ദൂരെ ദൂരെ സ്വതന്ത്രമായി വിഹരിച്ച് 40 ജംബോ ഗ്രഹങ്ങൾ; നക്ഷത്രങ്ങളുമായി യാതൊരു ബന്ധവുമില്ല
Mail This Article
സൗരയൂഥം എന്ന ഗ്രഹസംവിധാനത്തിലെ ഒരംഗമാണ് നമ്മുടെ ഗ്രഹമായ ഭൂമി. സൗരയൂഥത്തിൽ ഭൂമി കൂടാതെ ഗ്രഹങ്ങളുണ്ടെന്നും നമുക്കറിയാം. സൗരയൂഥത്തിന്‌റെ കേന്ദ്രം സൂര്യനാണ്. ഈ നക്ഷത്രത്തിന്‌റെ ആകർഷണത്തിൽ ബന്ധിക്കപ്പെട്ടാണ് ഇവിടെ ഗ്രഹങ്ങൾ കറങ്ങുന്നത്. നാസ വിക്ഷേപിച്ച ലോകത്തെ ഏറ്റവും ശക്തമായ ബഹിരാകാശ ടെലിസ്‌കോപ്പായ ജയിംസ് വെബ് ഇപ്പോഴൊരു ഗംഭീര കണ്ടെത്തലുമായി രംഗത്തു വന്നിരിക്കുകയാണ്.
വ്യാഴഗ്രഹത്തിന്‌റെ വലുപ്പമുള്ള വലിയ കുറേ ഗ്രഹങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്നു. രണ്ടു ഗ്രഹങ്ങൾ വീതം ദ്വന്ദങ്ങളായാണ് ഇവയുടെ ചലനം. ജൂപ്പിറ്റർ മാസ് ബൈനറി ഓബ്ജക്ട് അഥവാ ജംബോകൾ എന്നാണ് ഇവയ്ക്ക് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്.ശ്രദ്ധേയമായ കാര്യമെന്തെന്നാൽ, ഭൂമിക്ക് സൂര്യൻ പോലെ ഒരു നക്ഷത്രവുമായി ഈ ഗ്രഹങ്ങൾക്ക് ബന്ധമില്ല.
എന്തുകൊണ്ടാകാം ഇവയിങ്ങനെ സ്വതന്ത്രമായി വിഹരിക്കുന്നത് എന്നതു സംബന്ധിച്ച് പല വാദങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്. ഈ ഗ്രഹങ്ങൾ യഥാർഥത്തിൽ ഏതോ നക്ഷത്രത്തിനു ചുറ്റും സ്ഥിതി ചെയ്തതാകാം എന്നാൽ പിന്നീട് ഇവ തദ്സ്ഥാനത്തുനിന്ന് വിവിധ ശക്തികളുടെ പ്രവർത്തനത്താൽ തെറിച്ചതാകാം തുടങ്ങി ഒട്ടേറെ വാദങ്ങളുണ്ട്.
ഇതുവരെ പരിചിതമല്ലാത്ത പ്രാപഞ്ചിക മേഖലകളാണ് ജയിംസ് വെബ് കാട്ടിത്തരുന്നതെന്നും ഇനിയും കൂടുതൽ രഹസ്യങ്ങൾ ഇതു വെളിപ്പെടുത്തുമെന്നുമാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. 2021 ഡിസംബറിലാണ് ജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിനെ നാസ ബഹിരാകാശത്തേക്ക് അയച്ചത്. 74,150 കോടി രൂപ ചെലവുള്ള ജയിംസ് വെബ് സ്ഥിതി ചെയ്യുന്നത് ഭൂമിയിൽ നിന്ന് 16 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ2 ഭ്രമണപഥത്തിലാണ്.
ഈ ഭ്രമണപഥത്തിലെത്തിച്ചേർന്ന ശേഷം ടെലിസ്കോപ്പിന്റെ 6.5 മീറ്റർ വലുപ്പമുള്ള വമ്പൻ കണ്ണാടി പൂർണമായി വിടർന്നു. ഒറിഗാമി ശൈലിയിൽ മടക്കി അയച്ച ടെലിസ്കോപ്പിന്റെ എല്ലാ ഭാഗങ്ങളും ഇതോടെ പൂർണരൂപം പ്രാപിച്ചു ബഹിരാകാശത്ത് നിലവിൽ സ്ഥിതി ചെയ്യുന്ന ഹബ്ബിൾ ടെലിസ്കോപ്പിന്റെ പിൻഗാമിയെന്ന നിലയിലാണ്, ഹബ്ബിളിനേക്കാൾ 100 മടങ്ങ് ശേഷിയുള്ള ജയിംസ് വെബ് വിക്ഷേപിച്ചത്.
ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ ജയിംസ് വെബ് ഇതിനിടെ നേടി. ഭൂമിയിൽനിന്ന് 1150 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന പുറംഗ്രഹമായ വാസ്പ് 96ബിയുടെ അന്തരീക്ഷത്തിൽ ജയിംസ് വെബ് ടെലിസ്കോപ് ജലസാന്നിധ്യം നിർണയിച്ചത് അന്യഗ്രഹജീവൻ, ഭൗമസാഹചര്യമുള്ള വാസയോഗ്യമായ മറ്റു ഗ്രഹങ്ങൾ എന്നിവയുടെ കണ്ടെത്തലുകളിലേക്കുള്ള ആദ്യപടിയാണെന്നു വിലയിരുത്തപ്പെട്ടു. വാസ്പ് 96ബി വാസയോഗ്യമല്ലെങ്കിലും ഭാവിയിൽ വാസയോഗ്യമായ ഇടങ്ങൾ ഇത്തരത്തിൽ ജയിംസ് വെബ് ക്യാമറയിൽ പതിയുമെന്ന് ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
2022 ജൂലൈ 13നാണ് ജയിംസ് വെബ് ഒപ്പിയെടുത്ത ദൃശ്യങ്ങൾ സംയോജിപ്പിച്ചുള്ള ആദ്യചിത്രങ്ങൾ നാസ പുറത്തുവിട്ടത്. പ്രപഞ്ചസൃഷ്ടിയുടെ മഹാരഹസ്യങ്ങളിലേക്കുതന്നെ വെളിച്ചം വീശുന്ന 460 കോടി വർഷം മുൻപുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങൾ വരെ ഇവയിലുണ്ടായിരുന്നു. ചിത്രങ്ങളിൽ ഒന്ന് ആകാശത്തെ ഏറ്റവും തിളക്കമേറിയതും വലുപ്പമുള്ളതുമായ കാരിന നെബുലയായിരുന്നു. ഭൂമിയിൽ നിന്ന് 7600 പ്രകാശവർഷങ്ങൾ അകലെയാണ് കാരിന.