ADVERTISEMENT

നൊബേൽ പുരസ്‌കാരങ്ങളിലെ രസതന്ത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. നാനോടെക്നോളജിയിൽ വിപ്ലവത്തിനു വഴിവച്ച ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനു കാരണക്കാരായ മൗംഗി ബാവേണ്ടി(62), ല്യൂയി ബ്രസ്(80), അലക്സി എകിമോവ്(62) എന്നീ ശാസ്ത്രജ്ഞർക്കാണ് പുരസ്കാരം ലഭിച്ചത്.

 

ഈ നൊബേലിന് ഒട്ടേറെപേർക്ക് സാധ്യത കൽപിക്കപ്പെട്ടിരുന്നു. ഇക്കൂട്ടിൽ പ്രമുഖനായ ഒരിന്ത്യൻ വംശജനുമുണ്ടായിരുന്നു. കേംബ്രിജ് സർവകലാശാലയിലെ ഗവേഷകനും നിരവധി അവാർഡുകളുടെ സ്വീകർത്താവുമായ സർ ശങ്കർ ബാലസുബ്രഹ്‌മണ്യൻ. നൊബേൽ സമ്മാനങ്ങൾ പ്രവചിക്കുന്ന ക്ലാരിവേറ്റ് ഉൾപ്പെടെ സ്ഥാപനങ്ങൾ ഇദ്ദേഹത്തിനു സാധ്യത കൽപിച്ചിരുന്നു.

 

ജനിതക രസതന്ത്രമാണ് സർ ശങ്കറിന്‌റെ പ്രധാന പഠനമേഖല. ജീൻ എഡിറ്റിങ്ങിൽ അദ്ദേഹവും സംഘവും ശ്രദ്ധേയമായ കണ്ടെത്തൽ നടത്തിയതായിരുന്നു ഇതിനു കാരണമായത്. ഡോക്ടർമാർക്ക് അസുഖങ്ങൾ പെട്ടെന്നു തന്നെ കണ്ടെത്താൻ വഴിയൊരുക്കുന്നതാണ് ഈ കണ്ടെത്തൽ. ജീനോം സ്വീകൻസിങ്ങിലെ ഈ പുതിയ മുന്നേറ്റം ശൈശവ അവസ്ഥയിൽ തന്നെ ഒരാളുടെ ജനിതകത്തകരാറുകളും ബുദ്ധിപരവും ആരോഗ്യപരവുമായ കുഴപ്പങ്ങളും വളരെ കൃത്യതയോടെ ഡോക്ടർമാർക്കു മനസ്സിലാക്കാൻ അവസരം നൽകുന്നതാണ്. ഇതനുസരിച്ച് പരിഹാരമാർഗങ്ങൾ നേരത്തെ തന്നെ അവലംബിച്ചാൽ 120 വയസ്സ് വരെ മനുഷ്യർക്ക് ആരോഗ്യത്തോടെ ജീവിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു.

 

ഓരോ വ്യക്തിയുടെയും ജനിതകഘടനയ്ക്ക് അനുസൃതമായ 'പേഴ്‌സണലൈസ്ഡ് മെഡിസിൻ' വികസിപ്പിക്കാനും ശങ്കർ നേതൃത്വം നൽകുന്ന കേംബ്രിജ് എപിജെനിറ്റിക്‌സ് എന്ന കമ്പനിക്ക് ഉദ്ദേശമുണ്ട്. 2000ൽ ആണ് ജനിതക സീക്വൻസിങ് ആദ്യമായി നടത്തിയത്. ഒരു ബില്യൺ യുഎസ് ഡോളർ ചെലവിലായിരുന്നു അത് നിർവഹിച്ചത്. അക്കാലത്തു നിന്നു ശാസ്ത്രലോകം വളരെയേറെ മുന്നേറിയിരിക്കുന്നു. ഇന്ന് 1000 ഡോളർ ചെലവിൽ ഈ പ്രക്രിയ നിർവഹിക്കാം. വളരെപ്പെട്ടെന്ന് 48 ജീനോമുകൾ സീക്വൻസ് ചെയ്യാനും ഇന്നു കഴിയും.

 

1966ൽ ചെന്നൈയിൽ ജനിച്ച ശങ്കർ ഒരു വയസ്സുള്ളപ്പോൾ തന്നെ മാതാപിതാക്കൾക്കൊപ്പം ബ്രിട്ടനിലെത്തി. അവിടെ ചെഷയർ എന്നു സ്ഥലത്തു ജീവിച്ച അദ്ദേഹം ഡാറിസ്ബറി പ്രൈമറി സ്‌കൂൾ, ബ്രിജ്‌വാട്ടർ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്നു സ്‌കൂൾ വിദ്യാഭ്യാസം നേടി.തുടർന്ന് കേംബ്രിജ് സർവകലാശാലയുടെ കീഴിലുള്ള ഫിറ്റ്‌സ്വില്യം കോളജിൽ നിന്നു ശാസ്ത്രബിരുദം. പിന്നീട് കേംബ്രിജ് സർവകലാശാലയിൽ നിന്നു തന്നെ പിഎച്ച്ഡിയും കരസ്ഥമാക്കി.

ഡോക്ടറേറ്റ് നേടിയശേഷം യുഎസിലെ പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷകനായാണു കരിയറിന്‌റെ തുടക്കം.

 

1994ൽ ബ്രിട്ടനിൽ തിരിച്ചെത്തിയ അദ്ദേഹം കേംബ്രിജിലെ അധ്യാപകനും ഗവേഷകനുമായി. 2008 മുതൽ മെഡിസിനൽ കെമിസ്ട്രിയിൽ പ്രഫസറും റിസർച് ഡയറക്ടറുമാണ്.ബ്രിട്ടിഷ് പാർലമെന്‌റിലെ ലിബറൽ ഡെമോക്രാറ്റ് പാർട്ടി അംഗമായ ജൂലിയൻ ഹൂപെർട് അദ്ദേഹത്തിന്‌റെ വിദ്യാർഥിയായിരുന്നു.ന്യൂക്ലിക് ആസിഡുകളുമായി ബന്ധപ്പെട്ടാണ് ശങ്കറിന്‌റെ പ്രവർത്തനമേഖല.

 

മൂന്നു പതിറ്റാണ്ടിലേറെയുള്ള തന്‌റെ ഗവേഷണജീവിതത്തിൽ ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹം നേടി.കോർഡേ മോർഗൻ പ്രൈസ്, ടെട്രാഹീഡ്രൻ പ്രൈസ്, റോയൽ മെഡൽ എന്നിവ ഇവയിൽ ചിലത്.വൈദ്യശാസ്ത്രത്തിനു നൽകിയ സ്തുത്യർഹമായ സംഭാവനകൾ പരിഗണിച്ച് 2017ൽ ബ്രിട്ടൻ, സർ സ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com