തീജ്വാലയ്ക്കും ലാവയ്ക്കും പകരം, ഐസ് പുറത്തുവരുന്ന 'അഗ്നിപർവതം'; വിസ്മയങ്ങൾ ഇങ്ങനെ
Mail This Article
പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ...സൗരയൂഥത്തിന്‌റെ വിദൂരമേഖലയിലുള്ള നമ്മോട് ഏറ്റവും അകലെയുള്ള ഗ്രഹമായിരുന്നു ഒരു കാലത്ത് പ്ലൂട്ടോ. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് ചോദിച്ചാൽ ഒൻപത് എന്നുത്തരം പറഞ്ഞിരുന്ന ഒരു കാലം. ശുക്രനിൽ തുടങ്ങി പ്ലൂട്ടോയിൽ അവസാനിച്ചു ആ ഗ്രഹപരമ്പര. എന്നാൽ ഇടയ്ക്ക് ശാസ്ത്രജ്ഞർ തീരുമാനിച്ചു, പ്ലൂട്ടോ ഒരു ഗ്രഹമല്ലത്രേ, ഇതോടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എട്ടായിമാറി. എങ്കിലും പ്ലൂട്ടോ ഇന്നും നമുക്ക് പ്രിയപ്പെട്ടവൻ തന്നെ.
ഇപ്പോഴിതാ പ്ലൂട്ടോയെക്കുറിച്ച് അത്യന്തം കൗതുകകരമായ ഒരു കാര്യം വെളിയിൽ വന്നിരിക്കുകയാണ്. പ്ലൂട്ടോയുടെ ഉപരിതലത്തിൽ ഒരു വമ്പൻ പർവതമുണ്ടത്രേ. നമ്മുടെ ഭൂമിയിലെ അഗ്നിപർവതങ്ങളെപ്പോലുള്ള ഒന്ന്. ഒരു വ്യത്യാസമുണ്ട്. അഗ്നിപർവതത്തിൽ പുകയും ലാവയുമൊക്കെയാണു പുറന്തള്ളപ്പെടുന്നതെങ്കിൽ പ്ലൂട്ടോയിലെ ഈ അഗ്നിപർവതത്തിൽ നിന്നു പുറത്തെത്തുക ഐസാണ്.
കിലാഡ്‌സി എന്നാണ് ഈ പർവതത്തിന്‌റെ പേര്. പ്ലൂട്ടോയെ നിരീക്ഷിച്ചുകൊണ്ടിരുന്ന നാസയുടെ ന്യൂഹൊറൈസൻസ് എന്ന പേടകമാണ് വിവരങ്ങൾ നൽകിയത്. ക്രയോ ലാവ എന്നാണ് ഈ അഗ്നിപർവതത്തിൽ നിന്നു പുറത്തെത്തുന്ന വസ്തുവിന് പറയുന്ന പേര്. സാങ്കേതികമായി പറഞ്ഞാൽ ക്രയോ വോൾക്കാനോ എന്ന ഗണത്തിൽപെടുന്നതാണ് കിലാഡ്‌സി, അമോണിയ, മീഥെയ്ൻ തുടങ്ങിയവ വാതകരൂപത്തിൽ ഇത്തരം പർവതങ്ങളിൽ നിന്നു പുറത്തെത്തും. പുറത്ത് അതിശൈത്യമായതിനാൽ ഇവ തണുത്തുറഞ്ഞ് ഐസ് രൂപത്തിലാകും.
ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ,സിരീസ് ചെറുഗ്രഹം തുടങ്ങിയവയിലൊക്കെ ഇത്തരം പർവതങ്ങൾ കണ്ടെത്തിയിട്ടുണ്ട് നേരത്തെ. കിലാഡ്‌സിയിൽ നിന്നു പുറത്തെത്തുന്ന ദ്രാവക വസ്തുക്കളിൽ അമോണിയയും വെള്ളവും അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.എങ്ങനെയാണ് പ്ലൂട്ടോയിൽ ഈ വെള്ളം എത്തിയത്. പ്ലൂട്ടോയ്ക്ക് ഒരു കാലത്ത് ഉള്ളിൽ സമുദ്രം ഉണ്ടായിരുന്നെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.ഈ സമുദ്രം തണുത്തുറഞ്ഞിരിക്കാം. എന്നാൽ ചിലയിടങ്ങളിലെങ്കിലും വെള്ളവും അമോണിയയുമടങ്ങിയ മിശ്രിതങ്ങൾ നിലനിൽക്കുന്നുണ്ടാകാം. ഇവയാണ് കിലാഡ്‌സി പോലുള്ള തുറന്ന സ്ഥലങ്ങളിൽ കൂടി പുറത്തെത്തുന്നതെന്ന് ഗവേഷകർ പറയുന്നു.
ഒരുകാലത്ത് നമ്മുടെ സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹമായി കണക്കാക്കപ്പെട്ടിരുന്ന പ്ലൂട്ടോ, നെപ്റ്റിയൂണിനപ്പുറത്തുള്ള ഒരു പ്രദേശമായ കൈപ്പർ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുഗ്രഹമാണ് (ഡ്വാർഫ് പ്ലാനറ്റ്)്. 1930-ൽ ജ്യോതിശാസ്ത്രജ്ഞനായ ക്ലൈഡ് ടോംബോഗ് പ്ലൂട്ടോയെ കണ്ടെത്തി. 2006ൽ ഇന്റർനാഷനൽ ആസ്‌ട്രോണമിക്കൽ യൂണിയൻ (IAU) അതിനെ കുള്ളൻ ഗ്രഹമായി തരംതാഴ്ത്തുന്നതുവരെ ഏകദേശം 76 വർഷത്തോളം പ്ലൂട്ടോ ഗ്രഹനില നിലനിർത്തി. ഏകദേശം 2,377 കിലോമീറ്റർ വ്യാസമുള്ള ഗോളമാണ് പ്ലൂട്ടോ. ഇത് ഭൂമിയുടെ ചന്ദ്രന്റെ മൂന്നിൽ രണ്ട് വലുപ്പം മാത്രമാണ്. പ്ലൂട്ടോയുടെ ഉപരിതലത്തിൽ നൈട്രജൻ, മീഥേൻ, കാർബൺ മോണോക്‌സൈഡ് എന്നിവയുൾപ്പെടെ വിവിധ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു.
പ്ലൂട്ടോയുടെ ഏറ്റവും കൗതുകകരമായ ഒരു സവിശേഷത സങ്കീർണവും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമായ അന്തരീക്ഷമാണ്. നൈട്രജൻ സമ്പുഷ്ടമായ അന്തരീക്ഷമാണ് പ്ലൂട്ടോയ്ക്ക്.നാസയുടെ ന്യൂ ഹൊറൈസൺസ് പേടകം പ്ലൂട്ടോയെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകിയിട്ടുണ്ട്.
പർവതങ്ങളും സമതലങ്ങളും ഐസ് ഫീൽഡുകളും ഉള്ള വൈവിധ്യമാർന്ന പ്രദേശങ്ങൾ ഇതു വെളിപ്പെടുത്തി.സൗരയൂഥത്തിന്റെ പുറംഭാഗങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണയും ഇതു കൂട്ടി. കൈപ്പർ ബെൽറ്റിന്റെയും ആദ്യകാല സൗരയൂഥത്തിന്റെയും നിഗൂഢതകളിലേക്കുള്ള ഒരു കണ്ണിയെ പ്രതിനിധീകരിക്കുന്ന പ്ലൂട്ടോ ജ്യോതിശാസ്ത്രജ്ഞർക്ക് ആകർഷകമായ പഠന വസ്തുവായി തുടരുന്നു.