ADVERTISEMENT

നാസ 2018ൽ വിക്ഷേപിച്ച പാർക്കർ സോളർ പ്രോബ് മൂന്ന് വർഷത്തെ യാത്രയ്ക്കു ശേഷം സൂര്യന്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയിലേക്കു കടന്നു കയറി. സൂര്യമണ്ഡലത്തിന്റെ ഒന്നരക്കോടി കിലോമീറ്റർ ഉള്ളിൽ ഇതു പ്രവേശിച്ചു. വളരെ അവിസ്മരണീയമായ ഒരു വിജയമായിരുന്നു ഇത്. കഴിഞ്ഞ ദിവസം വിക്ഷേപിക്കപ്പെട്ട  നമ്മുടെ സ്വന്തം ആദിത്യ എൽ 1 ദൗത്യവും സൂര്യനെക്കുറിച്ചുള്ള ചർച്ചകൾ ഉയർത്തി

ഒരു ചോദ്യമുണ്ട്. ബഹിരാകാശത്തും ചന്ദ്രനിലുമൊക്കെ മനുഷ്യർ പോകുന്നതിനു മുൻപ് ഇതുപോലെ ആളില്ലാ ദൗത്യങ്ങൾ അയച്ചിരുന്നു. പിന്നീട് അങ്ങോട്ടേക്ക് ആളുകൾ പോയി. ബഹിരാകാശത്ത് ആദ്യമായി യൂറി ഗഗാറിനും ചന്ദ്രനിൽ ആദ്യമായി നീൽ ആംസ്‌ട്രോങ്ങും ഇറങ്ങിയത്  എല്ലാവർക്കുമറിയാം. ഇതുപോലെ, ഭാവിയിൽ സൂര്യനരികിലേക്കും ആരെങ്കിലും പോകുമോ? പോയാൽ എന്താകും ഗതി.

Representative image.. Photo .credits: muratart/ Shutterstock.com
Representative image.. Photo .credits: muratart/ Shutterstock.com

സൂര്യന്റെ ബാഹ്യ അന്തരീക്ഷമായ കൊറോണ ഏകദേശം 10 ലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയുള്ളതാണ്. അതായത് ഭൂമിയിലെ ലാവയുടെയൊക്കെ 900 മടങ്ങ് അധികം കൂടുതൽ. പാർക്കറിന് 1270 ഡിഗ്രി സെൽഷ്യസ് വരെ അതിജീവിക്കാനുള്ള കഴിവുണ്ട്. എങ്കിലും ഈ താപനിലയെ ചെറുക്കാൻ പറ്റില്ല. പിന്നെങ്ങനെ പാർക്കർ എങ്ങനെ അതിജീവിച്ചു? തീയിൽ കൈപിടിച്ചുകൊണ്ടിരിക്കുമ്പോഴാണു പൊള്ളുന്നത്. പെട്ടെന്ന് തൊട്ടുമാറിയാൽ അധികം പൊള്ളലേൽക്കില്ല. ഇതേ തന്ത്രമാണു പാർക്കറും പ്രയോഗിക്കുന്നത്. 

അധികസമയം നിൽക്കാതെ തൊട്ടുമാറുക. അങ്ങനെ കൊറോണയുടെ താപനിലയെ പാർക്കർ ഒരുപരിധി വരെ അതിജീവിക്കും. എന്നാൽ മനുഷ്യർ അങ്ങോട്ടേക്കു പോകുകയാണെങ്കിൽ ഇതു മതിയാകില്ല. അതീവ ഉയർന്ന താപനിലകളെ പ്രതിരോധിക്കുന്ന വസ്തുക്കൾ കൊണ്ടുള്ള പേടകങ്ങൾ വേണ്ടിവരും. നിലവിൽ മനുഷ്യർ ഇത്തരം വസ്തുക്കൾ വികസിപ്പിച്ചിട്ടില്ല.

മറ്റൊരുകാര്യം. നല്ല സൂര്യപ്രകാശമുള്ള ഒരു ദിവസം നമ്മൾ വെറുതെ വെയിലത്തിറങ്ങിയാൽ തന്നെ കണ്ണഞ്ചിപ്പോകും. ഇവിടെയുള്ളതിനേക്കാൾ പതിനായിരം മടങ്ങ് ബ്രൈറ്റാണ് സൂര്യനു സമീപമെത്തുമ്പോൾ. 

