ADVERTISEMENT

371 ദിവസം ബഹിരാകാശത്ത് താമസിച്ച നാസാ യാത്രികൻ ഫ്രാങ്ക് റുബിയോ തിരിച്ചെത്തി.റഷ്യയുടെ സെർജി പ്രോകോപ്യേവ്, ഡിമിത്രി പെറ്റലിൻ എന്നിവർക്കൊപ്പമാണ് റുബിയോ തിരികെയെത്തിയത്. ഇതോടെ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം താമസിച്ച യുഎസ് പൗരന്റെ റെക്കോർഡ് റുബിയോയ്ക്ക് ലഭിച്ചിരിക്കുകയാണ്.  പാരഷൂട്ടുകളുടെ സഹായത്തോടെയാണ് റുബിയോ തിരികെയെത്തിയത്.കസഖ്സ്ഥാനിലെ ഡിസെസ്‌കസ്ഗാൻ പട്ടണത്തിന് തെക്കുകിഴക്കായാണ് പേടകം വന്നുവീണത്. സോയൂസ് എംഎസ് 23 ക്യാപ്സ്യൂളിലാണ് റുബിയോയും സഹയാത്രികരും എത്തിയത്.

180 ദിവസത്തേക്കായിരുന്നു ദൗത്യം പദ്ധതിയിട്ടിരുന്നത്. ഇത് 371 ദിവസത്തേക്കു നീളുകയായിരുന്നു. 355 ദിവസമാണ് ഇതിനു മുൻപ് ഒരു യുഎസ് പൗരൻ ബഹിരാകാശത്ത് ചെലവഴിച്ച ഏറ്റവും കൂടിയ കാലയളവ്.2022 സെപ്റ്റംബർ 21നാണ് റുബിയോയുടെ ബഹിരാകാശ താമസം തുടങ്ങിയത്. ആറായിരത്തോളം തവണ റുബിയോ ഭൂമിയെ വലംവച്ചുകഴിഞ്ഞു. ആകെ മൊത്തം 25 കോടിയിലധികം കിലോമീറ്റർ ഇക്കാലയളവിൽ സഞ്ചരിച്ചു.

ദീർഘകാലത്തേക്കുള്ള ബഹിരാകാശവാസം മനുഷ്യരുടെ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുന്നെന്നു പഠിക്കാനും റുബിയോയിലൂടെ നാസയ്ക്ക് അവസരം ഒരുങ്ങിയിരിക്കുകയാണ്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ യാത്രികർ താമസിച്ചതിനുള്ള റെക്കോർഡ് റഷ്യയിലാണ്. തൊണ്ണൂറുകളുടെ മധ്യത്തിൽ റഷ്യയുടെ ബഹിരാകാശനിലയമായ മിറിലാണ് ഈ റെക്കോർഡ് ഉടലെടുത്തത്. റഷ്യൻ കോസ്മോനോട്ടായ വലേറി പൊല്യക്കോവ് 437 ദിവസം ഇവിടെ താമസിച്ചു.

ആറുമാസത്തേക്കാണ് റൂബിയോയുടെ താമസം പദ്ധതിയിട്ടിരുന്നത്. എന്നാൽ തിരിച്ചെത്താനുള്ള പേടകത്തിൽ കൂളന്റ് ലീക്ക് ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് യാത്ര മുടങ്ങുകയായിരുന്നു. 1975ൽ കലിഫോർണിയയിലാണ് റൂബിയോ ജനിച്ചത്. എൽ സാൽവദോറിൽ നിന്നുള്ളവരായിരുന്നു റൂബിയോയുടെ മാതാപിതാക്കൾ. പിൽക്കാലത്ത് യുഎസ് സൈന്യത്തിൽ ചേർന്ന റുബിയോ പൈലറ്റായി. ബോസ്നിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ യുദ്ധമേഖലകളിൽ റുബിയോ എത്തിയിട്ടുണ്ട്.

ലഫ്റ്റനന്റ് കേണൽ റാങ്കിലുള്ള സൈനിക ഓഫിസറായ അദ്ദേഹം ആർമി അച്ചീവ്മെന്റ് മെഡൽ, ബ്രോൺസ് സ്റ്റാർ, മെറിറ്റോറിയസ് സർവീസ് മെഡൽ തുടങ്ങിയ മെഡലുകൾ നേടിയിട്ടുണ്ട്. 2017ലാണ് നാസയുടെ ആസ്ട്രനോട്ട് ഗ്രൂപ്പ് 22 സംഘത്തിൽ റുബിയോ അംഗമായത്. പിന്നീട് 2 വർഷം ബഹിരാകാശ യാത്രാ പരിശീലനം നേടി. ഡെബോറയാണ് ഫ്രാങ്ക് റുബിയോയുടെ ഭാര്യ. 4 മക്കളുണ്ട്.

 

English Summary: Record-breaking astronaut Frank Rubio finally returns to Earth after accidentally spending 371 days in space

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com