ADVERTISEMENT

'ഭൂമിയുടെ ഇരട്ട' എന്ന വിളിപ്പേരുള്ള ഗ്രഹമാണ് ശുക്രന്‍. എങ്കിലും ജീവന്‍ നിലനില്‍ക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത ഗ്രഹമായാണ് ശുക്രന്‍ അറിയപ്പെടുന്നത്. കാരണം 475 ഡിഗ്രി സെല്‍ഷ്യസ് വരെയൊക്കെ കുതിച്ചുയരുന്ന കൊടും ചൂടാണ് ഇതിനു പിന്നില്‍. നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും ചൂടന്‍ ഗ്രഹമായ ശുക്രനില്‍ പക്ഷേ ജീവന്റെ സാന്നിധ്യമുണ്ടാകാമെന്ന വാദം ഇപ്പോള്‍ സജീവമായി ഉയരുന്നുണ്ട്. 

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ശാസ്ത്രജ്ഞയായ ഡോ. മിഷേല്‍ തല്ലറാണ് അന്യഗ്രഹജീവനേയും ശുക്രനേയും തമ്മില്‍ ബന്ധിപ്പിച്ച് സംസാരിച്ചിരിക്കുന്നത്. അമേരിക്കയിലെ ഗൊദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ഡോ. മിഷേല്‍ ദ സണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ശുക്രനിലെ അന്യഗ്രഹജീവന്റെ സാധ്യതകള്‍ മുന്നോട്ടുവെച്ചത്. 

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നിറഞ്ഞ ശുക്രന്റെ അന്തരീക്ഷം തന്നെ ജീവന്റെ സൂചന നല്‍കുന്നുവെന്ന് ഡോ. മിഷേല്‍ പറയുന്നു. 'അന്യഗ്രഹജീവന്‍ ശുക്രനിലുണ്ടാവുമെന്ന് ഞാന്‍ ആദ്യം കരുതിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ശുക്രന്റെ അന്തരീക്ഷം പരിശോധിക്കുമ്പോള്‍ അത് ബാക്ടീരിയകളുടെ സാന്നിധ്യത്തിന്റെ തെളിവാണോ എന്ന സൂചനയാണ് നല്‍കുന്നത്' ഡോ. മിഷേല്‍ കൂട്ടിച്ചേര്‍ത്തു. 

സൂര്യനില്‍ നിന്നും 67 ദശലക്ഷം മൈല്‍ ദൂരത്താണ് ശുക്രന്‍ സ്ഥിതിചെയ്യുന്നത്. സൂഷ്മജീവികളുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ പോലും മനുഷ്യന് ശുക്രനില്‍ താമസിക്കാനാവുമെന്ന ചിന്തയൊന്നും ശാസ്ത്ര ലോകത്തിനില്ല. ഈയം പോലും ഉരുകുന്ന ശുക്രനിലെ ചൂടേറിയ അന്തരീക്ഷത്തെ അതിജീവിക്കുക നിലവിലെ സാങ്കേതികവിദ്യയില്‍ മനുഷ്യന് അസാധ്യമാണ്.  

കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന് പുറമേ സള്‍ഫ്യൂറിക് ആസിഡാണ് ശുക്രന്റെ അന്തരീക്ഷത്തിലെ പ്രധാന ഭാഗം. സള്‍ഫര്‍, മീഥെയ്ന്‍, ഇരുമ്പ് എന്നിവയില്‍ അതിജീവിക്കാന്‍ ശേഷിയുള്ള സൂഷ്മജീവികള്‍ക്ക് ശുക്രനിലും കഴിയാനായേക്കുമെന്ന് വാദിക്കുന്നവരുണ്ട്. പ്രകാശസംശ്ലേഷണം സാധ്യമാക്കാനാവുന്നത്രയും അളവ് സൂര്യപ്രകാശം കട്ടിയേറിയ അന്തരീക്ഷവും കടന്ന് ശുക്രനിലേക്കെത്തുന്നുവെന്നും കരുതപ്പെടുന്നു. 

 

ഡോ. മിഷേല്‍ തല്ലാറിന്റെ വാദങ്ങളെ ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളജിലെ അസ്‌ട്രോബയോളജിസ്റ്റായ പ്രൊഫ. ഡൊമിനിക് പാപിനേവുവിനെ പോലുള്ളവര്‍ തള്ളിക്കളയുകയാണ്. ഒരുകാലത്ത് ജലമുണ്ടായിരുന്നു എങ്കില്‍ പോലും നിലവില്‍ ശുക്രനില്‍ ജലസാന്നിധ്യമുണ്ടാവാനുള്ള സാധ്യതയില്ല. അതുകൊണ്ട് ജലമില്ലാത്ത ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടാവുക അസാധ്യമാണെന്നാണ് പ്രൊഫ. ഡൊമിനികിനെ പോലുള്ളവരുടെ വാദം. അതേസമയം നമ്മുടെ സൗരയൂഥത്തിലെ തന്നെ അതിശൈത്യമുള്ള നിരവധി ഉപഗ്രഹങ്ങളില്‍ ജീവനും ജലവുമുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 


English Summary:Alien life in our solar system? NASA scientist says this planet most likely houses extraterrestrials

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com