ADVERTISEMENT

ചന്ദ്രയാന്‍-3 കുറിച്ച ചരിത്രത്തിന്റെ ആവേശം അടങ്ങുന്നതിനു മുൻപ് അടുത്ത സുപ്രധാന ബഹിരാകാശ ദൗത്യവുമായി കുതിക്കുകയാണ് ഇന്ത്യ! 2023 സെപ്റ്റംബര്‍ 2ന് തങ്ങളുടെ ആദ്യ സൗര ദൗത്യം നടത്താന്‍ ഒരുങ്ങുകയാണ് ഇസ്രോ. ആദിത്യ എല്‍1 എന്ന പേരാണ് ഇസ്രോ ഈ ദൗത്യത്തിന് നല്‍കിയിരിക്കുന്നത്. ചാന്ദ്ര ദൗത്യത്തിന്റെ വിജയം ഇസ്രോയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്താണ് ആദിത്യ-എല്‍1? എന്തൊക്കെയാണ് ഈ ദൗത്യം വഴി ലക്ഷ്യമിടുന്നത്?

adithya - 1
Image Credit: ISRO

ശ്രീഹരിക്കോട്ടയില്‍ നിന്നു തന്നെ ലോഞ്ച്

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു സെപ്റ്റംബർ 2ന് പകൽ 11.50നു പിഎസ്എൽവി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. ബെംഗലൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്‌സി) നിർമിച്ച ആദിത്യ എൽ1 പരിശോധനകൾക്കുശേഷം റോക്കറ്റിൽ ഘടിപ്പിക്കുകയും ചെയ്തു. 

4 മാസത്തെ യാത്ര

4 മാസത്തെ യാത്രയ്ക്കു ശേഷം, ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തും. സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയിൽ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദു (എൽ1) കേന്ദ്രീകരിച്ചായിരിക്കും ആദിത്യയുടെ ഭ്രമണപഥം. ബഹിരാകാശ നിരീക്ഷണകേന്ദ്രമായി ഉപഗ്രഹം പ്രവർത്തിക്കും. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. സൗര വികിരണങ്ങൾ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളും പഠിക്കും.

aditya - 1

ചെലവ്

സൗര ദൗത്യത്തിന്റെ ചെലവ് എത്രായായിരിക്കും എന്ന് ഇസ്രോ ഇനിയും വ്യക്തമാക്കേണ്ടിയിരിക്കുന്നു. എന്നാല്‍, കേന്ദ്രം 2019ല്‍ ആദിത്യ എല്‍1 ദൗത്യത്തിനായി ഏകദേശം 368 കോടി രൂപ നല്‍കിയിരുന്നു. പക്ഷെ, ദൗത്യ പൂര്‍ത്തീകരണത്തിന് കൃത്യമായി എത്ര തുകവേണ്ടിവരും എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. അതേസമയം, മറ്റു പല രാജ്യങ്ങള്‍ക്കും ചെയ്യാന്‍ സാധ്യമല്ലാത്തത്ര ചെലവു കുറച്ചായിരിക്കും ഇത് എന്നാണ് കരുതപ്പെടുന്നത്. 

വികസിപ്പിച്ചത് ബെംഗലൂരുവില്‍

ആദിത്യ എല്‍1 ബഹിരാകാശവാഹനം വികസിപ്പിച്ചത് ബെംഗലൂരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ്. അവിടെ നിന്ന് അത് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ എത്തിച്ചു

സൗര പഠനം ഇങ്ങനെ

ആദിത്യ എല്‍1 സ്‌പെയ്‌സ്‌ക്രാഫ്റ്റിനെ സൗര-ഭൗമ സിസ്റ്റത്തിലെ ലഗ്രാഞ്ജ് (Lagrange) പോയിന്റ് (എല്‍1) നെ ചുറ്റിപ്പറ്റിയുള്ള ഹെയ്‌ലോ ഓര്‍ബിറ്റിലായിരിക്കും എത്തിക്കാന്‍ ശ്രമിക്കുക. ഇത് ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ്. സാറ്റലൈറ്റിനെ എല്‍1 പോയിന്റിലുള്ള ഹെയ്‌ലോ ഓര്‍ബിറ്റില്‍ എത്തിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചാല്‍ അത് ഉപയോഗിച്ച് സൂര്യനെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കാമെന്ന് ഇസ്രോ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

സൂര്യനെക്കുറിച്ചുള്ള പഠനത്തിന് വന്‍ മാനങ്ങളായിരിക്കും പുതിയ ദൗത്യം നല്‍കുക. സൂര്യനില്‍ നടക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ചും, അവ എങ്ങനെ ബഹിരാകാശ കാലാവസ്ഥയെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുമൊക്കെ ഇടതടവില്ലാതെ, തത്സമയം പഠിച്ചുകൊണ്ടിരിക്കുക എന്ന ഉദ്ദേശമാണ് ആദിത്യ എല്‍1ന്. ഇപ്പോള്‍ ശാസ്ത്ര ലോകം സൂര്യനില്‍ തിരിച്ചറിഞ്ഞിട്ടുള്ളചില പ്രശ്‌നങ്ങളായ കൊറോണല്‍ ഹീറ്റിങ്, കൊറോണല്‍ മാസ് ഇജെക്ഷന്‍, പ്രീ-ഫ്‌ളെയര്‍, സോളാര്‍ ഫ്‌ളെയര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും അവയുടെ സവിശേഷതകളും പഠന വിധേയമാക്കും. 

ഏഴു പേ ലോഡുകള്‍

ആദിത്യ എല്‍1 ദൗത്യത്തില്‍ ഏഴാണ് പേ ലോഡുകള്‍. വിസിബിള്‍ എമിഷന്‍ ലൈന്‍ ക്രോണോഗ്രാഫ്(VELC) കൊറോണയെക്കുറിച്ചു പഠിക്കുകയും കൊറോണല്‍ മാസ് എജക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സൂര്യനിലെ ഫോട്ടോസ്ഫിയറിനേയും ക്രോമോസ്ഫിയറിനേയും നിരീക്ഷിക്കാനും ചിത്രമെടുക്കാനുമാണ് സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപുള്ളത്.

സൂര്യനില്‍ നിന്നും പുറപ്പെടുന്ന പല തരത്തിലുള്ള എക്‌സ് റേ തരംഗങ്ങളെക്കുറിച്ചുള്ള വിവര ശേഖരണമാണ് സോളാര്‍ ലോ എനര്‍ജി എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍(SoLEXS), ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ് റേ സെപ്‌ക്ടോമീറ്റര്‍(HEL1OS) എന്നീ ഉപകരണങ്ങള്‍ വഴി നടക്കുന്നത്.

സൗര കാറ്റിലേയും മറ്റും ഇലക്ട്രോണുകളേയും പ്രോട്ടോണുകളേയും ഊര്‍ജകണങ്ങളേയും ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടികിള്‍ എക്‌സ്പിരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ(PAPA) എന്നിവ പഠിക്കും. സൂര്യന്റെ കാന്തിക മണ്ഡലത്തെക്കുറിച്ച് അഡ്വാന്‍സ്ഡ് ട്രി ആക്‌സിയല്‍ ഹൈ റെസല്യൂഷന്‍ ഡിജിറ്റല്‍ മാഗ്നെറ്റോമീറ്ററാണ് പഠിക്കുക. ഈ ദൗത്യത്തിന്റെ പുരോഗമനങ്ങൾക്കായി അത്യന്തം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.

 

English Summary: All about Aditya 1 mission

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com