ഈ പ്രകാശത്തെ തിരിച്ചു പ്രതിഫലിപ്പിച്ചുവിടാൻ പാർക്കർ സോളർ പ്രോബിൽ സംവിധാനമുണ്ട് (ഇല്ലെങ്കിൽ ഈ പ്രകാശം മൂലം പ്രോബിലെ ഉപകരണങ്ങൾ നശിക്കും). മനുഷ്യർ പോകുകയാണെങ്കിൽ ഈ പേടകത്തിലും ഇത്തരം സംവിധാനങ്ങൾ ശക്തമാക്കേണ്ടി വരും. നമ്മുടെ ഭാഗ്യവും സാങ്കേതികവിദ്യയുടെ മികവും കാരണം കൊറോണ വിജയകരമായി കടന്ന് നമ്മുടെ ബഹിരാകാശപേടകം പോയെന്നിരിക്കട്ടെ. 

സൂര്യന്റെ ഉപരിതലത്തിൽ നിന്നു 3000 കിലോമീറ്റർ മുകളിലായി ക്രോമോസ്ഫിയർ എന്ന മേഖല നമുക്ക് അഭിമുഖീകരിക്കേണ്ടി വരും. ചില സിനിമകളിലൊക്കെ ഡ്രാഗണുകൾ തീയൂതുന്നതുപോലുള്ള അഗ്‌നിജ്വാലകൾ എപ്പോഴും ഉടലെടത്തുകൊണ്ടിരിക്കും. ഇതും കഴിഞ്ഞു മുന്നോട്ടു പോയെന്നിരിക്കട്ടെ. താമസിയാതെ നമ്മൾ സൂര്യമണ്ഡലം എന്നുവിളിക്കുന്ന ഫോട്ടോസ്ഫിയറിലെത്തും. നമ്മൾ കാണുന്ന സൂര്യൻ ഈ സൂര്യമണ്ഡലമാണ്. ഇവിടെ സൂര്യന്റെ ഗുരുത്വബലം കാരണം എല്ലുകൾ ഒടിയാനും ശരീരത്തിനു കേടുപാടുകൾ പറ്റാനുമുള്ള സാധ്യതയുണ്ട്. 

ഇവിടെയെവിടെയെങ്കിലും പേടകം ലാൻഡ് ചെയ്യിപ്പിക്കാമെന്നാണു വിചാരമെങ്കിൽ പാടാണ്. കാരണം ഭൂമിയെപ്പോലെ കട്ടിയുള്ള ഉപരിതലമല്ല സൂര്യനുള്ളത്. സൂര്യൻ കത്തിജ്വലിക്കുന്ന ഒരു നക്ഷത്രമാണ്. സൗരോപരിതലത്തിൽ കറുത്ത ഭാഗങ്ങളുണ്ട്. സൺസ്‌പോട്ടുകൾ എന്നറിയപ്പെടുന്ന ഇവയിൽ ചിലതിനു ഭൂമിയേക്കാൾ വലുപ്പമൊക്കെയുണ്ടാകും. സൗരജ്വാലകൾ ഇവിടെ നിന്ന് ഇടയ്ക്കിടെ ഉടലെടുക്കാറുണ്ട്. ചില ജ്വാലകൾക്ക് ആയിരം കോടി ആണവ ബോംബുകളിൽ നിന്നുള്ളതിനു സമമായ ഊർജമൊക്കെയുണ്ടാകും. 

Photo: NASA
Photo: NASA

സൗരമണ്ഡലത്തിനുള്ളിലേക്കു കയറിച്ചെന്നെന്നിരിക്കട്ടെ. 20 ലക്ഷം ഡിഗ്രി സെൽഷ്യസൊക്കെയാകും താപനില. ഇത്രയും താപനില ചെറുക്കാനൊന്നും നമ്മുടെ പേടകത്തിനു കഴിവുണ്ടാകണമെന്നില്ല.പിന്നെയും താഴേക്കു പോയാൽ അതിതാപനിലയും സമ്മർദ്ദവുമൊക്കെയുള്ള മേഖലകളാകും നമ്മളെ കാത്തിരിക്കുന്നത്. മൊത്തത്തിൽ പറഞ്ഞാൽ ഇപ്പോഴത്തെ ശാസ്ത്രത്തിന്റെ നില വച്ച് സൂര്യയാത്ര ചെയ്യുന്നത് അത്ര സുഖകരമായ ഏർപ്പാടായിരിക്കില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com