജ്യം.
കാണാന്‍ കണ്ണു മതി
പ്രത്യേകിച്ച് ഒരു ഉപകരണത്തിന്റേയും സഹായമില്ലാതെ നഗ്ന നേത്രങ്ങള്‍ കൊണ്ടുതന്നെ കാണാനാവുമെന്നതാണ് പെഴ്സിയിഡിസ് ഉല്ക്കാവര്ഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നഗ്ന നേത്രങ്ങള്‍ കൊണ്ടു കാണുന്ന അത്രയും വ്യക്തമായും മനോഹരമായും ഏതെങ്കിലും ഉപകരണം ഉപയോഗിച്ച് കാണാനും പ്രയാസമാണ്. കാരണം ആകാശത്ത് ഏതു ഭാഗത്താണ് ഉല്‍ക്ക പ്രത്യക്ഷപ്പെടുകയെന്ന് കൃത്യമായി പ്രവചിക്കാനാവില്ല. ആകാശത്തിന്റെ ഏതെങ്കിലും ഭാഗത്തെ ചെറിയ പ്രദേശത്തേക്കു കേന്ദ്രീകരിക്കുന്ന ബൈനോകുലറുകളും ടെലസ്കോപുകളുമെല്ലാം ഉല്ക്കാവര്ഷത്തിന്റെ സമയത്ത് ഒരു ഭാഗ്യപരീക്ഷണം മാത്രമായി മാറും.
കാഴ്ച്ചയില്‍ സുന്ദരമെങ്കിലും ഇതിന്റെ ചിത്രങ്ങളെടുക്കാന്‍ മിനക്കെടാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണുകളിലും മറ്റും. അപൂര്‍വ്വവും മനോഹരവുമായ ഒരു പ്രകൃതി ദൃശ്യം പൂര്‍ണമായി നിങ്ങള്‍ക്ക് ആസ്വദിക്കാനാവില്ലെന്നതാണ് ഒരു കാരണം. വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നതാണ് മറ്റൊന്ന്.
നീണ്ട ചരിത്രം
നമ്മുടെ ക്ഷീരപഥത്തിന്റെ ഉല്‍ക്കകള്‍ നിറഞ്ഞ അതിര്‍ത്തിയായ ഉര്‍ട്ട് മേഘങ്ങളില്‍ നിന്നും വരുന്ന 109p/Swift-Tuttle എന്ന വലിയ ഛിന്നഗ്രഹമാണ് ഇങ്ങനെയൊരു ഉല്‍ക്കാവര്‍ഷം നമുക്കായി ഒരുക്കുന്നത്. 133 വര്‍ഷമെടുത്താണ് ഈ ഛിന്നഗ്രഹം ഒരു തവണ സൂര്യനെ ചുറ്റിവരുന്നത്. 26 കിലോമീറ്റര്‍ ചുറ്റളവുള്ള ഈ ഛിന്നഗ്രഹം 1992ലാണ് അവസാനമായി ഭൂമിയുടെ സമീപത്തു കൂടി പോയത്. അന്ന് ഈ ഛിന്നഗ്രഹങ്ങളില്‍ നിന്നും ചിതറി തെറിച്ച പൊടിപടലങ്ങളും ഉല്‍ക്കളും ഇതിന്റെ സഞ്ചാരപാതയിലുണ്ട്. ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാതയും ഭൂമിയുടെ ഭ്രമണ പഥവും ഒന്നിക്കുന്ന പ്രദേശത്തേക്ക് എത്തുമ്പോഴാണ് എല്ലാ വര്‍ഷവും പെര്‍സെയ്ഡ് ഉല്‍ക്കാവര്‍ഷം സംഭവിക്കുന്നത്.
ആദ്യമായി സ്വിഫ്റ്റ് ടട്ടില്‍ ഛിന്നഗ്രഹത്തെ 1862ല്‍ മാത്രമാണ് നമ്മള് കണ്ടെത്തിത്. ഇതുവരെ രണ്ടേ രണ്ടു തവണ മാത്രമേ മനുഷ്യന് ഈ ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ പോവുന്നത് നിരീക്ഷിച്ചിട്ടുള്ളൂ. 1992 ഡിസംബറിലായിരുന്നു അവസാനമായി ഭൂമിക്കരികിലൂടെ കടന്നുപോയത്. 2026 ജൂലൈയിലാണ് ഇനി ഈ ഛിന്നഗ്രഹം ഭൂമി സന്ദര്‍ശിക്കാനെത്തുക. ഒരു നൂറ്റാണ്ടു കാലത്തോളം സ്വിഫ്റ്റ് ടട്ടില്‍ എന്ന ഛിന്നഗ്രഹം വരില്ലെങ്കില്‍ പോലും അതു പോയ വഴിയിലെ അവശിഷ്ടങ്ങള്‍ ഉല്ക്കാവര്ഷമൊരുക്കി എല്ലാ വര്‍ഷവും നമുക്ക് മനോഹരമായ ആകാശ കാഴ്ച്ച ഒരുക്കും.