'ഇത്തിരി നേരം ഇരിക്കണേ...'; ചടങ്ങുകള്‍ക്ക് എത്തിയവരെ അഭിസംബോധന ചെയ്ത് 'പരേതൻ' സംസാരിക്കും!
Mail This Article
മരണാനന്തര ചടങ്ങുകള്‍ക്ക് എത്തിയവരെ അഭിസംബോധന ചെയ്ത് മരിച്ചു പോയ ആള് തന്നെ സംസാരിക്കും. മരണമടയുന്നവരുടെ ഡി.എന്‍.എ വഹിക്കുന്ന തിളങ്ങുന്ന കൂണുകള്‍ മരണശേഷം സംസ്ക്കരിച്ച മണ്ണില്‍ മുളച്ചു വരും. മരണാനന്തര ചടങ്ങുകള്‍ക്കെത്തിയവര്‍ക്ക് വേണമെങ്കില്‍ മരിച്ചയാളുടെ ഡിജിറ്റല്‍ ഇരട്ടയെ സ്വന്തം സ്മാര്‍ട്ട്ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ ഡൗണ്‍ലോഡു ചെയ്യാം. ഇങ്ങനെയൊക്കെയായി മനുഷ്യരുടെ ശവസംസ്ക്കാര ചടങ്ങുകള്‍ വരും വര്‍ഷങ്ങളില്‍ മാറി മറിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരു വ്യക്തിയുടെ മരണം അയാളെ ഇഷ്ടപ്പെടുന്ന വ്യക്തികള്‍ക്ക് കൂടിച്ചേരാനുള്ള അവസരമാവുമെങ്കിലും അയാളുടെ സാന്നിധ്യം തുടരാന്‍ സാങ്കേതികവിദ്യകള്‍ സഹായിക്കും. മരിച്ച ശേഷവും സ്നേഹിതര്‍ക്കും ബന്ധുക്കള്‍ക്കും ആ വ്യക്തിയുമായി സംസാരിക്കാനുള്ള സാധ്യതയാണ് നിര്‍മിത ബുദ്ധി നല്‍കുന്നത്. മരിച്ചയാളുടെ സാന്നിധ്യം ആഗ്രഹിക്കുന്ന ജീവിതത്തിന്റെ ഏതു സന്ദര്‍ഭങ്ങളിലും നിങ്ങള്‍ക്ക് ഈ ഡിജിറ്റല്‍ ഇരട്ടയെ ഉപയോഗിക്കാം. മരിച്ചയാളുടെ അതേ ശബ്ദത്തിലും ഭാവങ്ങളിലും ഡിജിറ്റല്‍ രൂപം നമ്മളോട് സംവദിക്കും. നമ്മളില്‍ ആരുടേയും ഇങ്ങനെയൊരു ഡിജിറ്റല്‍ ഇരട്ടയെ നിര്‍മിക്കാന്‍ ആവശ്യമായ ശബ്ദവും ദൃശ്യവുമെല്ലാം ഇതിനകം തന്നെ ഇന്റര്‍നെറ്റിലെത്തിയിട്ടുണ്ട്.
മരിച്ചയാളുടെ ഡി.എന്‍.എയുള്ള മരങ്ങളോ കൂണുകളോ ഫംഗസുകളോ മറ്റോ വികസിപ്പിക്കാനും ശാസ്ത്രത്തിന് സാധിക്കും. ഏതെങ്കിലും മനുഷ്യന്റെ ഡി.എന്‍.എ വിവരങ്ങള്‍ പേറുന്ന മരങ്ങള്‍ 2004ല്‍ തന്നെ ശാസ്ത്രജ്ഞര്‍ നിര്‍മിച്ചെടുത്തിട്ടുണ്ട്. മനുഷ്യ ജനിതക വിവരങ്ങള്‍ പേറുന്ന തിളങ്ങുന്ന കൂണുകള്‍ നിറഞ്ഞ ശവകുടീരങ്ങളും നിര്‍മിക്കാനാവും. മരിച്ചയാളുകളുടെ ജനിതക തെളിവുകള്‍ പേറുന്ന ജീവനുള്ള സ്മാരകങ്ങള്‍ എന്ന ആശയത്തിന് വലിയ പ്രചാരം ലഭിക്കാനുള്ള സാധ്യത ഏറെയാണ്.
മരണാനന്തര ചടങ്ങുകളില്‍ വെര്ച്ചുലി പങ്കെടുക്കുക എന്ന ആശയം കൂടുതലായി പ്രാവര്‍ത്തികമായത് കോവിഡിന്റെ കാലത്താണ്. ഇതിന്റെ തുടര്‍ച്ച വരും വര്‍ഷങ്ങളില്‍ സംഭവിച്ചേക്കാം. അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ആശയവിനിമയം നടത്തിയിരുന്ന രീതിയിലല്ല ഇപ്പോള്‍ മനുഷ്യന് ആശയവിനിമയം നടത്തുന്നത്. ഒരു അമ്പതു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഏതു രീതിയിലാവും നമ്മുടെ ആശയവിനിമയമെന്നും പറയാനാവില്ല. നിര്‍മിത ബുദ്ധിയുടേയും മറ്റു സാങ്കേതികവിദ്യകളുടേയും പ്രയോഗം മരണാനന്തര ചടങ്ങുകളില്‍ കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത തള്ളാനാവില്ല.
മരിച്ചവരെ മണ്ണില്‍ കുഴിച്ചിടുന്നതിനും ദഹിപ്പിക്കുന്നതിനുമൊക്കെ പകരം തണുപ്പിച്ചു സൂക്ഷിച്ചാലോ? 2050 ആകുമ്പോഴേക്കും അങ്ങനെയൊരു രീതി കൂടി വ്യാപകമാവുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ അല്‍കോര്‍ ക്രയോണിക്സ് എന്ന കമ്പനി ഈ സേവനം നല്‍കുന്നുണ്ട്. ഏറെ പണച്ചിലവുള്ള ഈ സേവനം സ്വീകരിച്ചവരാണ് ടെക് രംഗത്തെ കോടീശ്വരന്മാരായ പീറ്റര്‍ തിയേലും റേ കുസ്വെയിലും. ഭാവിയില്‍ ശാസ്ത്രം കൂടുതല്‍ പുരോഗമിക്കുമ്പോള്‍ ഈ ശരീരത്തിലേക്ക് വീണ്ടും ജീവന് വെപ്പിക്കാനുള്ള സാധ്യതകളും ഇങ്ങനെയൊരു സംസ്കാര ചടങ്ങ് സ്വീകരിക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നുണ്ട്.